Pages

Friday, April 3, 2009

KALARIPPAYATTU കളരിപ്പയറ്റ്‌

കളരിപ്പയറ്റ്‌........







യുദ്ധവും സമാധാനവും ഏതു സമൂഹത്തിന്റെയും ആദിമചരിത്രം മുതല്‍ക്കുള്ള രണ്ട്‌ വിരുദ്ധ യാഥാര്‍ത്‌ഥ്യങ്ങളാണ്‌. നിലനില്‌പിനും വിനോദത്തിനും അധിനിവേശത്തിനും യുദ്ധങ്ങളുണ്ടായി. അത്‌ കാലാന്തരങ്ങളെ അതിജീവിച്ച്‌ നിത്യനൂതനമായി ഇന്നും തുടരുന്നു.യുദ്ധം പക്ഷേ, സമാധാനംപോലെ ഒരു നിശ്‌ചലാവസ്‌ഥയല്ല. അത്‌ നിഗൂഢവും സൂക്ഷ്‌മവുമായ ഒട്ടേറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ അതിജീവന യത്‌നമാണ്‌. അതുകൊണ്ടുതന്നെ ഓരോ യുദ്ധത്തിനും എതിരാളികളെ വെല്ലാനുതകുന്ന രീതിശാസ്‌ത്രവും വിദ്യയും ആയുധവും ഉണ്ടാകേണ്ടിവരുന്നു. ഓരോ ദേശത്തിനും ഓരോ സംസ്‌കാരത്തിനും ഈ വിധത്തില്‍ തനതായ ആയോധനമുറകളും ആയുധങ്ങളും ഉണ്ടായിരിക്കും. അത്തരത്തില്‍ കേരളത്തിന്റേതെന്നു പറയാവുന്ന ആയോധനമുറയാണ്‌ കളരിപ്പയറ്റ്‌.അസാധാരണമായ ശ്രദ്ധയും മെയ്‌വഴക്കവും നിരന്തര പരിശീലനവും ആവശ്യമുള്ള കളരിപ്പയറ്റ്‌ കേരളത്തിന്റെ വീരചരിത്രത്തിന്റെ ചലനാനുഭവം തന്നെയാണ്‌. ചുരികകൊണ്ടും ഉറുമികൊണ്ടും കളരിത്തറകളിലും അങ്കക്കളങ്ങളിലും യുദ്ധഭൂമിയിലും വിസ്‌മയം സൃഷ്‌ടിച്ച എത്രയെത്ര വീരന്മാരാണ്‌ നമ്മുടെ ചരിത്രത്തിലും സാഹിത്യകൃതികളിലും നിറഞ്ഞുതുളുമ്പുന്നത്‌! ഇങ്ങനെ, ഒരിരുമ്പിന്‍ തകിടുകൊണ്ട്‌ കരയേയും കാലത്തേയും കീഴടക്കിയ ഈ വീരന്മാരുടെ ധീരസാഹസികതകള്‍ക്ക്‌ നിരന്തര പരിശീലനത്തിന്റെയും നിതാന്തശ്രദ്ധയുടെയും ഒരുപാട്‌ കഥകള്‍ പറയാനുണ്ടാവും.ആരംഭഘട്ടം മുതല്‍ അന്ത്യപാദം വരെയും സങ്കേതബദ്ധമാണ്‌ കളരിപ്പയറ്റ്‌. തികച്ചും വ്യവസ്‌ഥാപിതമായ ഒരു ചട്ടക്കൂടും ചിട്ടവട്ടങ്ങളും ഇതിനുണ്ട്‌. തച്ചോളി ഒതേനനെപ്പോലെയുള്ള വലിയ നിഷേധികള്‍ പോലും ഈ ചിട്ടവട്ടങ്ങള്‍ നിഷേധിക്കുവാന്‍ മുതിര്‍ന്നിട്ടില്ല. നേരും നെറിയും നേര്‍മ്മയും കളരിയുടെ പടിചവിട്ടുമ്പോള്‍ത്തന്നെ ശീലിച്ചുതുടങ്ങണമെന്നാണ്‌ വ്യവസ്‌ഥ.കളരി എന്ന വാക്കിന്‌ ഒന്നിലേറെ അര്‍ത്‌ഥങ്ങളുണ്ടെങ്കിലും മലയാളിയുടെ മനസ്സില്‍ രൂഢമൂലമായിട്ടുള്ള അര്‍ത്‌ഥം പടനായകന്മാര്‍ പയറ്റിത്തെളിയുന്ന പാഠശാല എന്നതുതന്നെ. ?ഖലൂരിക' എന്ന സംസ്‌കൃത പദത്തില്‍ നിന്നാണത്രേ കളരിയുടെ നിഷ്‌പത്തി. ഇതിന്‌ ആയോധന പരിശീലനശാല എന്നര്‍ത്‌ഥം. ചെറുകളരി അഥവാ കുഴിക്കളരി എന്നും അങ്കക്കളരി എന്നും കളരികള്‍ രണ്ടുവിധത്തിലുണ്ട്‌. നിത്യപരിശീലനത്തിനു വേണ്ടി സ്‌ഥിരമായി നിര്‍മ്മിച്ച്‌ നിലനിറുത്തുന്ന കളരികളാണ്‌ ചെറുകളരികള്‍ അഥവാ കുഴിക്കളരികള്‍. അവിടെ ഒരു ക്ഷേത്രത്തിന്റെ പരിശുദ്ധിയും അനുഷ്‌ഠാനരീതികളും പിന്‍തുടരുന്നു.അങ്കം നടത്തുന്നതിനു വേണ്ടി താത്‌കാലികമായി നിര്‍മ്മിക്കുന്ന കളരികളാണ്‌ അങ്കക്കളരികള്‍. ഇത്‌ പലപ്പോഴും തുറന്ന പ്രദേശത്ത്‌, ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്‌ അടുത്തും അകലെയുമിരുന്ന്‌ അങ്കം കാണാന്‍ സാധിക്കുന്ന മട്ടിലായിരിക്കും നിര്‍മ്മിച്ചിട്ടുണ്ടാവുക. ഒരു കളരി എങ്ങനെ നിര്‍മ്മിക്കണമെന്നും എന്തൊക്കെ അതില്‍ ഉള്‍ക്കൊള്ളിക്കണമെന്നും എങ്ങനെയെല്ലാം അവിടെ പെരുമാറണമെന്നും വ്യക്തമായ നിര്‍ദ്ദേശം പൂര്‍വികാചാര്യന്മാര്‍ നല്‌കിയിട്ടുണ്ട്‌. കളരിമുഖം കിഴക്കോട്ടാണ്‌ വേണ്ടത്‌. ഇങ്ങനെ കിഴക്ക്‌ മുഖമായി നില്‌ക്കുന്ന കളരിയുടെ കിഴക്കുപടിഞ്ഞാറ്‌ ഭാഗത്തിന്‌ നീളം 42 അടിയായിരിക്കണം. തെക്കുവടക്ക്‌ വീതിഭാഗം 21 അടി. ഇതാണ്‌ കളരിത്തറയുടെ അംഗീകൃത അളവ്‌. തറനിരപ്പില്‍ നിന്നും നാലടിയോളം കുഴിച്ചാണ്‌ കളരി നിര്‍മ്മിക്കേണ്ടത്‌. പിന്നെ, അസ്‌തിവാരം കെട്ടി, അതിനുമേല്‍ നാലടിയോളം ഉയരത്തില്‍ ചുമര്‍ കെട്ടിയുയര്‍ത്തുന്നു. കളരിയിലെ തൂണുകള്‍ക്കും അവ തമ്മിലുള്ള അകലത്തിനും പോലും കൃത്യമായ വ്യവസ്‌ഥകളുണ്ട്‌.കളരിപ്പയറ്റിന്‌ ദ്രോണംവെള്ളി, ഉഗ്രംവെള്ളി, കോരംവെള്ളി, ഉള്ളൂര്‍ തുരുത്തിയാട്‌ എന്നിങ്ങനെ നാല്‌ പരമ്പരകള്‍ ഉള്ളതായി രേഖകള്‍ കാണുന്നു. ഈ നാലു പരമ്പരകളില്‍ നിന്ന്‌ ഇരുപത്തിയൊന്ന്‌ ഗുരുക്കന്മാരും അവര്‍ക്ക്‌ ഇരുപത്തിയൊന്ന്‌ കളരികളുമുണ്ടായി. ഈ പൂര്‍വഗുരുക്കന്മാരുടെ ശിഷ്യന്മാര്‍ 108 കളരികള്‍ സ്‌ഥാപിച്ചു എന്ന്‌ വിശ്വസിക്കപ്പെടുന്നു.കേരളത്തിലെ പഴയകാല രാഷ്‌ട്രീയഘടകങ്ങള്‍ക്കനുസരിച്ച്‌ കളരിപ്പയറ്റിന്റെ രീതികള്‍ക്കും വ്യത്യാസമുണ്ടായിരുന്നു. വേണാടിനും മലനാടിനും തുളുനാടിനും വ്യത്യസ്‌തമായ ചിട്ടകള്‍ നിലവിലുണ്ട്‌. വേണാട്ടില്‍ കൈപ്രയോഗങ്ങള്‍, കുറുവടി പ്രയോഗം, കുന്തവടി അഥവാ നെടുവടി പ്രയോഗം, ചുരുട്ടുവാള്‍, കത്തി പ്രയോഗങ്ങളും നിലനിന്നപ്പോള്‍ മലനാട്ടില്‍ മെയ്‌പ്പയറ്റിനായിരുന്നു പ്രാധാന്യം. കോല്‍താരിപ്പയറ്റ്‌, വാള്‍താരിപ്പയറ്റ്‌, വെറുംകൈ പ്രയോഗം എന്നിവയും അവിടെ നിലനില്‌ക്കുന്നു.കളരി അഭ്യാസത്തില്‍ താത്‌പര്യമുള്ള ഒരാള്‍ക്ക്‌ ഏഴാംവയസ്സു മുതല്‍ അഭ്യാസം ആരംഭിക്കാം. എന്നാല്‍ മുതിര്‍ന്നതിനു ശേഷവും ചിലര്‍ പുതുതായി കളരിയില്‍ ചേര്‍ന്ന്‌ അഭ്യാസം ആരംഭിക്കാറുണ്ട്‌. അത്‌ അനുവദനീയമാണെങ്കിലും മെയ്‌വഴക്കവും ഗ്രഹണശേഷിയും കൂടുതലുണ്ടാകാന്‍ ഏഴാംവയസ്സില്‍ത്തന്നെ അഭ്യാസം ആരംഭിക്കുന്നതാണ്‌ നല്ലത്‌.കളരി അഭ്യാസത്തിന്റെ അടിസ്‌ഥാനഘടകമാണ്‌ ചുവടുകള്‍. ചുവടു പിഴച്ചാല്‍ എല്ലാം പിഴച്ചു എന്നാണ്‌ കളരിയുടെ ആപ്‌തവാക്യം. ആക്കച്ചുവട്‌, നീക്കച്ചുവട്‌ എന്നിങ്ങനെ ചുവടുകള്‍ രണ്ടു പ്രകാരത്തിലുണ്ട്‌. കാലുകള്‍ നിയമാനുസരണം ഉറപ്പിച്ച്‌ നിലകൊള്ളുന്നതാണ്‌ ആക്കച്ചുവട്‌. അഭ്യാസ നിയമപ്രകാരമുള്ള ഒരു ചാട്ടത്തിനോ ഒഴിച്ചിലിനോ വാങ്ങിമാറ്റത്തിനോ വേണ്ടി ഒരുങ്ങിനില്‌ക്കുന്നതാണ്‌ നീക്കച്ചുവട്‌. വട്ടക്കാല്‍ച്ചുവട്‌, നീട്ടിക്കാല്‍ച്ചുവട്‌, കോണ്‍കാല്‍ച്ചുവട്‌, ഒറ്റക്കാല്‍ച്ചുവട്‌ എന്നിങ്ങനെ ചുവടിന്റെ ഉള്‍പ്പിരിവുകള്‍ പലതുണ്ട്‌. ഓരോ ചുവടിനും അതതിന്റെ രീതിയും നിലയും ആവശ്യകതയുമുണ്ട്‌.ഈ പറഞ്ഞ ചുവടുകളില്‍ ചിലത്‌ അംഗീകരിച്ചുകൊണ്ട്‌ ആക്കത്തോടെ നിലയുറപ്പിക്കുന്ന സമ്പ്രദായത്തെ വടിവുകള്‍ എന്നു പറയുന്നു. ഗജ വടിവ്‌, സിംഹ വടിവ്‌, അശ്വ വടിവ്‌, വരാഹ വടിവ്‌, സര്‍പ്പ വടിവ്‌, മാര്‍ജാര വടിവ്‌, കുക്കുട വടിവ്‌, മത്സ്യ വടിവ്‌ എന്നിങ്ങനെ വടിവുകളുടെ എട്ടു സ്‌ഥാനക്രമങ്ങള്‍ കളരിയഭ്യാസത്തിന്‌ നിബന്‌ധിച്ചിരിക്കുന്നു. പക്ഷിമൃഗാദികളുടെ ആക്രമണ- പ്രതിരോധ രീതികള്‍ നിരീക്ഷിച്ചാണത്രേ ഇത്തരം വടിവുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്‌. വടിവുകളില്‍ നിലയുറപ്പിച്ചുകൊണ്ട്‌ ചെയ്യുന്ന പ്രയോഗങ്ങള്‍ക്ക്‌ ആക്കവും ബലവും കൂടുന്നുവെന്ന്‌ ആചാര്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.ഇതു കൂടാതെ പാച്ചല്‍, ചടകം എന്നിങ്ങനെ രണ്ടു രീതികള്‍ കൂടി പറഞ്ഞുകാണുന്നു. ഓരോ വടിവിലും സ്‌ഥാനമുറപ്പിച്ച്‌ നിന്നശേഷം ശത്രുവിനെ എതിര്‍ത്ത്‌ നടത്തുന്ന നീക്കങ്ങളാണ്‌ പാച്ചല്‍. അതുപോലെ, വടിവില്‍ ഉറച്ചുനിന്ന ശേഷം മര്‍മ്മപ്രയോഗങ്ങളോടു കൂടിയോ അല്ലാതെയോ ശത്രുവിനെ മലര്‍ത്തുന്നതാണ്‌ ചടകം. പന്നിപ്പാച്ചല്‍, പന്നിച്ചടകം, ബാലിച്ചടകം, സിംഹച്ചടകം എന്നിവ വളരെ പ്രസിദ്ധമാണ്‌.മെയ്‌വഴക്കം കളരിപ്പയറ്റിന്റെ ഒരു അവശ്യഘടകമാണെന്ന്‌ സൂചിപ്പിച്ചു. ഇതിനുവേണ്ടി വളരെ ശാസ്‌ത്രീയമായി സംവിധാനം ചെയ്‌തിട്ടുള്ള മെയ്‌പ്പയറ്റ്‌ ഏറെ പ്രാധാന്യത്തോടെ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതുമൂലം ഒരു കളരിയഭ്യാസിക്ക്‌ അനായാസവും ചടുലവുമായ ആക്രമണ- പ്രത്യാക്രമണങ്ങള്‍ സാധിക്കുന്നു. കാലുകള്‍ക്ക്‌ ബലവും കൃത്യമായ ചുവടുകളില്‍ അനായാസമായി നിലയുറപ്പിക്കാനുള്ള പാടവവും മെയ്‌പ്പയറ്റിലൂടെ ലഭിക്കുന്നു. ഒരു കളരി അഭ്യാസി മെയ്‌പ്പയറ്റ്‌ ആരംഭിക്കുന്നതിനു മുമ്പ്‌ ശരീരത്തിന്‌ അയവ്‌ ലഭിക്കുന്നതിനു വേണ്ടി ചവിട്ടിയുഴിച്ചിലും നടത്തുന്നു.കളരിയില്‍ ഇറങ്ങി പരിശീലനം ആരംഭിക്കുന്നതിനു മുമ്പ്‌ അഭ്യാസികള്‍ കച്ചകെട്ടുന്നു. പതിനെട്ടു മുഴം നീളവും ഒരു ചാണ്‍ വീതിയുമുള്ള തുണി കളരിയുടെ കിഴക്കേ തൂണില്‍ കെട്ടിയ ശേഷം വിവിധങ്ങളായ അഭ്യാസമുറകളോടെ കച്ച അരയില്‍ കെട്ടിയുറപ്പിക്കുന്നു. ഈ കച്ചകെട്ടിന്റെ സവിശേഷത കാരണം മാരകമായി മുറിവേറ്റാല്‍പ്പോലും ഒരു അഭ്യാസിക്ക്‌ കച്ചയഴിക്കുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമത്രേ.മെയ്‌പ്പയറ്റ്‌ പരിശീലിച്ചുകഴിഞ്ഞ ശേഷമേ ഒരാള്‍ ആയുധപ്പയറ്റിലേക്ക്‌ തിരിയാറുള്ളൂ. അതില്‍ത്തന്നെ ആദ്യം ചൂരല്‍കൊണ്ടും പിന്നീട്‌ മരംകൊണ്ടും നിര്‍മ്മിച്ചിട്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്‌ പ്രാഥമികജ്‌ഞാനം കൈവരിച്ച ശേഷം മാത്രമേ ലോഹായുധങ്ങള്‍ ഉപയോഗിച്ചുതുടങ്ങാറുള്ളൂ.ആയുധാഭ്യാസത്തിലും നേര്‍ക്കുനേര്‍ യുദ്ധത്തിലും എങ്ങനെയൊക്കെ പ്രവര്‍ത്തിക്കാം, എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചുകൂടാ എന്നതിന്‌ വ്യക്തമായ വ്യവസ്‌ഥകളുണ്ട്‌. ഈ വ്യവസ്‌ഥകള്‍ പ്രകാരം മനുഷ്യശരീരത്തില്‍ ആയുധംകൊണ്ട്‌ പ്രഹരമേല്‌പിക്കാവുന്ന സ്‌ഥാനങ്ങള്‍ അഞ്ചാണ്‌. അവയ്‌ക്ക്‌ ഓതിരം, ഒളവ്‌, പൊറവ്‌, കടകം, വാരി എന്നിങ്ങനെ പേരുകൊടുത്തിരിക്കുന്നു. തലയോടിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രയോഗത്തെയാണ്‌ ?ഓതിരം' എന്നു പറയുന്നത്‌. ?ഒളവ്‌' മുഖത്തെയും നെറ്റിയെയും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രയോഗമാണ്‌. സ്‌കന്‌ധം (തോള്‍) മുതല്‍ കൈമുട്ടു വരെയുള്ള ഭാഗമാണ്‌ ?പൊറവ്‌' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ?കടകം' കാല്‍വണ്ണയ്‌ക്കു താഴെയുള്ള സ്‌ഥാനംനോക്കിയുള്ള പ്രയോഗമാണ്‌. ?വാരി' എന്നത്‌ ഉടലിന്റെ ഇരുവശത്തുമുള്ള വാരിഭാഗം ലക്ഷ്യമാക്കി നടത്തുന്ന പ്രഹരമാണ്‌. ഈ അഞ്ചു സ്‌ഥാനങ്ങളിലേക്കല്ലാതെയുള്ള പ്രഹരങ്ങള്‍ ചതിവെട്ടുകളാണ്‌.വടിപ്പയറ്റ്‌ മുതല്‍ വാള്‍പ്പയറ്റ്‌ വരെയുള്ള ആയോധനമുറകളില്‍ ആദ്യത്തേതാണ്‌ ?കെട്ടുകാരി' എന്നുകൂടി പറയുന്ന, വടി ഉപയോഗിച്ചുള്ള പയറ്റ്‌. ചൂരല്‍ക്കമ്പുകള്‍ ചെത്തിമിനുസപ്പെടുത്തി കാച്ചി വളവുതീര്‍ത്താണ്‌ കെട്ടുകാരി പയറ്റിന്‌ ഉപയോഗിക്കുന്നത്‌.കഠാരികൊണ്ടുള്ള പയറ്റിനെക്കുറിച്ച്‌ പ്രാചീന സംഹിതകളില്‍ പരാമര്‍ശങ്ങള്‍ കാണുന്നില്ലെങ്കിലും കേരളത്തില്‍ കഠാരികൊണ്ടുള്ള പയറ്റ്‌ സാധാരണയാണ്‌. ഏതാണ്ട്‌ ഒന്‍പതിഞ്ച്‌ നീളമുള്ള അലകും അത്രതന്നെ നീളംവരുന്ന പിടിയുമുള്ളതാണ്‌ പയറ്റിന്‌ ഉപയോഗിക്കുന്ന കഠാര.ഇങ്ങനെ വിവിധങ്ങളായ ആയുധങ്ങളുണ്ടെങ്കിലും കളരിപ്പയറ്റ്‌ എന്നു കേട്ടാല്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന ചിത്രം വാളും പരിചയും പിടിച്ച്‌ പോരാടുന്ന യോദ്ധാവിന്റേതായിരിക്കും. അതില്‍ അത്‌ഭുതമില്ല. പഴയ കാലത്തെ യുദ്ധങ്ങളുടെ ഗതിയും വിജയവും നിര്‍ണയിച്ചിരുന്നത്‌ വാള്‍ ഉപയോഗിച്ചുള്ള യുദ്ധങ്ങളാണ്‌ എന്നതുതന്നെ കാരണം. അന്‍പത്‌ അംഗുലം നീളമുള്ളതാണ്‌ ശ്രേഷ്‌ഠമായ, ഉത്തമമായ വാള്‍ എന്ന്‌ സംഹിതകള്‍ അനുശാസിക്കുന്നു. അതില്‍ അല്‌പം ചെറുത്‌ മധ്യമമാണ്‌. 25 അംഗുലമോ അതില്‍ കുറവോ നീളമുള്ള വാള്‍ നികൃഷ്‌ടമോ അധമമോ ആണെന്നത്രേ ആചാര്യമതം. പശുവിന്റെ നാവ്‌ പോലെയോ താമരയുടെ ദളംപോലെയോ മുളയില പോലെയോ ആയിരിക്കണം വാളിന്റെ ആകൃതി എന്നും ആചാര്യന്മാര്‍ പറഞ്ഞുവച്ചിട്ടുണ്ട്‌. അതിന്റെ അഗ്രം വൃത്താകൃതിയിലോ ശൂലാഗ്രം പോലെയോ ആകുന്നത്‌ ഉത്തമമത്രേ.മറ്റൊരു വിശിഷ്‌ടായുധമാണ്‌ ഉറുമി. ധീരയോദ്ധാക്കള്‍ മാരകമായ ഈ ആയുധം അരയില്‍ ചുരുട്ടിവച്ചുകൊണ്ട്‌ നടന്നിരുന്നത്രേ. അതുകൊണ്ടാവാം, ഇതിന്‌ ചുരുട്ടുവാള്‍ എന്നും പേരുണ്ട്‌. വാളിന്റേതു പോലെയുള്ള കൈപ്പിടിയും പിടിയില്‍നിന്ന്‌ മുന്നോട്ടു പോകുന്തോറും ക്രമേണ ലോലമായി വരുന്ന, രണ്ടുവശത്തും മൂര്‍ച്ചയുള്ള വീതികുറഞ്ഞ അലകുമാണ്‌ ഉറുമിക്കുള്ളത്‌.ആയോധനമുറയിലെ എല്ലാ ആക്രമണങ്ങള്‍ക്കും പ്രതിരോധമായാണ്‌ പരിച ഉപയോഗിക്കുന്നത്‌. ലോഹവസ്‌തുക്കള്‍കൊണ്ടോ നല്ല പതമുള്ള മരംകൊണ്ടോ ചൂരല്‍ വരിഞ്ഞോ പരിച ഉണ്ടാക്കുന്നു.നമ്മുടെ ഈ കൊച്ചുകേരളത്തിലും വീരാപദാനങ്ങള്‍ക്ക്‌ ഒരു പഞ്ഞവുമില്ല. അത്തരത്തില്‍ ഇന്നലെകളിലെ ഇവിടത്തെ വീരാപദാനങ്ങളില്‍ ചോരവീണു തുടുത്ത ഒരു വാളും അത്‌ കയ്യേന്തുന്ന ഒരു യോദ്ധാവുമുണ്ടാവും. അത്‌ അനന്തര തലമുറകള്‍ക്ക്‌ ആവേശം പകര്‍ന്നും അഭിനിവേശം ജനിപ്പിച്ചും നിലകൊള്ളുമ്പോള്‍ നമ്മള്‍ ജീവന്റെ വില മറന്നുതന്നെ കാലത്തിന്റെ മണ്ണട്ടികള്‍ വീണു പിന്‍വാങ്ങിയ ആ ദിനങ്ങളെ ഓര്‍ത്ത്‌ രോമാഞ്ചംകൊള്ളും. കളരിപരമ്പര ദൈവങ്ങളാണെ, ഗുരുപരമ്പരകളാണെ, മണ്ണാണെ, മനസ്സാണെ പറയട്ടെ- ഈ ആയോധനകല മാനവരാശിയുടെ പൈതൃകമാണ്‌.
-Prasanth Mithran

1 comment:

  1. കളരി എന്നാല്‍ കളരിപ്പയറ്റ് മാത്രമല്ലല്ലോ. അത് മര്മാവിദ്യ,മര്മാചികിത്സ,ഉഴിച്ചില്‍,എല്ല് കൂട്ടല്‍ ചികിത്സ, ഇതൊക്കെ ഉള്‍പെടുന്ന ഒന്നാണല്ലോ. It is a technique to train the body, the mind. It is also a technique to live in the world with certain ethics.

    ReplyDelete