Pages

Saturday, March 19, 2011

കളഞ്ഞുപോയ ഭൂതം അല്ലെങ്കില്‍ കപ്പക്കള്ളന്മാര്‍

ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ  മാര്‍ക്കേസിന്റെ വിശിഷ്‌ടമായ നോവലാണ്‌ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ എഴുതപ്പെട്ട അതിവിശിഷ്‌ടമായ നോവലുകളില്‍ ഒന്നാണിത്‌. മാക്കൊണ്ട എന്ന ഗ്രാമ പശ്ചാത്തലത്തില്‍ തന്റെ രാജ്യത്തിന്റെ ആഭ്യന്തര ചരിത്രമാണ്‌ മാര്‍ക്കേസ്‌. ആ കൃതിയില്‍ വിശകലനം ചെയ്യുന്നത്‌. മാക്കൊണ്ടയില്‍ വിവിധങ്ങളായ പരിഷ്‌കാരങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ജിപ്‌സി സമൂഹത്തെ ആ നോവലില്‍ മാര്‍ക്കേസ്‌ അവതരിപ്പിക്കുന്നു. കാഴ്‌ചയിലും സമീപനങ്ങളിലും തികച്ചും അപരിഷ്‌കൃതരാണവര്‍. എന്നാല്‍ ഏതു സമൂഹത്തിലെയും നവീന പരിഷ്‌കാരങ്ങള്‍ ആദ്യം തിരിച്ചറിയുന്നത്‌ അവരാണ്‌. അത്തരം പരിഷ്‌കാരങ്ങളെ ഇതര സമൂഹങ്ങളിലെത്തിക്കുന്നതും അവര്‍ തന്നെയാണ്‌.

പ്രാചീന കേരളത്തിന്റെ കഥയും ഇതുതന്നെയാണ്‌. ലോകം മുഴുവനുമുള്ള നവീന സംസ്‌കൃതികള്‍ ഇവിടെ വച്ച്‌ കൈമാറ്റം ചെയ്യപ്പെട്ടു. അത്തരം സംസ്‌കാര വിനിമയത്തിന്റെ മൂഖ്യ കേന്ദ്രങ്ങളായിരുന്നു ഇവിടെത്തെ പ്രാചീന തുറമുഖങ്ങള്‍. എന്നാല്‍ ഇങ്ങനെ സംസ്‌കാര വിനിമയത്തിന്‌ വേദിയാകുമ്പോഴും അത്തരം സംസ്‌കാരങ്ങളില്‍ നിന്ന്‌ ഒരു തരിമ്പുമെടുത്ത്‌ മുഖം മിനുക്കാന്‍ കേരളം സന്നദ്ധത കാണിച്ചിരുന്നില്ല. അബോധപൂര്‍വ്വം സ്വീകരിക്കപ്പെട്ട ചില വൈദേശിക സ്വഭാവങ്ങള്‍ ഇല്ലെന്നല്ല. എങ്കിലും ബോധപൂര്‍വ്വമായ സ്വീകരണം സംഭവിച്ചിട്ടില്ലെന്നത്‌ വസ്‌തുതയാണ്‌.  ഒരേ കാര്യങ്ങള്‍ നൂറ്റൊന്നാവര്‍ത്തിച്ചു വരുമ്പോള്‍ അറിയാതെ അതിന്റെ ഭാഗമായിപ്പോകുന്നത്‌ സാധാരണമാണ്‌.
നമ്മള്‍ വച്ചു പുലര്‍ത്തിയിരുന്ന ഈ വിവേചന ബുദ്ധി ചിലപ്പോഴെങ്കിലും പൊള്ളയായിപ്പോകുന്നത്‌ സാധാരണമാണ്‌. അത്തരം പൊള്ളത്തരത്തിന്റെ ഉത്തമ ഉദാഹരണമാണ്‌ മരച്ചീനിയുടെ കഥ. ആ പോര്‍ട്ടുഗീസ്‌ വിള ഇവിടെത്തെ പ്രമാണിമാരുടെ തീന്‍മേശയില്‍ എത്തുന്നത്‌ വിശാഖം തിരുനാളിന്റെ കാലത്താണെങ്കിലും അതിനും വളരെ മുമ്പുതന്നെ ആ കാര്‍ഷിക വിള ഇവിടെ എത്തിയിരുന്നു. എങ്കിലും പാവപ്പെട്ടവന്റെ ഭക്ഷണമായതുകൊണ്ട്‌ അതിനെ ഇവിടെത്തെ സമുന്നത ജനത അകറ്റിനിര്‍ത്തിയിരുന്നു. ഭക്ഷ്യക്ഷാമമാണെങ്കില്‍ രൂക്ഷം. മരച്ചീനിയുടെ ഈ അപ്പാര്‍ത്തീഡ്‌ അവസാനിപ്പിക്കാന്‍ ഭരണകൂടം ഒരു നടപടി സ്വീകരിച്ചു. നഗരത്തിലെ കണ്ണായ സ്ഥാനത്ത്‌ കപ്പ നട്ടുപിടിപ്പിച്ചു. അത്‌ വളരുന്ന മുറയ്‌ക്ക്‌ അവിടെ ഒരു ബോര്‍ഡ്‌ സ്ഥാപിച്ചു. ഇത്‌ കൊട്ടാരത്തിന്റെ പ്രത്യേക താല്‌പര്യപ്രകാരം നട്ടിരിക്കുന്ന കാര്‍ഷിക വിളയാണ്‌. ഇത്‌ മോഷ്‌ടിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്‌. ഇതായിരുന്നു ബോര്‍ഡിലെ വിളംബരം. കാര്യം കുശാലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. പിറ്റേ ദിവസം മുതല്‍ അവിടെ നിന്നും മരച്ചീനി മോഷണം പോകാന്‍ തുടങ്ങി. ഇങ്ങനെ മോഷ്‌ടിക്കപ്പെട്ട കപ്പത്തണ്ടുകള്‍ നഗരത്തിലെ പ്രമുഖരുടെ അധീനതയിലുള്ള പറമ്പുകളില്‍ മു
ച്ചുവന്നു. കപ്പ ഇവിടെ സ്വീകാര്യമായ കാര്‍ഷിക വിളയായി. ഇതാണ്‌ നമ്മുടെ മനശാസ്‌ത്രം. 
ആ കനി തിന്നരുത്‌ എന്നു പറഞ്ഞാല്‍ നമ്മള്‍ അതു തിന്നും. ഇവിടെ തുപ്പരുത്‌ എന്നു ബോര്‍ഡുവെച്ചാല്‍ അവിടെയേ തുപ്പൂ. ഈ നിഷേധം ആരാണ്‌ പഠിപ്പിച്ചതെന്ന കാര്യം ഇനിയും അന്വേഷിക്കാവുന്ന ഒന്നാണ്‌. ഒളപ്പമണ്ണയുടെ ഒരു കവിതയുണ്ട്‌. അതില്‍ അദ്ദേഹം എഴുതുന്നു
"നിയമം ലംഘിക്കുവാന്‍ പഠിച്ചൂ ചെറുപ്പത്തില്‍ 
നിയമം ലംഘിക്കലേ ശീലമെന്നായീ പിന്നെ."
നിയമം അനുസരിക്കാനുള്ളതല്ല ലംഘിക്കാനുള്ളതാണ്‌ എന്ന ഒരു ചിന്ത നിയമപാലകരില്‍ പോലും കടന്നുകൂടുന്നു.
കള്ളപ്പറയും ചെറുനാഴിയുമല്ലാതെ മറ്റ്‌ കള്ളത്തരങ്ങളൊന്നുമില്ലാതിരുന്ന ഒരു കാലത്തു നിന്ന്‌ പ്രയാണമാരംഭിച്ചവരാണ്‌ നമ്മള്‍. എവിടെ എത്തി നില്‌ക്കുന്നു. കള്ളപ്പറയും ചെറുനാഴിയും ഇല്ലെന്നേയുള്ളൂ. മറ്റെല്ലാം കള്ളത്തരങ്ങളാണ്‌ എന്നായി ഇന്നത്തെ അവസ്ഥ.
             " ഗതം ഗതം സര്‍വ്വമുപേക്ഷണീയം
                ആയാതമായാത മപേക്ഷണീയം"
എന്നത്‌ ഏറെ അംഗീകാരം ലഭിച്ചിട്ടുള്ള ഒരു വിശ്വാസ പ്രമാണമാണ്‌. പോയത്‌ പോയതെല്ലാം ഉപേക്ഷിക്കപ്പെടേണ്ടതാണ്‌. വരുന്നത്‌ വരുന്നത്‌ സ്വീകരിക്കപ്പടേണ്ടതും എന്ന ഈ പ്രമാണത്തില്‍ എന്തോ ഒരപാകത ഇ
ല്ലേ? ഉണ്ട്‌. പോയത്‌ ഉപേക്ഷിക്കപ്പെടേണ്ടതല്ല, തിരിച്ചു കൊണ്ടുവരേണ്ടതാണ്‌ എന്നത്രേ ഇന്നത്തെ വാചകം. അങ്ങനെ പോയതൊക്കെ തിരിച്ചുകൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധരായി ആരെങ്കിലുമൊക്കെ ഉണ്ടായിവരും എന്ന്‌ നമുക്കു പ്രത്യാശിക്കാം. അതിനുവേണ്ടി കാത്തിരിക്കാം.

No comments:

Post a Comment