Pages

Thursday, January 6, 2011

ഇന്ത്യ എന്ന വികാരം INDIA - AN INSPIRATION

ഇന്ത്യ എന്ന വികാരം
പ്രശാന്ത്‌ മിത്രന്‍

ന്ത്യ എന്റെ രാജ്യമാണ്‌. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്‌ ............... സാക്ഷരനായ എല്ലാ ഇന്ത്യാക്കാരനും അഞ്ചാം വയസ്സില്‍ സ്‌കുളിലെത്തുന്നതുമുതല്‍ ചൊല്ലിയുറപ്പിക്കുന്ന ഒരു വിശിഷ്‌ട മന്ത്രമാണിത്‌. ഇന്ത്യ എന്ന വികാരത്തെയും നാനാത്വത്തെയും അടിവരയിട്ടുറപ്പിക്കുന്ന പ്രഖ്യാപനം. അനേകം നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച്‌ ഒരൊറ്റ ഇന്ത്യ കെട്ടിപ്പടുത്ത പൂര്‍വ്വസൂരിള്‍ ലക്ഷ്യം വച്ച ഒരൊറ്റ ജനതയുടെ സാഹോദര്യം മന്ത്രം. സംഭവിക്കാനിടയില്ലാത്ത ഒരു വെറും അതിശയോക്തയല്ല ഇത്‌. സ്വപ്‌നമായിരുന്നു ; സഫലമാക്കാന്‍ കഴിയുന്ന സ്വപ്‌നം.
കാലാവസ്ഥയിലും ഭുപ്രകൃതിയിലും വേഷത്തിലും ഭാഷയിലും വിശ്വാസത്തിലും ഭക്ഷണതത്തിലുമൊക്കെ വൈജാത്യം പുലര്‍ത്തുന്ന കോടാനുകോടി ജനങ്ങള്‍. അവരെ കൂട്ടിയിണക്കുന്ന ഒരു വികാരം ; ഇന്ത്യ എന്ന വികാരം ഇന്ത്യ എന്റെ രാജ്യമാണ്‌ എന്നു പറയുമ്പോള്‍ അതേറ്റു പറയാന്‍ ആളുണ്ടാക്കുന്നത്‌ ഈ ഉപഭൂഖണ്‌ഡത്തില്‍ മാത്രമല്ല. ഭൂമിയുടെ മറുകരയില്‍ വരെയുള്ള ജനപഥങ്ങളില്‍ നിന്ന്‌ ആളുകള്‍ നെഞ്ചില്‍ കൈവച്ച്‌ വിളിച്ചു പറയുന്നു.

"ഇന്ത്യ എന്റെ രാജ്യമാണ്‌ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്‌. ...................."

അഭിമാനോജ്വലമായ ഈ സാഹോദര്യത്തിനുനേര്‍ക്ക്‌ കാലാകാലങ്ങളില്‍ ഭീഷണികളുണ്ടായി-
ട്ടുണ്ട്‌. ഇപ്പറഞ്ഞ ഏകോദര സാഹോദര്യത്തിനുനേര്‍ക്ക്‌ ആദ്യമായി ഭിന്നിപ്പിച്ചു ഭരിക്കല്‍ എന്ന നയം കടത്തിവിട്ടത്‌ ബ്രിട്ടീഷുകാരാണ്‌. മതത്തിന്റെ പേരില്‍ ഭിന്നത സൃഷ്‌ടിച്ച അവര്‍ ആദ്യമായി ഇന്ത്യന്‍ ജനതയെ രണ്ടു തുലാസിലാക്കി. ഒടുവില്‍ 1947-ല്‍ അഖണ്‌ഡ ഭാരതത്തെ അവര്‍ പിച്ചിച്ചീന്തി. അങ്ങനെ, ഇന്ത്യയുടെ വികസ്വരവും സംയോജിതവുമായ ശക്തിക്കു നേരേ പ്രയോഗിക്കാനാകുന്ന ഏറ്റവും മാരകമായ ആയുധമാണിതെന്ന്‌ ബ്രിട്ടീഷുകാര്‍ കാണിച്ചു കൊടുത്തു. അതിന്റെ ചുവടുപറ്റി അനന്തര കാലത്തും ഭിന്നിപ്പിക്കലിന്റെ ഈ തന്ത്രം പ്രയോഗിക്കപ്പെടുന്നുണ്ട്‌. ഭാഗികമായെങ്കിലും അവയൊക്കെയും വിജയിക്കുന്നുമുണ്ട്‌. എങ്കിലും ആത്യന്തികമായി അതു പരാജയപ്പെടുന്നു. കാരണം ഇന്ത്യയുടേത്‌ ഒരു മതനിരപേക്ഷ മനസ്സാണ്‌ എന്നതുതന്നെ. ഈ ഭാരതം മതങ്ങളുടേതല്ല, മനുഷ്യന്റേതാണ്‌ എന്ന ഒരാദിമ ചോദന അബോധപൂര്‍വ്വം ഇവിടെ നിലനില്‌ക്കുന്നു.
"സ്‌നേഹത്തില്‍ നിന്നുദിക്കുന്നൂ ലോകം
സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു
സ്‌നേഹം താനാനന്ദമാര്‍ഗ്ഗം - സ്‌നേഹ
വ്യാഹതിതന്നെ മരണം."
എന്ന ആശാന്‍ കവിതയാണിവിടെ സ്‌മരണീയം. നമുക്ക്‌ സ്‌നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കാം. സമന്വയത്തിന്റെ ശൈലിയില്‍ പ്രവര്‍ത്തിക്കാം.
ഒരാശയത്തെയോ ഒരു വിശ്വാസത്തേയോ കീഴടക്കാനോ തകര്‍ക്കാനോ മറ്റൊരാശയത്തിനോ വിശ്വാസത്തിനോ സാധ്യമാവില്ല. അങ്ങനെ ഒരു വിശ്വാസവുമായി ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ അതിന്റെ അന്തിമ ഫലം സര്‍വ്വ നാശമായിരിക്കും. പരസ്‌പരം പോരടിക്കുന്ന രണ്ടു തലകളുള്ള ഒരു ഇരുതല പക്ഷിയുടെ കഥയുണ്ട്‌. തന്റെ ശത്രുവായ മറ്റേത്തലയെ നശിപ്പിക്കാന്‍ ഒന്നാമത്തെ തല അറിഞ്ഞുകൊണ്ട്‌ മറ്റേത്തലയെ വിഷം തീണ്ടിക്കുന്നു. പക്ഷേ രണ്ടാമത്തെ തലയിലൂടെ ഉള്ളിലെത്തുന്ന വിഷം രണ്ടിനും കൂടി പൊതുവായ ഉടലിലൂടെ ഒന്നാമത്തെ തലയിലുമെത്തും എന്നറിയാതെപോയി ആ ഒന്നാംതല. അത്‌ വിശേഷ ബുദ്ധിയില്ലാത്ത തിര്യഗ്‌ ജീവിയുടെ ദുരന്തം. മനുഷ്യനും അതുപോലെ വിശേഷ ബുദ്ധി നഷ്‌ടപ്പെട്ട്‌ പ്രവര്‍ത്തിക്കേണ്ടതുണ്ടോ? വിധ്വംസക പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ ആര്‍ക്ക്‌ എന്തു നേട്ടം. ?
ഇന്ത്യയുടെ ഈ രാഷ്‌ട്രശരീരം സമഗ്രമാണ്‌. സന്തുലിതമാണ്‌. നേരത്തേ പറഞ്ഞ ഇരട്ടത്തലയുള്ള പക്ഷിയെപ്പോലെ മറ്റേതലയ്‌ക്കെതിരെ നടത്തുന്ന വിധ്വംസകപ്രവൃത്തി സ്വന്തം നാശത്തില്‍ തന്നെ കലാശിക്കും . ഈ സ്വതന്ത്ര പരമാധികാര ഇന്ത്യയില്‍ ജനിക്കാന്‍ കഴിഞ്ഞതേ ഭാഗ്യം എന്നു ചിന്തിച്ചാല്‍ ഇത്തരം നശീകരണ പ്രക്രിയകള്‍ക്കുള്ള ഉള്‍പ്രേരണ ഇല്ലാതാകും. ഓര്‍ക്കുക ; ഇന്ത്യ ഒരു സൗഭാഗ്യമാണ്‌ , ഐശ്വര്യമാണ്‌. ആ ഐശ്വര്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്‌ നാം ഓരോരുത്തരും. അവിടെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള സങ്കുചിതമായ ഭിന്നതകള്‍ ആശാസ്യമല്ല. മറിച്ച്‌, അഭിമാനത്തോടെ, അഹങ്കാരത്തോടെ ഏറ്റുപറയുക ; നമ്മള്‍ ഇന്ത്യക്കാര്‍. ആയിരത്താണ്ടുകളായി ഇവിടെ പുലരുന്ന സാഹോദര്യത്തില്‍നിന്ന്‌ പാഠമുള്‍ക്കൊണ്ടവര്‍.
ആവര്‍ത്തിക്കട്ടെ ; 

"ഇന്ത്യ എന്റെ രാജ്യമാണ്‌.എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്‌.
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. .................. " 

No comments:

Post a Comment