സോപാന സംഗീതവും കഥകളി സംഗീതവും SOPANA SAMGEETHAM

സോപാനം എന്ന വാക്കിന് പടിക്കെട്ട് എന്ന അര്‍ത്ഥണ്ടു ആരോഹണവരോഹണങ്ങളുടെ - കയറ്റിറക്കങ്ങളുടെ പ്രതീകങ്ങളാണല്ലോ പടിക്കെട്ടുകള്‍. ആ മട്ടില്‍ സ്ഥായിഭേദങ്ങള്‍
അഥവാ ആരോഹാവരോഹങ്ങളുടെ ഗീതമാണത്രേ സോപാനസംഗീതം എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഏതു സംഗീതവും ആരോഹണാവരോഹണത്തിലധിഷ്‌ഠിതമായതുകൊണ്ട് സോപാന സംഗീതത്തിനു മാത്രമായി ഇങ്ങനെയൊരു വിശേഷണം ആവശ്യമില്ലെന്ന് മറ്റു ചില്‌ര്‍ വാദിക്കുന്നു. പകരം ക്ഷേത്രസോപാനങ്ങളില്‍ പാടി വരുന്നതിനാലാണ് ഇങ്ങനെ ഒരു പേരുവന്നതെന്നാണ് അവരുടെ അഭിപ്രായം. ഈ രണ്ടു വാദങ്ങളും വസ്‌തുതാപരമാണ്. വാദങ്ങള്‍ എന്തായാലും കേരളത്തിന്റെ തനതു സംഗീതമാണ് സോപാന സംഗീതം.ഈ വിഭാഗത്തില്‍ പെടുന്നതാണ്, കഥകളി സംഗീതവും കൂടിയാട്ട സംഗീതവും കൃഷ്‌ണനാട്ട സംഗീതവുമെല്ലാം. ചുരുക്കത്തില്‍ കേരളത്തിന്റെതെന്ന് നെഞ്ചില്‍ തട്ടി പറയാവുന്ന ക്ലാസിക്കല്‍ കലകളുടെയെല്ലാം സംഗീതാലാപനം സോപാന രീതിയിലാണ്..
ശാസ്‌ത്രീയ സംഗീത്തിന്റെ രാഗവിസ്‌താരവും മറ്റുമില്ലാത്ത ഈ തനതു സംഗീതത്തിന് ജയദേവരുടെ ഗീത ഗോവിന്ദവുമായുള്ള ബന്ധം അതി ദൃഡമായതത്രേ. ക്ഷേത്ര സോപാനത്തില്‍ പാടുന്ന പാട്ടും ഗിതാഗോവിന്ദത്തിനു മാത്രം ഉദ്ദേശിച്ചുട്ടള്ളതാണെന്നു മാത്രമല്ല ഈ സോപാനരീതിയില്‍ ചിട്ടപ്പെടുത്തുന്ന കഥകളി സംഗീതത്തിന്റെ കഥാഭിനയ മുഹൂര്‍ത്തത്തിന് തൊട്ടു മുമ്പിലാലപിക്കുന്ന `മഞ്‌ജുതി കുഞ്‌ജലിത കേളീ സദനേ....` എന്നാരംഭിക്കുന്ന ദേളപ്പദവും ഗീതാ ഗോവിന്ദത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്.
സോപാന സംഗിതവും, കര്‍ണ്ണാടക സംഗീതവും കേരളത്തിന്റെ മുഖ്യ സംഗീത പാരമ്പര്യങ്ങളാണെങ്കിലും ഇവരണ്ടും രണ്ടു മണ്‌ഡലത്തില്‍ നില്‍ക്കുന്ന സംഗീത ധാരകളാണ്. സംഗീതം എന്ന സങ്കല്‍പ്പത്തിലെ നൃത്യാംശം വിട്ടുയര്‍ന്നു കച്ചേരി സംഗീതമായി കര്‍ണ്ണാടക സംഗീതം മാറിപ്പോകുമ്പോള്‍ സോപാന സംഗീതം നൃത്ത ഗീത വാദ്യങ്ങളാകുന്ന രീതികളില്‍ ഊന്നി നില്‍ക്കുന്നു. ആശയത്തിനും ഭാവ പ്രകടനത്തിനും സര്‍വ്വ പ്രാധാന്യം കൊടുത്തുകൊണ്ടാണ് സോപാന സംഗീതം പുരോഗമിക്കുന്നത്. കാര്യമായ രാഗ വിസ്‌താരമോ സ്വരപ്രസ്‌താരമോ ഒന്നുമില്ലാതെ ലഘുവായ രീതിയില്‍ മിക്കവാറും ഒരു സ്ഥായിയില്‍ മാത്രമായി ഒതുങ്ങി നിന്ന് രാഗത്തിന്റെ സ്ഥൂല രൂപം മാത്രം അവലംബിച്ച് ഗമകം സംഗതി മുതലായവയ്‌ക്ക് പ്രാധാന്യം നല്‍കാതെ പ്രായേണ പതിഞ്ഞ മട്ടില്‍ പാടുന്നതാണ് സോപാന സംഗീതത്തിന്റെ രീതി. അതുകൊണ്ടുതന്നെ ഇതൊരു രീതി ഭേദമാണെന്നും ഒരു പ്രസ്ഥാനമോ സമ്പ്രദായമോ അല്ലെന്നും വാദിക്കുന്ന സംഗിത ഗവേഷകരുണ്ട്. ജയദേവരുടെ അഷ്‌ടപദിയോടൊപ്പം ഉത്തരേന്ത്യയില്‍ നിന്ന് പകര്‍ന്നു കിട്ടിയ രീതിയാണിതെന്നും അതുകൊണ്ടുതന്നെ ഇതിനെ തനത് എന്നു പറയുന്നത് യുക്തി ഹീനമാണെന്നും ചില പണ്‌ഡിതന്‍മാര്‍ വാദിക്കുന്നുണ്ട്.
ഇത്തരം മൗലീക വാദങ്ങള്‍ ഒരു വഴിക്കു നടക്കുമ്പോഴും എല്ലാപേരും ഒരുപോലേ സമ്മതിക്കുന്നതാണ് കഥകളി സംഗീതം സോപാന സംഗീതത്തിന്റെ ഉത്തമ മാതൃകയാണെന്ന വസ്‌തുത. കഥകളിയിലെ സാഹിത്യം രണ്ടു വിധമാണ്. കഥാ പാത്ര വാക്യങ്ങളായ അഥവാ സംഭാഷണ സ്വഭാവമുള്ള പദങ്ങളും കഥാഗതിയുടെ വിവരണമായ ശ്ലോകങ്ങളും. രണ്ടും ഗാനരീതിയിലാണ് പാടുന്നത്. കേരളീയ രാഗങ്ങളായി കരുതപ്പെടുന്ന ക്കുറിഞ്ചി, പാടി, ഗോപികാ വസന്തം, നവരസം, ഖണ്ഡാരം, ഇന്ദീശ, ഇന്ദളം തുടങ്ങിയ രാഗങ്ങളിലാണ് ഇവ എറിയ കൂറും പാടുന്നതെങ്കിലും കര്‍ണ്ണാടക സംഗീത രാഗങ്ങളും വിരളമല്ല. ചെമ്പട, അടന്ത, മുറിയടന്ത, ചെമ്പ, പഞ്ചാരി തുടങ്ങിയവയാണ് കഥകളിയിലെ താളങ്ങള്‍. ഇവയ്‌ക്ക് സമാനമായ കര്‍ണ്ണാടക സംഗീത താളങ്ങളും നിലവിലുണ്ട്.

No comments:
Post a Comment