Pages

Sunday, March 13, 2011

ഗാന്ധി മാര്‍ഗ്ഗം GANDHI MARGAM



"അരിവാങ്ങുവാന്‍ ക്യൂവില്‍-

തിക്കിനില്‌ക്കുന്നൂ ഗാന്ധി
അരികെ കൂറ്റന്‍ കാറി-

ലേറി നീങ്ങുന്നൂ ഗോഡ്‌സേ"
എന്ന്‌ എന്‍. വി. കൃഷ്‌ണവാര്യര്‍ എഴുതുമ്പോള്‍ അതില്‍ ഒരു സ്വപ്‌നഭംഗത്തിന്റെ നിരാശയുണ്ടായിരുന്നു. ഡിപ്ലൊമസി അറിയാത്തവനായി തരംതാഴ്‌ത്തപ്പെട്ട പാവം ഗാന്ധി, ഒരു നവരാഷ്‌ട്ര നിര്‍മ്മാണത്തിനുവേണ്ടി അദ്ദേഹം സമാഹരിച്ചുവെച്ചതൊക്കെയും ആരൊക്കെയോ തട്ടിത്തൂവിക്കളഞ്ഞു. മുത്തശ്ശന്റെ വടി കൈക്കലായപ്പോള്‍ അവര്‍ വന്നവഴിയാകെ മറന്നു. അതു ചെങ്കോലാക്കി അധികാര ഡംഭ്‌ കാണിച്ചു.
പൊതുമുതല്‍ ചെലവിട്ട്‌ കുതിരവണ്ടി വിളിച്ച്‌ യാത്ര ചെയ്‌തതിന്‌ ഉന്നതനായ ആചാര്യകൃപലാനിയെപ്പോലും അത്താഴപ്പട്ടിണിക്കിടാന്‍ ഗാന്ധിജിക്ക്‌ മടിയുണ്ടായില്ല. അങ്ങനെയുള്ള ഒരു ഗാന്ധി ഇന്ന്‌ ജീവിച്ചിരുന്നെങ്കില്‍ ................ ആ ഗാന്ധിക്ക്‌ പൊതുപ്രവര്‍ത്തകരുടെ മേല്‍ ശിക്ഷവിധിക്കാനുള്ള ധാര്‍മ്മിക ശക്തി നിലനിന്നിരുന്നെങ്കില്‍?. എങ്കില്‍ തീര്‍ച്ചയായും നമ്മുടെ പൊതു പ്രവര്‍ത്തകരില്‍ വളരെക്കുറച്ചുപേര്‍ക്കു മാത്രമേ അത്താഴം കഴിക്കാന്‍ അവസരമുണ്ടാകുമായിരുന്നുള്ളു.
പക്ഷേ ആ ഗാന്ധിയെ അന്നേ നമ്മള്‍ വധിച്ചു. എന്നിട്ട്‌ പൊതു മുതല്‍ നന്നായി ധൂര്‍ത്തടിച്ചു. അതിനുശേഷം സുഭിക്ഷമായി അത്താഴം കഴിച്ചുറങ്ങി. ഇത്‌ മൂല്യച്യൂതിയാണ്‌. ഗാന്ധിജിയുടെ ഒസ്യത്തുവാങ്ങി ഖദര്‍ ചൂടി നടക്കുന്ന ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകര്‍ ഈ മൂല്യച്യൂതിക്കെതിരെ എന്തു ചെയ്യുന്നു ? 


എന്‍.വി. കൃഷ്‌ണവാര്യര്‍ ഗാന്ധിയും ഗോഡ്‌സേയും എഴുതുമ്പോള്‍ ഗോഡ്‌സേമാര്‍ മാത്രമേ കൂറ്റന്‍ കാറിലേറി സഞ്ചരിച്ചിരുന്നുള്ളൂ. ഇന്ന്‌ ഗാന്ധിയന്മാരും കൂറ്റന്‍ കാറുകളിലേറി സഞ്ചാരം നടത്തുന്നു........................ നമ്മള്‍ ലാളിത്യം മറന്നിരിക്കുന്നു.
ഗാന്ധിജി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവയുടെയൊക്കെ ആധാരം സത്യവും അഹിംസയും ലാളിത്യവുമായിരുന്നു. അതേറ്റു വാങ്ങിയവരായിരുന്നു ആദ്യകാല ഗാന്ധി മാര്‍ഗ്ഗ പ്രവര്‍ത്തകര്‍. അവരുടെ കുലം അന്യം നിന്നുപോയിട്ടില്ല. ഒറ്റപ്പെട്ട്‌ ചിലര്‍ അങ്ങിങ്ങു ജീവിക്കുന്നുണ്ട്‌. അവര്‍ക്കൊക്കെ വിനീത വന്ദനം.
എന്നാല്‍ മറ്റു ചിലര്‍ക്ക്‌ ഗാന്ധി ഒരു പരിചയാണ്‌. സംഘടനാ നാമത്തില്‍ ഒരു ഗാന്ധിയും ഉടലില്‍ ഒരു തുണ്ട്‌ ഖാദിയുമുണ്ടെങ്കില്‍ ഇന്നും ഇന്ത്യയിലതു കവചമാണ്‌. ഇതിനു രണ്ടിനും വലിയ വിലയും നല്‌കേണ്ടി വരുന്നില്ലെന്നത്‌ അനുകൂല ഘടകമാണ്‌. അങ്ങനെ ഗാന്ധിയെ കവചമാക്കി ഗോഡ്‌സേയെ സേവിക്കുന്നവര്‍ക്കെതിരെ കരുതിയിരിക്കുക എന്നേ പറയുന്നുള്ളൂ. പണ്ട്‌ യൂദാസ്‌ മുപ്പതുവെള്ളിക്കാശു വാങ്ങിയിട്ട്‌ ക്രിസ്‌തുവിനെ ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്‌തുള്ളൂ. ഇന്ന്‌ നമ്മള്‍ മാറുന്ന മാര്‍ക്കറ്റ്‌ വാല്യൂ അനുസരിച്ച്‌ ഏറിയും കുറഞ്ഞുമുള്ള വിലയ്‌ക്ക്‌ ഗാന്ധിയെ വിറ്റു തിന്നുന്നു.
സാമൂഹ്യമായ അനീതികളും അകറ്റിനിര്‍ത്തലുകളും കൊടികുത്തിവാണ ഒരു കാലത്താണ്‌ ഇവിടത്തെ ഗാന്ധിമാര്‍ഗ്ഗികളുടെ ഒന്നാം തലമുറ പ്രവര്‍ത്തിച്ചു തുടങ്ങിയത്‌. അവര്‍ ഈ ലോകം വിട്ടുപോകുന്ന സന്ദര്‍ഭത്തില്‍ കേരളം തുല്യ നീതിയുടെ ഉന്നതശിഖരങ്ങളില്‍ ചെന്നെത്തിയിരുന്നു. വെറും അന്‍പത്‌- അറുപത്‌ വര്‍ഷം കൊണ്ടാണ്‌ ആയിരത്താണ്ടുകളുടെ അപ്പാര്‍ത്തീഡ്‌ അകന്നുപോയത്‌. ഇത്‌ ആ പോയ തലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമായിരുന്നു. 

അങ്ങനെയൊക്കെയാണ്‌ ഈ കേരളം ദൈവത്തിന്റെ സ്വന്തം നാടായത്‌. ഇപ്പോള്‍ നമ്മള്‍ വീണ്ടുമൊരു പരിണാമ സന്ധിയിലാണ്‌. ആ റിവേഴ്‌സ്‌ ചെയ്‌ഞ്ചില്‍ നമ്മുടേത്‌ ചെകുത്താന്റെ നാടാകില്ല എന്നാരു കണ്ടു. അത്തരമൊരു ദുരവസ്ഥയ്‌ക്കെതിരെ ഗാന്ധിമാര്‍ഗ്ഗം ആയുധമാക്കിയവരില്‍ നിസ്വാര്‍ത്ഥരെ നമുക്കു മുന്നില്‍ നിര്‍ത്താം.
"പതിത കാരുണികരാം ഭവദൃശസുതന്മാരെ
ക്ഷിതീദേവീക്കിന്നു വേണമധികംപേരെ"
എന്ന്‌ അവരെ ഓര്‍ത്തും പാടാം.

No comments:

Post a Comment