Pages

Tuesday, October 25, 2011

MUHAMMED ABDURAHMAN SAHIB

മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ 
"പാടിടട്ടെ സുസ്വതന്ത്രകണ്‌ഠമുയര്‍ത്തെങ്ങള്‍
പാടലമാം നിന്റെ കീര്‍ത്തി തലമുറകള്‍ക്കായി 
എങ്കിലെന്തീഹര്‍ഷ ബിന്ദു തങ്കുമോനിന്‍ കാതില്‍
മംഗളാത്മനേ, മുഹമ്മദ്‌ അബ്‌ദു റഹ്‌മാനേ." ഇന്ത്യാ ചരിത്രത്തില്‍ എന്നും ജാതിയും മതവും നിര്‍ണ്ണായക ഘടകങ്ങായിരുന്നു. ചിലര്‍ ഇതിനെ കുമാര്‍ഗ്ഗങ്ങളിലേയ്‌ക്ക്‌ തിരിച്ചു വിടുമ്പോള്‍ അതിനു തടയിട്ടുകൊണ്ട്‌ അതാതു ജനവിഭാഗങ്ങളില്‍ നിന്നു തന്നെ സുസമ്മതനായ ഒരു നേതാവ്‌, ദേശസ്‌നേഹിയായ നേതാവ്‌ ഉയര്‍ന്നു വരുന്നത്‌ സാധാരണമാണ്‌. അവന്‍ ദേശീയ വികാരമുള്‍ക്കൊണ്ട്‌ ദേശത്തിനാകമാനം പ്രിയങ്കരരായി മാറുന്നു. മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബിനെക്കുറിച്ചു പറയുമ്പോഴും ഇതുതന്നെ പറയാം. ദേശീയ മുസല്‍മാന്റെ, അല്ലെങ്കില്‍ ദേശീയതയുടെ തന്നെ പ്രതീകമായിരുന്നു അദ്ദേഹം. ഖിലാഫത്ത്‌ കലാപത്തിന്റെ കാലത്തും അതിനു ശേഷവും അക്രമ വിരുദ്ധവും ദേശാഭിമാന പ്രചോദിതവും മതനിരപേക്ഷവുമായ സമീപനങ്ങളിലൂടെയാണ്‌ അദ്ദേഹം മലബാറിന്റെ മനസ്സ്‌ കീഴടക്കിയത്‌.

കൊടുങ്ങല്ലൂരില്‍ അഴിക്കോട്ടെ പ്രമുഖമായ കറുകപ്പാടം തറവാട്ടിലായിരുന്നു അബ്‌ദു റഹ്‌മാന്‍ സാഹിബിന്റെ ജനനം.1898-ല്‍ അഴീക്കോട്‌ പ്രൈമറി സ്‌കുളിലും കൊടുങ്ങല്ലൂര്‍ ഹൈസ്‌കുളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ വാണിയമ്പാടിയിലെ മദ്രസഇസ്ലാമിയയില്‍ ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന്‌ മദ്രാസ്‌ മുഹമ്മദന്‍സ്‌ കോളേജിലും മദ്രാസ്‌ പ്രിസിഡന്‍സി കോളേജിലും ജാമിയ മില്ലിയ യുണിവേഴ്‌സിറ്റിയിലും പഠനം നടത്തി. തുടര്‍ന്ന്‌ കോണ്‍ഗ്രസ്സിലൂടെ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി .
മലബാറില്‍ ഖിലാഫത്ത്‌ പ്രസ്ഥാനമാരംഭിക്കുമ്പോള്‍ അതിന്‌ കോണ്‍ഗ്രസ്സിന്റെ പിന്തുണ ഉണ്ടായിരുന്നു. ആ ബ്രിട്ടീഷ്‌ വിരുദ്ധ കലാപത്തിന്റെ ആദ്യഘട്ടത്തില്‍ അബ്‌ദുറഹ്‌മാന്‍ സാഹിബും പങ്കെടുത്തു. അപ്പോഴും അദ്ദേഹത്തിന്റെ വഴി സമാധാനത്തിന്റേതും അഹിംസയുടേതുമായിരുന്നു. ഇതര മതസ്ഥരെ ഒരു വിധത്തിലും ദ്രോഹിക്കുന്ന രീതിയില്‍ സമരമുണ്ടാകാതിരിക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. എന്നാല്‍ ഈ ദേശീയവാദി നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുകയും സമര നേതൃത്വം വിധ്വംസക പ്രവര്‍ത്തകര്‍ കയ്യടക്കുകയും ചെയ്‌തതോടെ ആ ലഹള മറ്റൊരു വഴിയിലേയ്‌ക്ക്‌ നയിക്കപ്പെട്ടു. അതുവഴി മലബാറിലുണ്ടായ സാമൂദായികമായ വിടവ്‌ നികത്തുന്നതില്‍ അബ്‌ദുറഹ്‌ മാന്‍ സാഹിബിന്റെ സംഭാവന മഹത്തരമായിരുന്നു.
ഇസ്ലാം വിശ്വാസികളെ ദേശീയ ധാരയിലേയ്‌ക്കു കൊണ്ടുവരുന്നതിനും അവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ്‌ 1928 ല്‍ അദ്ദേഹം അല്‍ അമീന്‍ എന്ന പത്രം ആരംഭിക്കുന്നത്‌. ആ വര്‍ഷത്തെ നബി ദിനമായ ഒക്‌ടോബര്‍ 12-ന്‌ പ്രസിദ്ധീകരണമാരംഭിച്ച അല്‍ അമീന്‍ ആദ്യഘട്ടത്തില്‍ ഒരു ത്രൈവാരികയായിരുന്നു. പിന്നീട്‌ 1930 ജൂണ്‍ 25 മുതല്‍ അതൊരു ദിനപത്രമായി പുറത്തുവന്നു തുടങ്ങി. ഇടയ്‌ക്കു നിന്നും വീണ്ടും തുടര്‍ന്നും പ്രവര്‍ത്തിച്ച ഈ പ്രസിദ്ധീകരണം 1933സെപ്‌തംബര്‍ 29 വരെ മാത്രമേ പുറത്തിറങ്ങിയുള്ളൂ.കെ.പി. കേശവ മേനോന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാതൃഭൂമി പത്രം ലക്ഷ്യംവെച്ചമട്ടിലുള്ള ഒരു ദേശീയോദ്‌ഗ്രഥന ശ്രമം തന്നെയായിരുന്നു അല്‍ അമീനിലുടെ അബ്‌ദു റഹ്‌മാന്‍ സാഹിബും ഉദ്ദേശിച്ചത്‌. അത്തരം ഒരു ലക്ഷ്യത്തിന്‌ സാര്‍ത്ഥകമായ സംഭാവനകള്‍ നല്‌കാന്‍ അല്‍ അമീനും കഴിഞ്ഞു.
1930-ലെ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട്ട്‌ ഉപ്പുകുറുക്കാനിറങ്ങിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേതൃത്വം കൊടുത്തത്‌ അബ്‌ദുറഹ്‌മാന്‍ സാഹിബായിരുന്നു. അവിടെ വച്ച്‌ സാഹിബിനെ മര്‍ദ്ദിക്കുകയും അറസ്റ്റ്‌ ചെയ്‌ത്‌ 9 മാസത്തെ തടവിനു ശിക്ഷിക്കുകയും ചെയ്‌തു. വെല്ലൂരിലും ബെല്ലാരിയിലുമായി അദ്ദേഹം ഈ തടവുശിക്ഷ അനുഭവിച്ചു.
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അന്ത്യമായപ്പോഴേയ്‌ക്കും മലബാറിലെ കോണ്‍ഗ്രസ്സില്‍ മുന്നു ഗ്രുപ്പുകള്‍ സജീവമായിത്തീര്‍ന്നിരുന്നു. അബ്‌ദുള്‍ റഹ്‌മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ദേശീയ മുസ്ലീങ്ങള്‍ക്കു മേല്‍ക്കൈയുണ്ടായിരുന്ന ഒരു വിഭാഗം, ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി അഥവാ സി.എസ്‌.പി. എന്ന ഇടതുപക്ഷത്തിന്റെ മറ്റൊരു വിഭാഗം, ഗാന്ധിമാര്‍ഗ്ഗികളുടെ മൂന്നമത്തെ വിഭാഗം. ഈ മൂന്നു വിഭാഗങ്ങളും...................ഏറെക്കുറെ തുല്യശക്തികളായിരുന്നു. ഇതില്‍ അബ്‌ദുറഹ്‌മാന്‍ സാഹിബിന്റെ ഗ്രൂപ്പും സി.എസ്‌.പി ഗ്രുപ്പും ഒന്നുചേര്‍ന്ന്‌ മത്സരിച്ച്‌ മൂന്നാം ഗ്രുപ്പിനെ പരാജയപ്പെടുത്തി നേതൃത്വം പിടിച്ചെടുത്തു. അങ്ങനെ മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ പ്രസിഡന്റും ഇം.എം.എസ്‌ .തമ്പൂതിരിപ്പാട്‌ സെക്രട്ടറിയുമായി കെ.പി.സി.സി. പുന:സംഘടിപ്പിക്കപ്പെട്ടു.
പിന്നീട്‌ 1940-ല്‍ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ വീണ്ടും അറസ്റ്റ്‌ ചെയ്യപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ട തടവുശിക്ഷ കഴിഞ്ഞ്‌ അദ്ദേഹം പുറത്തു വന്നപ്പോള്‍ ഇവിടെ ദ്വിരാഷ്‌ട്രവാദം ശക്തിപ്പെട്ടു കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നുമാറി ഒരു മാപ്പിളസ്ഥാന്‍ എന്ന മട്ടില്‍ മലബാറിലെ മുസ്ലീങ്ങളില്‍ ഒരു വിഭാഗത്തിനിടയിലും വിഭജനബോധം കടന്നു വന്നു കഴിഞ്ഞിരുന്നു. ആ വിധ്വംസക മനോഭാവത്തിനെതിരെയായിരുന്നു അബ്‌ദു റഹ്‌മാന്‍ സാഹിബിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം. ആ മട്ടില്‍ വിഭജന മനോഭാവത്തിനെതിരെയുള്ള ഉദ്‌ബോധനമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗം പോലും.
1945 നവംബര്‍ 23-ന്‌ വൈകുന്നേരം കോഴിക്കോടിനടുത്ത്‌ കൊടിയത്തൂരില്‍ നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹം അവസാനമായി പ്രസംഗിച്ചത്‌. സ്‌പര്‍ദ്ധയും വിദ്വേഷവും കൊണ്ട്‌ അന്ധത ബാധിച്ച ഒരു വിഭാഗത്തോട്‌ ആ അന്ത്യ പ്രഭാഷണത്തിലും അദ്ദേഹം പറഞ്ഞത്‌ ദേശീയതയുടെയും ഐക്യത്തിന്റെയും വിശിഷ്‌ട മന്ത്രങ്ങളായിരുന്നു. അദ്ദേഹം പറഞ്ഞു.

"നിങ്ങളോട്‌ പലരും പലതും പറഞ്ഞ്‌ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കും. അതൊന്നും നിങ്ങള്‍ ചെവിക്കൊള്ളരുത്‌.ഞാന്‍ പറയുന്നതു തന്നെയും നിങ്ങള്‍ കേള്‍ക്കണമെന്നില്ല. ദൈവ വചനമായ ഖുര്‍ ആനും നബി വചനവും മാത്രം നോക്കി നടക്കുക. അയല്‍വാസികളായ ഹിന്ദുക്കളോട്‌ ഒരിക്കലും ശത്രുതയില്‍ വര്‍ത്തിക്കരുത്‌. അത്‌ നമുക്ക്‌ ദോഷമേ ചെയ്യൂ......................... " 
അങ്ങനെ നീണ്ടു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ ആ പ്രസംഗം കഴിഞ്ഞ്‌ അദ്ദേഹത്തിന്‌ മടങ്ങി വീട്ടിലെത്താനായില്ല. സമ്മേളനം കഴിഞ്ഞ്‌ മടങ്ങും വഴി ഹൃദയാഘാതത്തെ തുടര്‍ന്ന്‌ വഴിയില്‍ വച്ചു തന്നെ അന്തരിക്കുകയായിരുന്നു.
അബ്‌ദു റഹ്‌മാന്‍ സാഹിബിന്റെ അകാലത്തിലുണ്ടായ ആ മരണം ഞെട്ടലോടെയാണ്‌ മലബാറിലെ ജനസാമാന്യം ശ്രവിച്ചത്‌. ഗാന്ധിജി മുതല്‌ക്കുള്ള ദേശീയ നേതാക്കളും ആ നടുക്കം പങ്കുവെച്ചു. ആ ദുരന്തത്തെക്കുറിച്ച്‌ ഒരുപാടുപേര്‍ കവിതയിലൂടെ വ്യസനം പങ്കുവെച്ചു. ഇതാ ഇടശ്ശേരിയുടെ വരികള്‍.

"പാടിടട്ടെ സുസ്വതന്ത്രകണ്‌ഠമുയര്‍ത്തെങ്ങള്‍
പാടലമാം നിന്റെ കീര്‍ത്തി തലമുറകള്‍ക്കായി 
എങ്കിലെന്തീഹര്‍ഷ ബിന്ദു തങ്കുമോനിന്‍ കാതില്‍
മംഗളാത്മനേ, മുഹമ്മദ്‌ അബ്‌ദു റഹ്‌മാനേ."

ദൗത്യപൂര്‍ണ്ണമായിരുന്ന അബ്‌ദുള്‍ റഹ്‌മാന്‍ സാഹിബിന്റെ ജീവിതം. അന്നത്തെ മലബാറിലെ ഏറ്റവും പിന്നാക്ക വിഭാഗമായിരുന്നു മുസ്ലിങ്ങള്‍. വിദ്യാഭ്യാസത്തോടും പരിഷ്‌കാരത്തോടും പുറം തിരിഞ്ഞുനിന്ന അവരെ സമുദ്ധരിപ്പിക്കാനും സംഘടിപ്പിക്കാനും അദ്ദേഹം ഒരുപാട്‌ അധ്വാനിച്ചു. ഇങ്ങനെ സ്വസമുദായത്തെ സംഘടിപ്പിക്കുമ്പോള്‍ തന്നെ തങ്ങള്‍ ബഹുവിശ്വാസ സമന്വിതമായ ഒരു സമൂഹത്തിലെ അംഗങ്ങളാണെന്നും സാഹോദര്യവും സഹിഷ്‌ണതയും ശീലിക്കേണ്ടവരാണെന്നും അദ്ദേഹം അവരെ ഉദ്‌ബോധിപ്പിച്ചു. മലബാറിന്റെ മനസ്സ്‌ അതു സ്വീകരിച്ചിരുന്നു എന്നു വേണം കരുതാന്‍. അദ്ദേഹം വിരിച്ച ആ സമന്വയ മന്ത്രം പിന്നെയും ദശാബ്‌ദങ്ങള്‍ അവിടെ നിലനിന്നു. പക്ഷേ മാറിയ സാഹചര്യത്തില്‍ അത്തരം വിശിഷ്‌ടോപദേശങ്ങള്‍ക്കുമേല്‍ വിഷലേപനം നടത്താന്‍ ചിലരെങ്കിലും ശ്രമിച്ചിട്ടുണ്ട്‌ എന്നുള്ളത്‌ വാസ്‌തവമാണ്‌. അവരോട്‌ പറയട്ടെ ; ഇന്ത്യയുടെ മണ്ണും മനസ്സും അഖണ്‌ഡമായിരിക്കുമ്പോള്‍ നമ്മള്‍ അജയ്യരായിരിക്കും. അതില്‍ വിഭാഗിയതയുടെ പുഴുക്കുത്തു വീണുപോയാല്‍ നമുക്ക്‌ ടാഗോര്‍ സങ്കല്‌പിച്ച ആ സ്വാതന്ത്ര്യസ്വര്‍ഗ്ഗം അന്യമായിപ്പോകും. അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ വളരെ നേരത്തേ കണ്ടറിഞ്ഞ്‌ അതിനെ അമര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തിച്ചു എന്നതാണ്‌ മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബിനെപ്പോലെയുള്ളവരെ ചരിത്രത്തിന്റെ സ്‌മൃതി ശേഖരങ്ങളില്‍ താങ്ങിനിര്‍ത്തുന്ന ഘടകം.
നന്മതിന്മകള്‍ കതിരും പതിരുംപോലെ എന്നുമുണ്ടാകും. അതില്‍ നിന്ന്‌ എല്ലാം പേറ്റിക്കൊഴിച്ചെടുക്കുമ്പോള്‍ കാലം നന്മയെമാത്രം നിലനിര്‍ത്തും എന്നറിയുക. ആ നന്മയുടെ പക്ഷത്ത്‌ അണിചേരാന്‍ ഈ ദേശാഭിമാനിയുടെ പേരില്‍ ഓരോരുത്തരെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു.

1 comment:

  1. ലേഖനം വളരെ നന്നായി. അബ്ദുറഹ്മാന്‍സാഹിബിനെക്കുറിച്ച് സാമാന്യമായ അറിവു പകര്‍ന്നു തരുന്നു.

    ReplyDelete