Pages

Thursday, November 11, 2010

പുള്ളുവന്‍പാട്ട്‌ PULLUVAN PATTU

പുള്ളുവന്‍പാട്ട്‌
പ്രശാന്ത്‌ മിത്രന്‍
ഭാരതീയ പുരാണങ്ങളില്‍ കേരളത്തെ അഹിഭൂമി എന്നാണ്‌ വിളിച്ചുകാണുന്നത്‌. പാമ്പുകളുടെ വാസസ്ഥാനം എന്നര്‍ത്ഥം.
``സര്‍പ്പാധി വാസത്തിനു യോഗ്യമാമ്മാ-
റിപ്പാരിടം പണ്ട്‌ പെരുത്തുകാലം
മുല്‍പ്പാടു വള്ളിച്ചെടി മാരമങ്ങള്‍
നില്‍പ്പായ്‌ നെടുങ്കാടുപിടിച്ചിരുന്നു''
എന്ന്‌ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ വര്‍ണിക്കുന്നു. സഹ്യാദ്രി എന്ന പേരുപോലും ഇങ്ങനെ ഉണ്ടായതാണത്രെ. സ അഹി അദ്രി അതാണത്രെ സഹ്യാദ്രി. പാമ്പുകളുടെ പര്‍വ്വതം എന്നര്‍ത്ഥം. ഈ സര്‍പ്പാധിവാസത്തിന്റെ അനാദിയായ ഭൂതകാലമാണത്രെ പുള്ളുവര്‍ എന്ന ജനവിഭാഗത്തിന്റെയും പുള്ളുവന്‍പാട്ട്‌ എന്ന സര്‍പ്പപ്പാട്ടിന്റെയും ഉല്‍പ്പത്തിക്കുപിന്നില്‍. 


ഐന്തിണകളിലൊന്നായ പാലത്തിണയില്‍ വസിച്ചതുകൊണ്ടാണ്‌ പുള്ളുവര്‍ക്ക്‌ ആ പേരു വന്നതെന്ന്‌ ഒരു വാദമുണ്ട്‌. അതല്ല, നിമിത്തപ്പക്ഷിയായ പുള്ളിന്റെ ശബ്‌ദത്തില്‍ നിന്ന്‌ ഫലപ്രവചനം നടത്തുന്നതുകൊണ്ടാണ്‌ പുള്ളുവര്‍ എന്ന പേരുണ്ടായതെന്ന്‌ മറ്റൊരുവാദം. അതുമല്ല, പുല്ലുവര്‍ അഥവാ പുല്ലില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തിലാണ്‌ പുള്ളവര്‍ എന്നു പറഞ്ഞത്‌ എന്നുംവാദമുണ്ട്‌. വാദങ്ങള്‍ എന്തായാലും പുള്ളുവ ജനത ഇവിടെത്തെ നാഗാരാധനയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത്‌ സത്യമാണ്‌. പുള്ളുവരുടെ ഈ നാഗാരാധനയുമായി ബന്ധപ്പെട്ടാണ്‌ സര്‍പ്പം തുള്ളല്‍, സര്‍പ്പംപാട്ട്‌, പാമ്പുംതുള്ളല്‍ എന്നൊക്കെ വിളിക്കുന്ന പുള്ളുവന്‍പാട്ടിന്റെ ഉല്‍പ്പത്തി. അവര്‍, പുള്ളുവര്‍ നാഗംപാടികളായി നമ്മുടെ അനുഷ്‌ഠാനകലാചരിത്രത്തില്‍ ഇടംപിടിക്കുന്നു.
പുള്ളുവന്‍പാട്ട്‌ ഒരനുഷ്‌ഠാന കലാരൂപമാണ്‌. നാഗാരാധനയുമായി ബന്ധപ്പെട്ട ഒരനുഷ്‌ഠാനകലാരൂപം. സര്‍പ്പക്കളങ്ങള്‍ എഴുതിയാണ്‌ സാധാരണയായി പുള്ളുവന്‍പാട്ട്‌ നടത്താറുള്ളത്‌. അതില്‍ നിന്ന്‌ വ്യത്യസ്‌തമായി വീടുകളിലും ഇവര്‍ പാടിവരുന്നു. എങ്കിലും പ്രധാനപ്പെട്ട അനുഷ്‌ഠാനം കളമെഴുതി പാടുന്നതു തന്നെയാണ്‌. അഞ്ച്‌, ഏഴ്‌, ഒന്‍പത്‌, പതിനൊന്ന്‌ എന്നിങ്ങനെയാണ്‌ പുള്ളുവന്‍പാട്ടിന്റെ കാലദൈര്‍ഘ്യം. 5 ദിവസം മുതല്‍ 11 ദിവസം വരെ ഇത്‌ നീണ്ടുനില്‍ക്കുന്നു. 

പ്രഭാതത്തില്‍ ഭസ്‌മക്കളമെഴുതുമ്പോള്‍ മധ്യാഹ്നത്തിലും സായാഹ്നത്തിലുമെഴുതുന്നത്‌ പഞ്ചവര്‍ണക്കളമാണ്‌. സര്‍പ്പയക്ഷിക്കളവും നാഗയക്ഷിക്കളവും എഴുതാറുണ്ട്‌. കളമെഴുത്തുപാട്ടിന്റെ അവസാനദിവസത്തിന്റെ തലേന്ന്‌ നാഗരാജക്കളമിടുന്നു. കളമെഴുതുന്ന ഓരോ സന്ദര്‍ഭത്തിലും പാട്ടുകള്‍ വ്യത്യസ്‌തമാണ്‌. എങ്കിലും തുടക്കം ഒരു വന്ദനഗാനത്തോടെയായിരിക്കും. അനന്തരം വീണയില്‍ താളം വായിച്ച്‌ ഗണപതി വന്ദനം ചൊല്ലുന്നു. അതുകഴിഞ്ഞാല്‍ നാഗോല്‍പ്പത്തി സംബന്ധിച്ച പാട്ടാരംഭിക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതി സര്‍പ്പാധിവാസത്തിനനുയോജ്യമായ ഒന്നാണ്‌. മലയും കല്ലിടുക്കുകളും പൊത്തുകളും കുറ്റിക്കാടുകളുമെല്ലാം സര്‍പ്പങ്ങള്‍ക്ക്‌ സുഖകരമായ വാസഗേഹങ്ങളാണ്‌. വിഷം മുറ്റിയ ഈ നാഗത്താന്മാരോടുള്ള ഭയം അനുഷ്‌ഠാനമായും പിന്നെ നാഗാരാധനയായും വികസിച്ചതായിരിക്കണം. സര്‍പ്പക്കാവുകള്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഒരു പ്രതിഭാസമാണ്‌. ഇവ നാഗാരാധനാ കേന്ദ്രങ്ങളായാണ്‌ രൂപപ്പെട്ടിട്ടുള്ളതെങ്കിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒറ്റപ്പെട്ട പച്ചത്തുരുത്തുകളായും കുളിരിടങ്ങളായും പ്രാധാന്യം നേടുന്ന ഈ ഹരിതകുഞ്‌ജങ്ങളിലെ കാവുകളിലരങ്ങേറുന്ന കളംപാട്ടുകളില്‍ പുള്ളുവന്‍പാട്ട്‌ ഒരു മുഖ്യഇനമാണ്‌. നാഗങ്ങളുടെ ഉല്‍പ്പത്തി വികാസപരിണാമങ്ങളാണ്‌ പുള്ളുവന്‍പാട്ടിലെ പ്രധാന വിഷയങ്ങള്‍. കഥകളും ഉപകഥകളുമായി വികസിക്കുന്ന അനുഷ്‌ഠാനപരമായ ഈ ആലാപനം അതുകൊണ്ടുതന്നെ ഏറെ ആസ്വാദ്യകരമാണ്‌.
പാട്ട്‌ ഹൃദ്യമാണ്‌, ആസ്വാദ്യകരമാണ്‌. എന്നാല്‍ അതിലേറെ കൗതുകകരമാണ്‌ ഇതിനുള്ള വാദ്യോപകരണങ്ങള്‍. തനത്‌ എന്നുമാത്രം വിശേഷിപ്പിക്കാവുന്ന ഈ വാദ്യോപകരണങ്ങള്‍ പുള്ളുവന്‍പാട്ടിനുവേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ്‌. പുള്ളുവക്കുടവും പുള്ളുവ വീണയുമാണ്‌ പുള്ളുവന്‍പാട്ടിന്റെ മുഖ്യ സംഗീതോപകരണങ്ങള്‍. ഇവയ്‌ക്കൊപ്പം ഇലത്താളവും ഉപയോഗിച്ചുവരുന്നു.


പുള്ളുവക്കുടം ഒരു സാധാരണ മണ്‍കുടം പരിഷ്‌കരിച്ച്‌ നിര്‍മ്മിക്കുന്ന ഉപകരണമാണ്‌. മണ്‍കുടത്തിന്റെ അടിയില്‍ ആദ്യം വൃത്താകൃതിയില്‍ ഒരു വലിയ ദ്വാരമുണ്ടാക്കുന്നു. ആ ദ്വാരത്തില്‍ ഉടുമ്പിന്റെയോ കാളക്കിടാവിന്റെയോ തുകല്‍ ഒട്ടിക്കുന്നു. ഈ തുകലിനെ ചണംകയറുകൊണ്ട്‌ മുറുക്കി വലിച്ചുകെട്ടുന്നുണ്ട്‌. അതോടൊപ്പം തുകലിന്റെ മധ്യഭാഗത്ത്‌ രണ്ട്‌ ദ്വാരമുണ്ടാക്കി അതുവഴി പനങ്കണ്ണിച്ചരടോ കരിക്കിന്‍ ചകിരിനാരുകൊണ്ടുണ്ടാക്കിയ ചരടോ കോര്‍ത്തെടുക്കുന്നു. ഈ ചരടിന്റെ മറുതല നീളമുള്ള ഒരു വടിയുടെ ഒരറ്റത്ത്‌ കെട്ടിയുറപ്പിക്കുന്നു. ഇങ്ങനെ കെട്ടിയുറപ്പിക്കുന്ന ചരട്‌ കാല്‍ച്ചുവട്ടില്‍ വച്ച്‌ പനങ്കള്ളിച്ചരട്‌ വലിച്ചപിടിച്ച്‌ തേറ്‌ എന്നുപറയുന്ന ചെറിയ മുട്ടികള്‍ കൊണ്ട്‌ ചരട്‌ ചലിപ്പിച്ചാണ്‌ പുള്ളുവക്കുടം മീട്ടുന്നത്‌. സാധാരണഗതിയില്‍ കുടംമീട്ടുന്നത്‌ പുള്ളുവസ്‌ത്രീകളാണ്‌.
ഉള്ളുപൊള്ളയായ മുളങ്കമ്പും ചിരട്ടയും ചരടും കൊണ്ടായിരുന്നു ആദ്യകാലത്ത്‌ പുള്ളുവ വീണ ഉണ്ടാക്കിയിരുന്നത്‌. പില്‍ക്കാലത്ത്‌ ഇത്‌ മരംതുരന്നെടുക്കുന്ന കിണ്ണം ഉപയോഗിച്ച്‌ നിര്‍മ്മിച്ചുതുടങ്ങി. ഈ ചിരട്ട അല്ലെങ്കില്‍ മരക്കിണ്ണത്തിന്റെ വായ ഉടുമ്പിന്‍തോലുകൊണ്ട്‌ മുറുക്കിക്കെട്ടിയിരിക്കും. പിച്ചളക്കമ്പിയോ നാഗചിറ്റമൃതുവള്ളിയുടെ നാര്‌ പിരിച്ചെടുത്ത ചരടോ ഉപയോഗിച്ചാണ്‌ വീണക്കമ്പി നിര്‍മ്മിക്കുന്നത്‌. മുളയോ കവുങ്ങോ ചെത്തിയൊരുക്കിയ ചെറിയ തണ്ടാണ്‌ വീണമീട്ടാനുപയോഗിക്കുന്നത്‌.
തികച്ചും സാധാരണമായ, ഗ്രാമീണമായ ഒരുപകരണമാണെങ്കില്‍പ്പോലും പുള്ളുവ വീണയും പുള്ളുവക്കുടവും ഉയര്‍ത്തുന്ന നാദത്തിന്‌, താളത്തിന്‌ സവിശേഷമായ ഒരു വശ്യതയുണ്ട്‌. നാവേറുപാടി നാഗത്താന്മാരെ ഉണര്‍ത്തിപ്രാസാദിപ്പിക്കുന്ന ഈ പാട്ടിനുമുണ്ട്‌ അതേ വശ്യത. നാഗങ്ങളുടെ വിസ്‌മയാവഹമായ ഒരു ലോകമാണ്‌ ഈ പാട്ടില്‍ ആവിഷ്‌കൃതമാകുന്നത്‌. നട്ടെല്ലിലുയര്‍ന്ന്‌ നില്‍ക്കാന്‍ കഴിയാതെ ഉരസ്സുകൊണ്ടിഴഞ്ഞുനീങ്ങി സഞ്ചരിക്കുന്ന വെറും ഉരഗങ്ങളല്ല ഈ പാട്ടുകളില്‍ തെളിയുന്ന നാഗത്താന്മാര്‍. മറിച്ച്‌ വീര്യത്തിന്റെയും ധൈര്യത്തിന്റെയും കരുത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി മാറുന്ന പ്രതാപൈശ്വര്യങ്ങളുള്ള നാഗപ്രവരന്മാരെയാണ്‌ ഇവിടെ പാടിതോറ്റുന്നത്‌. വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, അനന്തന്‍, പത്മന്‍, മഹാപത്മന്‍ അങ്ങനെ നീളുന്ന മഹാരഥന്മാരയ നാഗശ്രേഷ്‌ഠന്മാരുടെ കഥകള്‍ ഇമ്പത്തോടെ, ഈണത്തോടെ പാടുമ്പോള്‍ അത്‌ കേള്‍ക്കുന്നവന്‍ ഏതോ ഒരന്യലോകത്തില്‍ ചെന്നുപെട്ട മട്ടില്‍ വിസ്‌മയാധീനനായിപ്പോകുന്നു.


പരിഷ്‌കൃതരെന്നഭിമാനിക്കുന്ന നാഗരികസമുഹം ഭയംകലര്‍ന്ന അറപ്പോടെ വീക്ഷിക്കുന്ന ഒരു ജന്തുവിഭാഗമാണ്‌ നാഗങ്ങള്‍. വിഷനാഗങ്ങളുടെ വിസ്‌മയലോകം കേട്ടെങ്കിലും ഭയംകൊണ്ടിട്ടുണ്ട്‌ നമ്മള്‍. വിഷംതീണ്ടി മരിച്ചവരുടെ നിരവധി കഥകളും നമ്മുടെ മുമ്പിലുണ്ട്‌. അങ്ങനെ സര്‍പ്പങ്ങള്‍, നാഗങ്ങള്‍ ഒരു ഭയാകുലതയായി നമ്മെ ചൂഴുമ്പോഴാണ്‌ പുള്ളുവന്‍പാട്ടിന്റെ ഈ വിസ്‌മയ ഗീതികള്‍ നമുക്ക്‌ രോമാഞ്ചം പകരുന്നത്‌. നാഗങ്ങളുടെ ഒരു നാഗരികത നമുക്കിതില്‍ തെളിഞ്ഞുകാണാം. വാസുകി എന്ന മഹാനാഗത്തിനു കീഴില്‍ എല്ലാ സൗഭാഗ്യങ്ങളോടെയും സമൃദ്ധിയോടെയും പുലരുന്ന ഒരു നാഗലോകം. ഭാവനയുടെ തീക്ഷ്‌ണസത്യങ്ങള്‍ അതിലുണ്ട്‌. പക്ഷേ അതിനുമപ്പുറം വിശ്വാസത്തിന്റെ, അനുഷ്‌ഠാനത്തിന്റെ, അനുഭവസാക്ഷ്യങ്ങളുടെ ഒരു നൂറുകഥകള്‍ അതിനു പറയാനുണ്ടാകും. നാഗങ്ങളും ഗരുഡനും തമ്മിലുള്ള ബദ്ധവൈരത്തിന്റെ കഥ. അമൃതുകടയാന്‍ കടകോലായ വാസുകിയുടെ കഥ. ആയിരം ഫണമെഴുന്ന ആദിശേഷനായ അനന്തന്റെ കഥ...... ഭാരതീയ പുരാണങ്ങളില്‍ ചിതറിക്കിടക്കുന്ന ഈ കഥകള്‍ ചികഞ്ഞെടുത്ത്‌ തനിമചാലിച്ച്‌, പുതുമ പൂജിച്ച്‌ നാഗക്കളങ്ങള്‍ക്കു മുന്നിലിരുന്നു പാടുമ്പോള്‍ അവര്‍ അതൊരു ഭക്തിസാധനയായാണ്‌, ജന്മദൗത്യമായാണ്‌ ഏറ്റെടുക്കുന്നത്‌. നാഗംപാടികളായ ആ ജനതയുടെ ഈ അനുഷ്‌ഠാനകര്‍മ്മം കണ്‍പാര്‍ത്ത്‌, ചെവിയോര്‍ത്ത്‌ എത്രയോ പേര്‍ സ്വയം ആനന്ദസാഗരത്തിലെത്തുന്നു. പ്രകൃതിപ്രതിഭാസങ്ങളെയും പീഢനശക്തികളെയും സ്‌തുതിച്ച്‌, ആരാധിച്ച്‌ വശപ്പെടുത്തുന്ന പ്രാചീനമനുഷ്യന്റെ തന്ത്രപരമായ സമീപനമായിരുന്നു ഈ നാഗാരാധനയും എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

അഹിയുടെ, സര്‍പ്പത്തിന്റെ വിളഭൂമിയായിരുന്ന ഈ മണ്ണില്‍ രൂപപ്പെട്ട നാഗാരാധന ഒരത്ഭുതമല്ല. ചരിത്രമറിയാത്ത ഏതോ ഒരു വിദൂരഭൂതത്തിലാരംഭിച്ച ആ നാഗാരാധന ഇന്നും അനവരതം തുടരുന്നു. അതിന്റെ നാവേറായി ഈ പുള്ളുവന്‍പാട്ടും നിലനില്‍ക്കുന്നു. അതിനെ ഒരനുഷ്‌ഠാനമായി എണ്ണുന്നവര്‍ക്ക്‌ അങ്ങനെ എണ്ണാം. അതൊരാരാധനയായി കൊണ്ടുനടക്കുന്നവര്‍ക്ക്‌ അങ്ങനെതന്നെ കൊണ്ടു നടക്കാം. അതിനെ ഒരു കലാവിശേഷമായി ആസ്വദിക്കുന്നവര്‍ക്ക്‌ കണ്‍നിറയെ, മനസ്സുനിറയെ അതാസ്വദിക്കുകയുമാവാം. ഇങ്ങനെ ബഹുസ്വരിതമാകുന്ന പുള്ളുവന്‍പാട്ടിന്റെ വന്യമായ, വശ്യമായ താളപ്പെരുക്കങ്ങളില്‍ ഒരു പൂവിരിയുന്നതുപോലെ ഇതള്‍വിടര്‍ത്തുന്ന കഥാതന്തുക്കള്‍ കേട്ട്‌ നമുക്ക്‌ വിസ്‌മിതരാകാം.

No comments:

Post a Comment