"പാടിടട്ടെ സുസ്വതന്ത്രകണ്‌ഠമുയര്‍ത്തെങ്ങള്‍
പാടലമാം നിന്റെ കീര്‍ത്തി തലമുറകള്‍ക്കായി
എങ്കിലെന്തീഹര്‍ഷ ബിന്ദു തങ്കുമോനിന്‍ കാതില്‍
മംഗളാത്മനേ, മുഹമ്മദ് അബ്‌ദു റഹ്‌മാനേ." ഇന്ത്യാ ചരിത്രത്തില്‍ എന്നും ജാതിയും മതവും നിര്‍ണ്ണായക ഘടകങ്ങായിരുന്നു. ചിലര്‍ ഇതിനെ കുമാര്‍ഗ്ഗങ്ങളിലേയ്‌ക്ക് തിരിച്ചു വിടുമ്പോള്‍ അതിനു തടയിട്ടുകൊണ്ട് അതാതു ജനവിഭാഗങ്ങളില്‍ നിന്നു തന്നെ സുസമ്മതനായ ഒരു നേതാവ്, ദേശസ്‌നേഹിയായ നേതാവ് ഉയര്‍ന്നു വരുന്നത് സാധാരണമാണ്. അവന്‍ ദേശീയ വികാരമുള്‍ക്കൊണ്ട് ദേശത്തിനാകമാനം പ്രിയങ്കരരായി മാറുന്നു. മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ സാഹിബിനെക്കുറിച്ചു പറയുമ്പോഴും ഇതുതന്നെ പറയാം. ദേശീയ മുസല്‍മാന്റെ, അല്ലെങ്കില്‍ ദേശീയതയുടെ തന്നെ പ്രതീകമായിരുന്നു അദ്ദേഹം. ഖിലാഫത്ത് കലാപത്തിന്റെ കാലത്തും അതിനു ശേഷവും അക്രമ വിരുദ്ധവും ദേശാഭിമാന പ്രചോദിതവും മതനിരപേക്ഷവുമായ സമീപനങ്ങളിലൂടെയാണ് അദ്ദേഹം മലബാറിന്റെ മനസ്സ് കീഴടക്കിയത്.കൊടുങ്ങല്ലൂരില്‍ അഴിക്കോട്ടെ പ്രമുഖമായ കറുകപ്പാടം തറവാട്ടിലായിരുന്നു അബ്‌ദു റഹ്‌മാന്‍ സാഹിബിന്റെ ജനനം.1898-ല്‍ അഴീക്കോട് പ്രൈമറി സ്‌കുളിലും കൊടുങ്ങല്ലൂര്‍ ഹൈസ്‌കുളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വാണിയമ്പാടിയിലെ മദ്രസഇസ്ലാമിയയില്‍ ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന് മദ്രാസ് മുഹമ്മദന്‍സ് കോളേജിലും മദ്രാസ് പ്രിസിഡന്‍സി കോളേജിലും ജാമിയ മില്ലിയ യുണിവേഴ്‌സിറ്റിയിലും പഠനം നടത്തി. തുടര്‍ന്ന് കോണ്‍ഗ്രസ്സിലൂടെ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി .
മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനമാരംഭിക്കുമ്പോള്‍ അതിന് കോണ്‍ഗ്രസ്സിന്റെ പിന്തുണ ഉണ്ടായിരുന്നു. ആ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ ആദ്യഘട്ടത്തില്‍ അബ്‌ദുറഹ്‌മാന്‍ സാഹിബും പങ്കെടുത്തു. അപ്പോഴും അദ്ദേഹത്തിന്റെ വഴി സമാധാനത്തിന്റേതും അഹിംസയുടേതുമായിരുന്നു. ഇതര മതസ്ഥരെ ഒരു വിധത്തിലും ദ്രോഹിക്കുന്ന രീതിയില്‍ സമരമുണ്ടാകാതിരിക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. എന്നാല്‍ ഈ ദേശീയവാദി നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുകയും സമര നേതൃത്വം വിധ്വംസക പ്രവര്‍ത്തകര്‍ കയ്യടക്കുകയും ചെയ്‌തതോടെ ആ ലഹള മറ്റൊരു വഴിയിലേയ്‌ക്ക് നയിക്കപ്പെട്ടു. അതുവഴി മലബാറിലുണ്ടായ സാമൂദായികമായ വിടവ് നികത്തുന്നതില്‍ അബ്‌ദുറഹ് മാന്‍ സാഹിബിന്റെ സംഭാവന മഹത്തരമായിരുന്നു.
ഇസ്ലാം വിശ്വാസികളെ ദേശീയ ധാരയിലേയ്‌ക്കു കൊണ്ടുവരുന്നതിനും അവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് 1928 ല്‍ അദ്ദേഹം അല്‍ അമീന്‍ എന്ന പത്രം ആരംഭിക്കുന്നത്. ആ വര്‍ഷത്തെ നബി ദിനമായ ഒക്‌ടോബര്‍ 12-ന് പ്രസിദ്ധീകരണമാരംഭിച്ച അല്‍ അമീന്‍ ആദ്യഘട്ടത്തില്‍ ഒരു ത്രൈവാരികയായിരുന്നു. പിന്നീട് 1930 ജൂണ്‍ 25 മുതല്‍ അതൊരു ദിനപത്രമായി പുറത്തുവന്നു തുടങ്ങി. ഇടയ്‌ക്കു നിന്നും വീണ്ടും തുടര്‍ന്നും പ്രവര്‍ത്തിച്ച ഈ പ്രസിദ്ധീകരണം 1933സെപ്‌തംബര്‍ 29 വരെ മാത്രമേ പുറത്തിറങ്ങിയുള്ളൂ.കെ.പി. കേശവ മേനോന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാതൃഭൂമി പത്രം ലക്ഷ്യംവെച്ചമട്ടിലുള്ള ഒരു ദേശീയോദ്‌ഗ്രഥന ശ്രമം തന്നെയായിരുന്നു അല്‍ അമീനിലുടെ അബ്‌ദു റഹ്‌മാന്‍ സാഹിബും ഉദ്ദേശിച്ചത്. അത്തരം ഒരു ലക്ഷ്യത്തിന് സാര്‍ത്ഥകമായ സംഭാവനകള്‍ നല്‌കാന്‍ അല്‍ അമീനും കഴിഞ്ഞു.
1930-ലെ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട്ട് ഉപ്പുകുറുക്കാനിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കൊടുത്തത് അബ്‌ദുറഹ്‌മാന്‍ സാഹിബായിരുന്നു. അവിടെ വച്ച് സാഹിബിനെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്‌ത് 9 മാസത്തെ തടവിനു ശിക്ഷിക്കുകയും ചെയ്‌തു. വെല്ലൂരിലും ബെല്ലാരിയിലുമായി അദ്ദേഹം ഈ തടവുശിക്ഷ അനുഭവിച്ചു.
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അന്ത്യമായപ്പോഴേയ്‌ക്കും മലബാറിലെ കോണ്‍ഗ്രസ്സില്‍ മുന്നു ഗ്രുപ്പുകള്‍ സജീവമായിത്തീര്‍ന്നിരുന്നു. അബ്‌ദുള്‍ റഹ്‌മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ദേശീയ മുസ്ലീങ്ങള്‍ക്കു മേല്‍ക്കൈയുണ്ടായിരുന്ന ഒരു വിഭാഗം, ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി അഥവാ സി.എസ്.പി. എന്ന ഇടതുപക്ഷത്തിന്റെ മറ്റൊരു വിഭാഗം, ഗാന്ധിമാര്‍ഗ്ഗികളുടെ മൂന്നമത്തെ വിഭാഗം. ഈ മൂന്നു വിഭാഗങ്ങളും...................










