Prasanth Mithran
ജീവിതത്തിന്റെ അതിശായന മണ്ഡലങ്ങളിലാണ് മിക്കവാറും ചലച്ചിത്രങ്ങള്‍ നിലകൊള്ളുന്നത്. പച്ച ജീവിതമാണെന്നു തോന്നിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ അതല്ലാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ അതിനുണ്ട്. ഇങ്ങനെ ജീവിതത്തെ ഒരു സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ അവതരിപ്പിക്കുമ്പോള്‍ അതിന്റെ കോണും മുഴകളും ഒത്തു വന്നില്ലെങ്കില്‍ ഒരു ചെടിപ്പുണ്ടാവുക സ്വാഭാവികമാണ്. കലയുടെ അനന്തമണ്ഡലങ്ങളറിയാതെ, കഥാപാത്രങ്ങളുടെ വികസ്വര വ്യക്തിത്വത്തെക്കുറിച്ചു ബോധമില്ലാതെ ചതുരവടിവിലെ ഒരു ഫോര്‍മൂലയില്‍ തിരക്കഥ പടച്ചുവിടുന്ന എഴുത്തു തൊഴിലാളികളുടെ തിരക്കഥകള്‍ പാളിപ്പോകുന്നതും അതുകൊണ്ടാണ്. മറിച്ച് സാഹിത്വത്തെയും ഭാഷയെയും കലായെയും സിനിമയെയും അതിന്റെ വ്യാപ്തിയും സിദ്ധിയുമനുസരിച്ച് സ്വായത്തമാക്കുന്ന ഒരു തിരക്കഥാകൃത്തിന്റെ രചന ജീവിതത്തിന്റെ ഏതു യഥാതഥ മണ്ഡലങ്ങളെയും കവിഞ്ഞു നിന്നാലും വശ്യമായിരിക്കും. ചാമല്ക്കാര പരമായിരിക്കും ഈ മട്ടില്‍ തിരക്കഥയുടെ എല്ലാ സാധ്യതകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കുറച്ചെഴുത്തുകാര്‍ നമുക്കുണ്ട്, ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു പേരാണ് പി. പത്മരാജന്‍.



