Pages

Tuesday, November 9, 2010

നവരസം NAVARASA

നവരസം
പ്രശാന്ത്‌ മിത്രന്‍
മനുഷന്റെ മനോഭാവങ്ങളെയും ബാഹ്യാനുഭവങ്ങളെയും വികാരങ്ങളെയും വിചാരങ്ങളെയുമെല്ലാം തികച്ചും ശാസ്‌ത്രീയമായിത്തന്നെ നമ്മുടെ പൂര്‍വസൂരികള്‍ വൃാഖൃാനിച്ചിരുന്നു. കലയിലും സാഹിതൃത്തിലും എന്തിന്‌, ജീവിതത്തില്‍ത്തന്നെയും പ്രതിഫലിക്കുന്ന എല്ലാ അംശങ്ങളെയും ആഴത്തില്‍ അപഗ്രഥിച്ച്‌ അവയ്‌ക്ക്‌ വൃവസ്ഥയും നിര്‍വചനവും നല്‍കുന്നതില്‍ ഭാരതീയ കലാനിരൂപകര്‍ക്കുണ്ടായിരുന്ന കഴിവ്‌ ലോകത്തില്‍തന്നെ അത്യപൂര്‍വ്വമായ ഒന്നാണ്‌. ധ്വനി, രസം, ഭാവം, വിഭാവം അങ്ങനെ കലാസ്വാദനത്തിനും കലാപ്രകടനത്തിനും കൈത്താങ്ങായി നില്‍ക്കുന്ന ഘടകങ്ങളെ വളരെ പണ്ടേതന്നെ ഭാരതീയ ആചാര്യന്മാര്‍ വ്യാഖ്യാനിച്ചിരുന്നു. 


സാഹിത്യത്തിലും കലയിലും രസം ജീവനാണ്‌. ഇവയിലെ രസഭേദത്തിനനുസരിച്ച്‌ അന്തര്‍ഭാവത്തിനും മാറ്റം വരുന്നു. ഒരു മനോവികാരത്തിന്‌ അഥവാ ഭാവത്തിന്‌ അതിന്‌ സമാനമായതോ അല്ലാത്തതോ ആയ ഇതര വികാരങ്ങള്‍ അഥവാ ഭാവങ്ങള്‍ കൊണ്ട്‌ തടസ്സം വരാതെ സ്ഥിരമായി നില്‍ക്കുന്നുവെങ്കില്‍ ആ ഭാവം സ്ഥായിഭാവമാകുന്നു. ഒരു കലാസൃഷ്‌ടി ശൃംഗാരരസപ്രധാനമാകുമ്പോള്‍ അതിന്റെ സ്ഥായിഭാവം രതിയാണ്‌. കരുണരസത്തിന്റെ സ്ഥായിഭാവം ശോകമാണ്‌. വീരത്തിന്‌ ഉത്സാഹവും രൗദ്രത്തിന്‌ ക്രോധവും ഹാസ്യത്തിന്‌ ഹാസവും ഭയാനകത്തിന്‌ ഭയവും ബീഭത്സത്തിന്‌ ജുഗുപ്‌ത്സയും അത്ഭുതത്തിന്‌ വിസ്‌മയവും ശാന്തത്തിന്‌ നിര്‍വ്വേദം അഥവാ വിരക്തിയുമാണ്‌ സ്ഥായിഭാവങ്ങള്‍. ഓരോ ഭാവത്തിനും രണ്ടു വിഭാവങ്ങള്‍ അഥവാ ഉപഭാവങ്ങളുണ്ട്‌. ഒന്ന്‌ ആലംബന വിഭാവം മറ്റേത്‌ ഉദ്ദീപന വിഭാവം. ആരെ ആശ്രയിച്ചാണോ രസഭാവങ്ങള്‍ രൂപപ്പെടുന്നത്‌ അതാണ്‌ ആലംബന വിഭാവം. ഈ വികാരത്തെ ഉദ്ദീപിപ്പിക്കുന്ന, ജ്വലിപ്പിക്കുന്ന പ്രകൃതി ഘടകങ്ങളാണ്‌ ഉദ്ദീപന വിഭാവങ്ങള്‍. രതിയുടെ ആലംബന വിഭാവങ്ങള്‍ നായികാനായകന്മാരാണ്‌. നിലാവ്‌, പൂമണം, മഞ്ഞ്‌ തുടങ്ങിയവ രതിയെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ ഉദ്ദീപന വിഭാവങ്ങളാണ്‌.
ഭാരതീയ കാവ്യമീംമാസയനുസരിച്ച്‌ രസങ്ങള്‍ ഒന്‍പതാണ്‌.
ശൃംഗാരം കരുണം വീരം
രൗദ്രം ഹാസ്യം ഭയാനകം
ബീഭത്സമത്ഭുതം ശാന്ത-
മെന്നിങ്ങു രസമൊന്‍പത്‌ 


എന്നാണ്‌ കേരളപാണിനി രസങ്ങളെ നിര്‍വചിക്കുന്നത്‌. ഇവയില്‍ ശൃംഗാരമാണത്രെ രസരാജന്‍. ലൗകിക ജീവിതം തന്നെ കെട്ടിപ്പടുക്കുന്നത്‌ ശൃംഗാരം എന്ന ആധാരശിലയിലാണ്‌. വിപ്രലംഭ ശൃംഗാരമെന്നും സംഭോഗശൃംഗാരമെന്നും ശൃംഗാരരസം രണ്ടുവിധത്തിലുണ്ട്‌. നായികാ നായകന്മാര്‍ ഒരുമിച്ചുള്ള അവസ്ഥയാണ്‌ സംഭോഗശൃംഗാരം. അവര്‍ വേര്‍പിരിഞ്ഞ്‌ പരസ്‌പരം പ്രണയിച്ചു കഴിയുന്ന അവസ്ഥയ്‌ക്ക്‌ വിപ്രലംഭശൃംഗാരം എന്ന്‌ പേര്‌. ദൃശ്യകലകളില്‍ ഏറെ പ്രചുരമായ ശൃംഗാരരസം അതുകൊണ്ടുതന്നെ ഒരുപാട്‌ അഭിനയ സാധ്യതകളുള്ളതാണ്‌.
കരുണരസത്തിന്റെ സ്ഥായിഭാവം ശോകമാണ്‌. ജീവിതത്തില്‍ ശോകം ജനിക്കുന്ന ഒട്ടുവളരെ സാഹചര്യങ്ങളുണ്ട്‌. ഇവയെല്ലാംതന്നെ കരുണ രസത്തിന്റെ ഉറവിടങ്ങളാണ്‌. പുത്രമരണ ശോകാര്‍ത്തനായ ഒരാളിനെ സംബന്ധിച്ച്‌ തനിക്ക്‌ നഷ്‌ടപ്പെട്ട പുത്രനാണ്‌ ശോകത്തിന്റെ അഥവാ കരുണരസത്തിന്റെ ആലംബന വിഭാവം. പുത്രനുമായി ബന്ധപ്പെട്ട ഏതു വസ്‌തുവും ഇവിടെ ഉദ്ദീപന വിഭാവമാകും. പുരികങ്ങളുടെ മധ്യം ചുളിച്ച്‌ കണ്ണുകള്‍ തളര്‍ത്തി മുകളിലോട്ടു നോക്കി മുഖം അല്‌പം ചരിച്ചുപിടിച്ച്‌ തോളുകള്‍ തളര്‍ത്തി കണ്ണുകളില്‍ ദയനീയ ഭാവം നിറച്ച്‌ അഭിനേതാക്കള്‍ കരുണരസം അഭിനയിക്കുന്നു. കരണരസത്തിന്റെ അവാന്തരവിഭാഗമായ കരുണ വിപ്രലംഭമാണ്‌ ലോകത്തിലെ ഏറ്റവും ഹൃദയദ്രവീകരണ ശേഷിയുള്ള രസാഭിനയമെന്ന്‌ ചില ആലങ്കാരികന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.


ഉത്തമ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടാണ്‌ ദൃശ്യകലകളില്‍ വീരരസം ആവിഷ്‌കരിക്കപ്പെടുന്നത്‌. ഇതിന്റെ സ്ഥായിഭാവം ഉത്സാഹമാണ്‌. ഉത്തമകഥാപാത്രമായ ഒരാളിന്റെ പരാക്രമം, ദാനം മുതലായ സദ്‌ഗുണങ്ങള്‍ ഓര്‍മ്മിക്കുമ്പോഴുണ്ടാകുന്ന ഉത്സാഹമാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. ദാനവീരം, ദയാവീരം, ധര്‍മ്മവീരം, യുദ്ധവീരം എന്നിങ്ങനെ വീരരസം നാലുവിധമുണ്ട്‌. 

ഇതിന്റെ ആലംബനവിഭാവം ദാനധര്‍മ്മവീര്യങ്ങളുള്ള ഉത്തമപുരുഷനാണ്‌. കൂസലില്ലായ്‌മ, ബലം, തന്റേടം, പരാക്രമം, പ്രതാപം, പ്രഭാവം തുടങ്ങിയവയാണ്‌ ഉദ്ദീപനവിഭാവങ്ങള്‍.
യുദ്ധരംഗങ്ങളുടെ ആവിഷ്‌കാരത്തിലും യുദ്ധവര്‍ണനകളിലും സാധാരണ കണ്ടുവരുന്ന രസമാണ്‌ രൗദ്രരസം. ഇതിന്റെ സ്ഥായിഭാവം ക്രോധമാണ്‌. ക്രൂരകൃത്യങ്ങള്‍ ചെയ്യുമ്പോഴും ചെയ്യിക്കുമ്പോഴും രൗദ്രരസം ജനിക്കുന്നു. ഈ രസത്തിന്റെ ആലംബനവിഭാവം എപ്പോഴും ശത്രുക്കളായിരിക്കും. അവരുടെ ചേഷ്‌ടകളും പ്രത്യാക്രമണങ്ങളുമായിരിക്കും ഉദ്ദീപന വിഭാവങ്ങള്‍. പുരികം വളര്‍ച്ചുയര്‍ത്തി കണ്‍തടങ്ങള്‍ വിറപ്പിച്ച്‌ കൃഷ്‌ണമണികള്‍ തുറിച്ച്‌ മൂക്കുവിടര്‍ത്തി ചുണ്ട്‌ മുറുക്കിപ്പിടിച്ചാണ്‌ രൗദ്രരസം അഭിനയിക്കുന്നത്‌.
ആകൃതി, രൂപം തുടങ്ങിയവയിലെ വൈകൃതങ്ങള്‍, വാക്‌പ്രയോഗത്തിലെ വൈചിത്ര്യങ്ങള്‍, നേരമ്പോക്കുകള്‍ തുടങ്ങിയവയില്‍ നിന്നുണ്ടാകുന്നതാണ്‌ ഹാസ്യരസം. അതിന്റെ സ്ഥായിഭാവം ഹാസമാണ്‌. ആത്മസ്ഥമെന്നും പരസ്ഥമെന്നും ഹാസ്യത്തിന്‌ രണ്ട്‌ ഉപവിഭാഗങ്ങളുണ്ട്‌. ഒരാള്‍ സ്വന്തം വാക്കോ പ്രവര്‍ത്തിയോ കൊണ്ട്‌ മറ്റൊരാളില്‍ പരിഹാസം ജനിപ്പിക്കുന്നത്‌ പരസ്ഥഹാസ്യമാകും. മറ്റൊരുവന്റെ ആകൃതി, രൂപം, വാക്ക്‌ എന്നിവയിലേതെങ്കിലും അടിസ്ഥാനമാക്കി അയാളെ പരിഹസിക്കുന്നത്‌ ആത്മസ്ഥ ഹാസ്യം. ചുണ്ടുകളുടെ അറ്റം താഴോട്ടു കിഴിച്ച്‌ പുരികം പൊക്കി കണ്ണുകള്‍ പകുതി അടച്ച്‌ അഭിനേതാക്കള്‍ ഹാസ്യം അഭിനയിക്കുന്നു.


ഭയം ജനിപ്പിക്കുന്ന കാഴ്‌ചയോ കേള്‍വിയോ അനുഭവമോ ആണ്‌ ഭയാനകരസം സൃഷ്‌ടിക്കുന്നത്‌. ഇത്‌ സ്‌ത്രീകളെയും നീച കഥാപാത്രങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന്‌ വ്യാകരണ പണ്‌ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇതിന്റെ സ്ഥായിഭാവം ഭയമാണ്‌. ഏതില്‍ നിന്നാണോ ഭയമുണ്ടാകുന്നത്‌ അത്‌ ആലംബനവും ഭയജനകമായ ചേഷ്‌ടാവിശേഷങ്ങള്‍ ഉദ്ദീപനവുമാകുന്നു. പുരികത്തിന്റെ മധ്യഭാഗം ചുളിച്ച്‌ ചുണ്ടുകളുടെ അഗ്രം താഴോട്ടുതാഴ്‌ത്തി മൂക്കുവിടര്‍ത്തി കണ്ണുകള്‍ തുറിച്ച്‌ തോളുകള്‍ ഉയര്‍ത്തി കൃഷ്‌ണമണികള്‍ വിറപ്പിച്ച്‌ ഭയം അഭിനയിക്കുന്നു.
മനം മടുപ്പിക്കുന്ന ദൃശ്യങ്ങളുടെ രസമാണ്‌ ബീഭത്സം. ഇതിന്റെ സ്ഥായിഭാവം ജുഗുപ്‌ത്സ അഥവാ വെറുപ്പാകുന്നു. അസഹ്യമായ കാഴ്‌ചകളും ഗന്ധങ്ങളും അവയെക്കുറിച്ചുള്ള സ്‌മൃതികളുമാണ്‌ ബീഭത്സം ജനിപ്പിക്കുന്നത്‌. ദുര്‍ഗന്ധമുള്ള മാംസാദി വസ്‌തുക്കള്‍ ഇതിന്റെ ആലംബന വിഭാവങ്ങളാണ്‌. അതില്‍തന്നെ കാണുന്ന പുഴുക്കള്‍, കൃമികീടങ്ങള്‍ തുടങ്ങിയവ ഉദ്ദീപനങ്ങളുമാകുന്നു. ചുണ്ടും പുരികവും ചുളിച്ച്‌ കണ്ണിറുക്കി തോള്‍ ചുരുക്കി ബീഭത്സം അഭിനയിക്കുന്നു.


അസാധാരണവും അസംഗതമെന്ന്‌ വിശ്വസിക്കുന്നതുമായി സംഭവങ്ങളുണ്ടാകുമ്പോള്‍ അതിനോടുള്ള പ്രതികരണമായാണ്‌ അത്ഭുതരസം ജനിക്കുന്നത്‌. ഇതിന്റെ സ്ഥായിഭാവം വിസ്‌മയമാണ്‌. അലൗകിക വസ്‌തുക്കളോ അലൗകിക ഗുണങ്ങളോടുകൂടിയ മഹാത്മാക്കളോ ഒക്കെ അത്ഭുതരസത്തിന്‌ ആലംബനമാകാറുണ്ട്‌. ഇങ്ങനെ പരാമര്‍ശിക്കപ്പെടുന്ന വിശിഷ്‌ട വസ്‌തുക്കളുടെ ഗുണഗണങ്ങളാണ്‌ ഉദ്ദീപന വിഭാവങ്ങള്‍. അഭിനേതാക്കള്‍ ചുണ്ടുകളില്‍ മന്ദഹാസം വരുത്തി കവിള്‍ വികസിപ്പിച്ച്‌ കണ്ണില്‍ പ്രകാശം കൊടുത്ത്‌ പുരികം പൊക്കി മൂക്കുകള്‍ വിടര്‍ത്തി കഴുത്ത്‌ മുന്നോട്ടുതള്ളിപ്പിടിച്ച്‌ അത്ഭുതരസം അഭിനയിക്കുന്നു.
നിസ്സംഗതയുടെയും പരിത്യാഗത്തിന്റെയും രസമാണ്‌ ശാന്തം. ഇത്‌ മോക്ഷത്തിന്‌ പ്രചോദനം നല്‍കുന്ന രസമാണ്‌. ഇന്ദ്രിയനിഗ്രഹം അഥവാ ശമമാണ്‌ ഈ രസത്തിന്റെ ആത്മാവ്‌. നിര്‍വേദം അഥവാ വിരക്തി തന്നെയാണ്‌ ഇതിന്റെ സ്ഥായിഭാവം. തത്വജ്ഞാനം, ലൗകിക വിരക്തി, ഹൃദയശുദ്ധി എന്നിവയില്‍ നിന്ന്‌ ശാന്തരസം ഉണ്ടാകുന്നു. പുണ്യാശ്രമങ്ങള്‍, ദേവാലയങ്ങള്‍, തീര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഈ രസത്തിന്റെ ഉദ്ദീപന വിഭാവങ്ങളാണ്‌. കൃഷ്‌ണമണികള്‍ പുരികമധ്യത്തില്‍ നിര്‍ത്തി മുഖത്ത്‌ നിര്‍വികാരത വരുത്തി അഭിനേതാക്കള്‍ ശാന്തരസം അഭിനയിക്കുന്നു.


അതിസൂക്ഷ്‌മമായ നിരീക്ഷണവും ഗഹനമായ അപഗ്രഥനവും നടത്തിയാണ്‌ പ്രാചീന ആചാര്യന്മാര്‍ രസനിരൂപണം ചെയ്‌തിട്ടുള്ളത്‌. ഈ നവരസത്തിനപ്പുറം പുതിയൊരു രസം കൂട്ടിച്ചേര്‍ക്കാന്‍ ഇത്രനാളും നമുക്കായിട്ടില്ല. അത്‌ വ്യക്തമാക്കുന്നത്‌ ഈ പ്രാചീനാചാര്യന്മാരുടെ നിരീക്ഷണ സാമര്‍ത്ഥ്യമാണ്‌ എന്നത്‌ അവിതര്‍ക്കിതമാണ്‌.

No comments:

Post a Comment