Pages

Friday, March 6, 2015

സ്ഥലനാമങ്ങള്‍, Sthalanamangal

 Prasanth Mithran

http://images.travelpod.com/tw_slides/ta00/9c9/f16/maison-flottante-sur-les-backwaters-de-kerala-ernakulam.jpg
മണ്ണ് അനാദിയായ ഒരു പൈതൃകമാണ്. അത് സ്വന്തം മണ്ണാകുമ്പോള്‍ ഒരു വൈകാരിക പരിവേഷംകൂടി വന്നുചേരുന്നു. അങ്ങനെയാണ് ഇന്ത്യ ഒരു വികാരമായി മാറുന്നത്. അതുപോലെ കേരളവും(Kerala) നമുക്ക് മറ്റൊരു വികാരമാണ്. ഈ പേരുകള്‍ എവിടെനിന്നുണ്ടായി എങ്ങനെയുണ്ടായി എന്നത് കൗതുകകരമായ ഒരറിവും അന്വേഷണവുമാണ്. അത് പലപ്പോഴും ഒരിക്കലും അവസാനിക്കാത്ത തര്‍ക്ക വിതര്‍ക്കങ്ങളുടെ നിമിത്തങ്ങളുമായിരിക്കും. ചേരന്മാരുടെ അളം അഥവാ നിലമാണ് ചേരളവും പിന്നീട് കേരളവുമായതെന്ന് ഒരു നിഗമനമുണ്ട്. അതല്ല, ചേര്‍ അളം അഥവാ ചെളി നിറഞ്ഞ അളമാണ് കേരളമായതെന്ന് മറ്റൊരു നിഗമനമുണ്ട്. അതുമല്ല, പര്‍വ്വതപ്രദേശത്തോട് പിന്നീട് കൂടിച്ചേര്‍ന്ന പ്രദേശമാണ് അഥവാ ചേര്‍ന്ന അളമാണ് ചേരളവും പിന്നീട്
കേരളവുമായതെന്നും ഒരു വാദമുണ്ട്. ഈ വാദങ്ങളല്ല നമ്മുടെ വിഷയം. മറിച്ച് സ്ഥലനാമ പഠനത്തിലെ കൗതുകങ്ങളാണ്.
ഒരു വാക്കിന്റെ ഉത്പത്തി കണ്ടെത്തുന്ന നിരുക്തശാസ്ത്രം പോലെ ഗഹനമായ ഒന്നാണ് സ്ഥലനാമ വിശകലനം. ഏതൊരു സ്ഥലനാമത്തിന്റെയും പിറവിക്കുപിന്നില്‍ ഒരു സംഭവമോ വ്യക്തിയോ വസ്തുവോ ദൃശ്യമോ അനുഷ്ഠാനമോ സ്ഥാപനമോ എന്തെങ്കിലും ഉണ്ടായിരിക്കും. കേരള തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ(Trivandrum) പേരിനു പിന്നില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രവും അനന്തശയനത്തിലുള്ള മഹാവിഷ്ണു പ്രതിഷ്ഠയുമാണ് ഉള്ളത്. http://www.vacationskerala.com/kerala-temples/gifs/trivandrum.jpg

തൃശ്ശിവപേരൂര്‍ അഥവാ തൃശ്ശൂരിന്റെ(Trchur) നാമോത്പത്തി ശൈവമത വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിരു ശിവ പെരിയ ഊര്‍ ആണ് തൃശ്ശിവപേരൂര്‍ ആയി പരിണമിച്ചതത്രെ. തിരു എന്നത് ആദരസൂചകമായി ഉപയോഗിക്കുന്ന ഒരു ഉപസര്‍ഗ്ഗമാണ്. പെരിയ ഊര്‍ എന്നാല്‍ വലിയ ഊര് എന്നര്‍ത്ഥം. എറണാകുളവും(Ernakulam) ഇപ്രകാരം ശിവാരാധനയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണെന്നാണ് പണ്ഡിതമതം. ദേവലന്‍ എന്ന ഋഷി ശാപംമൂലം നാഗമായി മാറിയെന്നും ശാപമോക്ഷത്തിനായി ഈ ഋഷിനാഗന്‍ ഒരു ശിവലിംഗവുമായി കേരളത്തിലെ ഈ കടല്‍ത്തീരത്തെത്തി എന്നും അവിടെ നിലത്ത് വച്ച ശിവലിംഗം അവിടെത്തന്നെ ഉറച്ചുപോയെന്നും ആ സ്ഥലം പിന്നീട് ഋഷിനാഗക്കുളം എന്നറിയപ്പെട്ടു എന്നും അത് പരിണമിച്ചാണ് എറണാകുളം എന്ന സ്ഥലനാമമുണ്ടായി എന്നുമാണ് വാദം. മറ്റൊന്ന് ശിവന്റെ തമിഴ് നാമമായ ഇറയനാര്‍ എന്ന പദവുമായി ബന്ധപ്പെട്ട് സ്ഥലപ്പേരുണ്ടായി എന്നാണ്. ഇറയനാര്‍ കുളമാണ് എറണാകുളമായത് എന്നും അഭിപ്രായമുണ്ട്.
ഇത്തരത്തില്‍ മിക്കവാറും സ്ഥലങ്ങളുടെ പേരുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പൂര്‍വ്വ പശ്ചാത്തലമുണ്ടാകും. അതു പക്ഷേ പലരും പലവിധത്തിലായിരിക്കും വ്യാഖ്യാനിക്കുന്നത്. ഒരു സ്ഥലത്തെ ആദ്യകാല ജനവിഭാഗം, അവരുടെ ആരാധനാ രീതികള്‍, വിശ്വാസപ്രമാണങ്ങള്‍ എന്നിവയുമായി സ്ഥലനാമങ്ങള്‍ക്ക് ബന്ധമുണ്ടായിരിക്കും.
സ്ഥലനാമ പഠനം തികച്ചും സങ്കീര്‍ണമായ ഒരു ഗവേഷണ പദ്ധതിയാണ്. അതില്‍ ഒരു പ്രദേശത്ത് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വളര്‍ന്നുനിന്നിരുന്ന ഒരു മണ്‍പുറ്റിനുപോലും പ്രാധാന്യമുണ്ട്. ഇത്തരം പൂര്‍വ്വ അവശിഷ്ടങ്ങള്‍ സൂക്ഷ്മമായിട്ടപഗ്രഥിച്ചാണ് ഗവേഷകര്‍ ഒരു സ്ഥലനാമത്തിന്റെ നിജസ്ഥിതി നിരീക്ഷിക്കുന്നത്.
കേരളത്തിലെ സ്ഥലനാമങ്ങളില്‍ ആവര്‍ത്തിച്ചു കണ്ടുവരുന്ന അനേകം പദങ്ങളുണ്ട്. ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ് ഊര്‍ എന്നത്. തൃശ്ശൂര്‍, ആലത്തൂര്‍, കുന്നത്തൂര്‍, വഞ്ചിയൂര്‍, കൊടുങ്ങല്ലൂര്‍, കൊട്ടിയൂര്‍, പാച്ചല്ലൂര്‍.... അങ്ങനെ നീളുന്നു ഊരുകള്‍. മറ്റൊന്ന് നാട് എന്ന പദമാണ്. കൂറ്റനാട്, ആനാട്, ചെമ്മനാട് തുടങ്ങി നാടുകളുടെ നിര. കാടാണ് മറ്റൊരു സ്ഥലനാമ ഭാഗം. പാലക്കാട്, നെടുമങ്ങാട്, വെട്ടിക്കാട് എന്നിങ്ങനെ കാടുകള്‍. കുളം, കര, പുര, മേട്, കോട്ട, മല, പള്ളി തുടങ്ങിയ പദങ്ങളിലവസാനിക്കുന്ന സ്ഥലനാമങ്ങളും വിരളമല്ല.
ചില സ്ഥലനാമങ്ങളുടെ ഉത്പത്തിവിശേഷം തിരക്കുമ്പോള്‍ ഏറെ കൗതുകകരമായ വസ്തുതകളാണ് കണ്ടെത്താനാവുക. വര്‍ക്കല എന്നത് ഒരുദാഹരണം. മരവുരി എന്നര്‍ത്ഥം വരുന്ന വല്‍ക്കലം എന്ന പദത്തില്‍ നിന്നാണത്രെ വര്‍ക്കല എന്ന സ്ഥലനാമം രൂപപ്പെട്ടത്.http://static.panoramio.com/photos/large/31630685.jpg

 തിരുവനന്തപുരത്തെ കോട്ടണ്‍ഹില്ലിന് (Cotton Hill) ആ പേരുവന്നത് C.W.C. കോട്ടണ്‍ എന്ന ബ്രിട്ടീഷ് റസിഡന്റ് അവിടെ താമസിച്ചതുകൊണ്ടാണ് എന്നൊരു വാദമുണ്ട്. അതിനെ പരുത്തിക്കുന്ന് എന്ന് വിവര്‍ത്തനം ചെയ്തും കാണുന്നു. ഒറ്റികൊടുത്ത പലം അഥവാ വസ്തുവാണ് ഒറ്റപ്പാല (Ottappalam) മായതത്രെ. ശാപക്കാടാണ് പില്‍ക്കാലത്ത് ചാവക്കാടായത്.
മലയാള ഭാഷയുടെ പരിണാമം പോലെ തന്നെ ഇവിടത്തെ സ്ഥലനാമങ്ങളും തമിഴില്‍ നിന്ന് പരിണമിച്ച് രൂപപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 125 തമിഴ് ധാതുക്കള്‍ മലയാള സ്ഥലനാമങ്ങളിലുണ്ടായിരുന്നവ പില്‍ക്കാലത്ത് മലയാള ശൈലികളായി പരിണമിച്ചിട്ടുണ്ടെന്ന് വി.വി.കെ വാലത്ത് സൂചിപ്പിക്കുന്നു. അതുപോലെ സംഘകാല സാഹിത്യകൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന ഐന്തിണകള്‍ എന്ന അഞ്ച് സ്ഥലരാശികളുടെ സ്വാധീനവും ഇവിടത്തെ സ്ഥലനാമങ്ങളിലുണ്ട്. ബുദ്ധ-ജൈന മതങ്ങളുടെ സ്വാധീനത്തില്‍ നിന്നാണ് പള്ളി, അമ്പലം, കോട്ടം തുടങ്ങിയ സ്ഥലനാമങ്ങളുണ്ടായത്. അതുപോലെ പ്രകൃതിയുടെ സ്വാധീനവും ഇത്തരം സ്ഥലനാമങ്ങളില്‍ വളരെ പ്രകടമാണ്. ഏതു രാജ്യത്തിലെ സ്ഥലനാമങ്ങള്‍ പരിശോധിച്ചാലും അവയില്‍ വലിയൊരു ഭാഗം സ്ഥലജലാത്മകമായ പ്രകൃതിയുടെ ഭിന്നഭാവങ്ങളെ ആസ്പദമാക്കി ഉണ്ടായിട്ടുള്ളവയാണെന്ന് കാണാം എന്ന് ഡോ.കെ.ഗോദവര്‍മ്മ        (Dr. K.Godavarma)  അഭിപ്രായപ്പെടുന്നു. പാലക്കാട്, കമുകിന്‍കോട്, പനമുറ്റം, കറുകച്ചാല്‍, പുല്ലുവഴി തുടങ്ങിയ പേരുകള്‍ സസ്യജന്യമായ സ്ഥലനാമങ്ങളായിരിക്കുമ്പോള്‍ ആനയറ, എരുമപ്പെട്ടി, ഉടുമ്പന്‍ചോല, കീരിക്കാട്, പട്ടിക്കാട്, പന്നിക്കോട് തുടങ്ങിയ സ്ഥലനാമങ്ങള്‍ ജന്തുജന്യമായിരിക്കുന്നു.
സ്ഥലനാമങ്ങളില്‍ മറ്റൊരുകാര്യം വളരെ ശ്രദ്ധേയമാണ്. എറെ പ്രാചീനകാലത്തുള്ള കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സ്ഥലനാമങ്ങള്‍ പോലും അല്പമാത്രം ഭേദത്തോടെ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് ആ വസ്തുത. സംഘം കൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന പല സ്ഥലനാമങ്ങളും അതിന്റെ തമിഴ് ചുവ മാറി മലയാളീകരിക്കപ്പെട്ട രീതിയില്‍ ഇന്നും നിലനില്‍ക്കുന്നു. അതില്‍ നിന്നും മനസ്സിലാക്കാവുന്ന ഒരു വസ്തുതയുണ്ട്. സ്ഥലനാമങ്ങള്‍ പതിഞ്ഞുപോയാല്‍ അത്രയെളുപ്പം മാറിപ്പോകില്ല എന്ന വസ്തുത.
അങ്ങനെ നോക്കുമ്പോള്‍ സ്ഥലനാമങ്ങള്‍ നമ്മുടെ പൈതൃകത്തിന്റെ പ്രാചീന സത്തകള്‍ ഉള്‍ക്കൊള്ളുന്ന അവശിഷ്ടങ്ങളാണെന്ന് പറയേണ്ടിവരും. ചരിത്രത്തിന്റെ, സംസ്‌കാരത്തിന്റെ, കാലപ്രയാണത്തിന്റെ ചൂണ്ടുപലകയായി ദേശത്തിന്റെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ, പ്രാദേശികമായ സ്വത്ത്വബോധത്തിന്റെ ഒക്കെ അടിസ്ഥാനഘടകമായി സ്ഥലനാമങ്ങളെ നമുക്ക് കൂട്ടിച്ചേര്‍ക്കാം.

4 comments:

  1. പേരുകള്‍ക്കെത്രയോ വേരുകള്‍, നേരിന്റെ-
    ചേരുവകള്‍ചേര്‍ത്തെടുക്കുന്നു മിത്രനാം-
    പ്രിയപുത്ര,നപരര്‍ക്കറിയുവാന്‍; മിത്രങ്ങള്‍
    രേഖപ്പെടുത്തേണ്ടതാണഭിപ്രായങ്ങള്‍.
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

    ReplyDelete
  2. കാര്യമാത്രവും യുക്തിഭദ്രവുമായ ലേഖനം -സ്ഥലനാമങ്ങളെക്കുറിച്ച് പഠിക്കുകയും എറണാകുളം ജില്ലയിലെ നൂറോളം സ്ഥലങ്ങളുടെ നാമങ്ങൾ എങ്ങനെയുണ്ടായി എന്നതിനെ പറ്റി മാതൃഭൂമി പത്രത്തിൽ രണ്ടു വർഷത്തോളമായി ലേഖന പരമ്പര എഴുതി വരികയും ചെയ്യുന്ന എനിക്ക് ഈ നിരീക്ഷണങ്ങൾ വളരെ ശരിയാണെന്നു പറയാൻ കഴിയും.

    ReplyDelete