Pages

Friday, October 29, 2010

ഭാരതീയ നാടക സങ്കല്‌പം INDIAN THEATRE

ഭാരതീയ നാടക സങ്കല്‌പം
പ്രശാന്ത്‌ മിത്രന്‍
 
ലോകത്തിലെ അതിപ്രാചീനമായ നാടകവേദികളെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ഏറ്റവും ആദ്യം പരാമര്‍ശിക്കപ്പെടുന്ന രണ്ടുപേരുകള്‍ ഗ്രീക്ക്‌ നാടകവേദിയും ഭാരതീയ നാടകവേദിയുമാണ്‌. അന്തസത്തകളിലും സ്വഭാവത്തിലും സമീപനത്തിലും വിരുദ്ധങ്ങളായ രണ്ടഗ്രങ്ങളിലാണ്‌ ഇവയുടെ സ്ഥാനം. ഒന്നില്‍ സ്വയംകൃതമല്ലാത്ത തെറ്റുകളുടെ പേരില്‍ അനിവാര്യമായ ദുരന്തത്തില്‍ ചെന്നവസാനിക്കുന്ന നായകനെ ആവിഷ്‌കരിക്കുമ്പോള്‍ മറ്റേത്‌ നായകന്റെ അപ്രതിരോധ്യമായ വിജയത്തില്‍ കലാശിക്കുന്നു. ദുരന്തത്തിന്റെയും ശുഭാന്തത്തിന്റെയും ഈ വൈജാത്യം മാത്രമല്ല നാടകത്തെ പാശ്ചാത്യവും പൗരസ്‌ത്യവുമാക്കുന്നത്‌. അതിന്‌ വേറെയും ഒട്ടനേകം ഘടകങ്ങളുണ്ട്‌.
ഭാരതീയ നാടകസങ്കല്‌പത്തെ നമ്മുടെ പൂര്‍വ്വികാചാര്യന്മാര്‍ വ്യക്തമായി നിര്‍വചിക്കുന്നുണ്ട്‌:
``ധീരോദാത്തനതിപ്രതാപ ഗുണവാന്‍
വിഖ്യാതവംശന്‍ ധരാപാലന്‍ നായക-
നഞ്ചുസന്ധികളതി ഖ്യാതം കഥാവസ്‌തുവും
നാലഞ്ചാളുക,ളങ്കമഞ്ചധികമോ
ശൃംഗാരമോ വീരമോ മുഖ്യം നിര്‍വ്വഹ-
ണത്തിലത്ഭുത രസം, നാഥോദയം നാടകം''-
എന്നാണ്‌ നാടകത്തെ നിര്‍വചിക്കുന്നത്‌. ധൈര്യവും പരാക്രമവുമുളള ഗുണവാനും പ്രതാപവാനും രാജാവുമായ നായകന്‍, മുഖസന്ധി, പ്രതിമുഖസന്ധി, ഗര്‍ഭസന്ധി, വിമര്‍ശസന്ധി, നിര്‍വഹണസന്ധി എന്നിങ്ങനെ കഥാഗതിയില്‍ അഞ്ച്‌ സന്ധികള്‍ അഥവാ ഘട്ടങ്ങളുണ്ടാവണം. പ്രധാന കഥാപാത്രങ്ങള്‍ നാലഞ്ചുപേരാകുന്നത്‌ നന്ന്‌. അങ്കങ്ങള്‍ അഞ്ചെങ്കിലുമുണ്ടാകണം. അത്‌ പത്തുവരെയും ആകാം. കഥാഗതിയുടെ മുഖ്യരസം ശൃംഗാരമോ വീരമോ ആയിരിക്കണം. എന്നാല്‍ നിര്‍വഹണ സന്ധിയില്‍ അഥവാ അവസാന ഘട്ടത്തില്‍ അത്ഭുത രസം ജനിക്കുകയും നായകന്‌ വിജയവും ഉത്‌കര്‍ഷവും ഭവിക്കുകയും വേണം. ഇങ്ങനെയാണ്‌ നാടകം രചിക്കേണ്ടത്‌ എന്നാണ്‌ ഈ നിര്‍വചനം വ്യക്തമാക്കുന്നത്‌. ശാകുന്തളം തുടങ്ങിയ വിശിഷ്‌ട നാടകങ്ങളും ഈ നിര്‍വചത്തിലൊതുക്കിപറയാവുന്ന രചനകള്‍ തന്നെയാണ്‌. വിഭിന്നങ്ങളായവയും കുറവല്ല .
ശുദ്ധമായ പാരമ്പര്യ രീതിയനുസരിച്ച്‌ ഒരു നാടകാവതരണം ആരംഭിക്കുന്നത്‌ നാന്ദിവാക്യത്തോടെയാണ്‌. സംവിധായകന്‍ എന്ന്‌ വിശേഷിപ്പിക്കാവുന്ന സൂത്രധാരനാണ്‌ നാന്ദിവാക്യം ചൊല്ലുന്നത്‌. ഇത്‌ ദേവതാസ്‌തുതിപരമായ ഒരു കര്‍മ്മമാണെങ്കിലും ചിലപ്പോള്‍ കഥാവസ്‌തുവിനെക്കുറിച്ചുള്ള ദിങ്‌മാത്ര സൂചനയും അതിലടങ്ങിയിരിക്കും. അതുകഴിഞ്ഞ്‌ പ്രസ്‌താവനയാണ്‌. ഏതെങ്കിലും വിധത്തില്‍ കഥാസൂചന ഇതില്‍ ഉള്‍ക്കൊണ്ടിരിക്കണം എന്നത്‌ നിര്‍ബന്ധമാണ്‌.


നാടകാവതരണത്തെക്കുറിച്ചുള്ള വ്യവസ്ഥാവിധികളില്‍ രംഗപ്രയോഗാര്‍ഹങ്ങളും രംഗപ്രയോഗാനര്‍ഹങ്ങളുമായ കാര്യങ്ങളുണ്ട്‌. യുദ്ധം, മരണം, കുളി, ഭക്ഷണം, ശയനം, കൊലപാതകം തുടങ്ങിയവയൊന്നും രംഗത്ത്‌ അവതരിപ്പിച്ചുകൂടാ എന്നാണ്‌ വിധി. ഇത്തരം സന്ദര്‍ഭങ്ങള്‍ കഥാഗതിയില്‍ അനിവാര്യമായി വരുമ്പോള്‍ അത്‌ പ്രേക്ഷകര്‍ക്ക്‌ ബോധ്യപ്പെടുമാറ്‌ അവതരിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളാണ്‌ അര്‍ദ്ധോപക്ഷേപങ്ങള്‍. വിഷ്‌കംഭം, പ്രവേശകം തുടങ്ങി അഞ്ചാണ്‌ അര്‍ദ്ധോപക്ഷേപങ്ങള്‍. നടന്നുകഴിഞ്ഞതോ നടക്കാനിരിക്കുന്നതോ ആയ കഥാഭാഗങ്ങളെ സംക്ഷേപിച്ച്‌ അങ്കത്തിനു മുമ്പായി അവതരിപ്പിക്കുന്നതാണ്‌ വിഷ്‌കംഭം. ഏറെക്കുറെ വിഷ്‌കംഭത്തിന്റെ ധര്‍മ്മങ്ങള്‍ തന്നെയാണ്‌ പ്രവേശകത്തിനുമുള്ളത്‌. അങ്കത്തിന്റെ ആദിയിലോ മധ്യത്തോ അണിയറയില്‍ നിന്നുകൊണ്ട്‌ കഥാസൂചന നിര്‍വ്വഹിക്കുന്ന ചൂളികയും അര്‍ദ്ധോപക്ഷേപമാണ്‌. ഇതുകൂടാതെ അങ്കമുഖവും അങ്കാവതാരവും അര്‍ദ്ധോപക്ഷേപങ്ങളില്‍പ്പെടുന്നു.
പഞ്ചസന്ധികളില്‍ ആടിത്തീര്‍ക്കുന്ന ജീവിതാവിഷ്‌കാരമാണ്‌ നാടകം എന്ന്‌ പറയാറുണ്ട്‌. മുഖം, പ്രതിമുഖം, ഗര്‍ഭം, വിമര്‍ശം, നിര്‍വഹണം എന്നിങ്ങനെ നിര്‍വചിക്കപ്പെടുന്ന പഞ്ചസന്ധികളെ പ്രാചീനാചാര്യന്മാര്‍ വിശദമായിത്തന്നെ വിശകലനം ചെയ്‌തിരിക്കുന്നു. നാടകത്തിന്റെ ആത്യന്തിക ഫലസിദ്ധിയ്‌ക്കുള്ള ബീജാവാപമാണ്‌ മുഖസന്ധിയില്‍ നടക്കുന്നത്‌. പ്രണയസാഫല്യമാണ്‌ അന്തിമ ഫലമെങ്കില്‍ പ്രണയാങ്കുരവും നായികാനായക സംഗമവും വരെ മുഖസന്ധിയില്‍ വരുന്നു. ഇതിന്റെ പുരോഗതിയും ചെറു വിഘ്‌നങ്ങളുമൊക്കെയുള്ള അടുത്തഭാഗം പ്രതിമുഖ സന്ധിയാണ്‌. അതായത്‌ ഒരു സന്ധിഗ്‌ദ്ധഘട്ടത്തെ ഈ സന്ദര്‍ഭം അവതരിപ്പിക്കുന്നു എന്ന്‌ സാരം. മൂന്നാംഘട്ടമായ ഗര്‍ഭസന്ധിയില്‍ വരുന്നത്‌ ലക്ഷ്യപ്രാപ്‌തിയോടടുത്തെത്തുന്ന ഒരവസ്ഥയാണ്‌. എന്നാല്‍ അത്‌ പെട്ടെന്ന്‌ വഴുതിപ്പോകുന്നു. ശാകുന്തളത്തില്‍ ദുഷ്യന്തന്റെ കൊട്ടാരത്തിലെത്തുന്ന ശകുന്തള മൂടുപടം നീക്കുന്നതുവരെയും അവളുടെ മുഖം കാണുന്ന മാത്രയില്‍ ദുഷ്യന്തന്‍ തിരിച്ചറിയും എന്നായിരുന്നു കരുതിയിരുന്നത്‌. അതുവരെ -മൂടുപടം നീക്കുംവരെ -യാണ്‌ ഗര്‍ഭസന്ധി. മൂടുപടം നീക്കിയിട്ടും ദുഷ്യന്തന്‍ ശകുന്തളയെ തിരിച്ചറിയുന്നില്ല. ഇവിടെ ഫലസിദ്ധിക്ക്‌ വിഘ്‌നം ഭവിക്കുന്നു. ഇങ്ങനെ വിഘ്‌നം ഭവിക്കുന്നതും ആ വിഘ്‌നം നിലനില്‍ക്കുന്നതുമായ സംഭവ-കാലങ്ങളാണ്‌ വിമര്‍ശ സന്ധിയില്‍ വരുന്നത്‌. ഒടുവില്‍ എല്ലാ വിഘ്‌നങ്ങള്‍ക്കും അറുതിവന്ന്‌ ആത്യന്തികമായ സമാഗമത്തിലെത്തുന്നതാണ്‌ നിര്‍വഹണ സന്ധി. ഇവിടെ അത്ഭുതകരമായ സംഭവങ്ങള്‍ ചിത്രീകരിക്കപ്പെടണം എന്നാണ്‌ ആചാര്യവിധി.
നമ്മുടെ പ്രാചീന നാടക സങ്കല്‌പത്തില്‍ സംഭാഷണങ്ങള്‍ക്കും വകഭേദങ്ങളുണ്ട്‌. രംഗത്തുള്ള എല്ലാപേരും കേള്‍ക്കുന്ന മട്ടിലുള്ള സാക്ഷാല്‍ സംഭാഷണം കൂടാതെ അഞ്ചുവിധത്തില്‍ ഇതര സംഭാഷണങ്ങള്‍ നിര്‍വചിക്കപ്പെടുന്നുണ്ട്‌. അവ ആത്മഗതം, പ്രകാശം, ജനാന്തികം, അപവാരിതം, ആകാശഭാഷിതം എന്നിവയാണ്‌. രംഗത്തുള്ള മറ്റു കഥാപാത്രങ്ങളറിയാതെ പ്രേക്ഷകര്‍ക്കറിയാനെന്ന മട്ടില്‍ പറയുന്ന കാര്യമാണ്‌ ആത്മഗതം. അഥവാ സ്വഗതം. ഒരു കഥാപാത്രത്തിന്റെ ഗോപ്യമായ അന്തര്‍ഗതങ്ങളാണ്‌ ഇതുവഴി പ്രേക്ഷകരുടെ ശ്രദ്ധയിലെത്തുന്നത്‌. നേരിട്ടുള്ള സംഭാഷണത്തെയാണ്‌ പ്രകാശം എന്നു പറയുന്നത്‌. ആത്മഗതം ഒരാളിന്റെ മനോവിചാരങ്ങളാകുമ്പോള്‍ ജനാന്തികം രംഗത്തുള്ള രണ്ടിലേറെ കഥാപാത്രങ്ങള്‍ക്കിടയില്‍നിന്ന്‌ രണ്ടുപേര്‍ സ്വകാര്യമായി മൂന്നാമന്‍ കേള്‍ക്കാതെ നടത്തുന്ന സംഭാഷണമാണ്‌ . ആകാശഭാഷിതം അശരീരി തന്നെയാണ്‌. പക്ഷേ പലപ്പോഴും അത്‌ കേള്‍ക്കാറില്ല. പകരം രംഗത്തുള്ള ഒരാള്‍ കേട്ടതായി ഭാവിക്കുകയാണ്‌ പതിവ്‌.


നമ്മുടെ പാരമ്പരൃ സങ്കല്‌പമനുസരിച്ചുതന്നെ നാടകം ശുഭാന്തമാണ്‌. നാഥോദയം എന്നതുകൊണ്ട്‌ സൂചിപ്പിക്കുന്നത്‌ അതാണ്‌. അങ്ങനെ ശുഭാന്തത്തില്‍ കലാശിക്കുന്ന നാടകത്തിന്റെ അന്ത്യത്തില്‍ നന്മനേരുന്ന ഒരു പ്രക്രിയകൂടി നിബന്ധിച്ചിരിക്കുന്നു. അതിനെ പ്രശസ്‌തി എന്നും ഭരതവാക്യം എന്നും വിളിക്കുന്നു.
ഇതാണ്‌ ഭാരതീയ നാടകസങ്കല്‌പത്തിന്റെ അനാദിയായ ചട്ടക്കൂട്‌. ഇതൊരു ചട്ടക്കൂട്‌ മാത്രമാണ്‌. തികച്ചും വ്യവസ്ഥാപിതമായ ഒരു മൂശ. ഈ ചട്ടക്കൂടിനകത്തേക്ക്‌ കഥാവസ്‌തുവും ഭാവനയും ചേര്‍ന്ന മിശ്രിതം ഉരുക്കിയൊഴിച്ച്‌ എല്ലാ നാടകകൃത്തുക്കളും ഒരുപോലെയുള്ള നാടകങ്ങള്‍ വാര്‍ത്തെടുത്തു എന്ന്‌ കരുതരുത്‌. പ്രതിഭാധനരായവര്‍ കൂടുപൊളിച്ച്‌ പുറത്തുപോയി പുതിയ പുതിയ രീതികള്‍ പരീക്ഷിച്ചു. അത്തരം ഒരു ഭാവുകത്വ പരിണാമത്തെക്കുറിച്ച്‌ കാളിദാസന്‍തന്നെ എഴുതിയിട്ടുണ്ട്‌:
``പുരാണമിത്യേവ ന സാധുസര്‍വ്വം
നചാപി കാവ്യം നവമിത്യവദ്യം
സന്തഃപരീക്ഷ്യ ന്യ തരല്‍ ഭജന്തേ
മൂഢഃ പരപ്രത്യയ നേയ ബുദ്ധി''-
എന്ന്‌. പൗരാണികം എന്നതുകൊണ്ട്‌ അത്‌ കുറ്റമറ്റതാകണമെന്നില്ല. പുതിയതായതുകൊണ്ട്‌ മോശവുമാകുന്നില്ല. അറിവുള്ളവര്‍ അതാതിന്റെ ഗുണദോഷങ്ങള്‍ പരീക്ഷിച്ച്‌ തിരിച്ചറിയുമ്പോള്‍ മൂഢന്മാര്‍ മറ്റുള്ളവര്‍ പറയുന്നത്‌ ഏറ്റുപറയുന്നു. അതെ, ഒരിക്കലും ഒരു കലാരൂപം ഒരു ചട്ടക്കൂടില്‍ ഒതുങ്ങുന്നില്ല. ഒതുങ്ങിക്കൂട. അത്‌ നവനവോല്ലേഖ കല്‌പനകളിലൂടെ വികസിച്ച്‌ നവീനമായ ഭാവുകത്വം കൈവരിക്കേണ്ടതുണ്ട്‌. 

ഭരതമുനി വരച്ച ഒരു കളമാണ്‌, അരങ്ങാണ്‌ ഈ കാണുന്നത്‌. കാലാകാലങ്ങളില്‍ അതില്‍ ഒരേമട്ടിലുള്ള കരുക്കള്‍ വച്ച്‌ കളിക്കണമെന്ന്‌ അദ്ദേഹം പോലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. ആ കളങ്ങളില്‍ നിന്ന്‌ നമ്മള്‍ ബഹുകാതം മുന്നോട്ടുപോയി. പക്ഷേ ആ മുന്നോട്ടുപോക്ക്‌ തനിമയില്‍ നിന്നുള്ള പ്രയാണമായിരുന്നോ? പ്രാചീനാചാര്യന്മാര്‍ നിര്‍വചിച്ചുറപ്പിച്ച വ്യവസ്ഥാപിതമായ ഈ ചട്ടക്കൂടുകള്‍ അനുവര്‍ത്തിക്കുന്ന നാടകങ്ങള്‍ക്കപ്പുറം വേറെയുമനേകം നാടകീയ രംഗകലകള്‍ നമുക്കുണ്ടായിരുന്നു. ഇന്നും അവയുണ്ട്‌. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി നമ്മുടെ മുഖ്യധാരാ നാടക സങ്കല്‌പം വികസിച്ചത്‌ യൂറോപ്യന്‍ നാടകവേദിയുടെ ചുവടുപിടിച്ചായിരുന്നു. അതിനെതിരെ പല പ്രസ്ഥാനങ്ങളും ഇവിടെ രൂപംകൊണ്ടെങ്കിലും സംഭാഷണ പ്രധാനമായ ആ ഇറക്കുമതി സങ്കേതമാണ്‌ ഇന്നും ജനപ്രിയമായി തുടരുന്നത്‌. അതൊരക്ഷന്തവ്യമായ തെറ്റായി ഇന്നാരും കണക്കാക്കുന്നു എന്നുതോന്നുന്നില്ല. ``ഭിന്ന രുചിര്‍ഹി ലോകാ''- എന്ന്‌ സമാധാനിക്കാം. എങ്കിലും നമ്മുടെ പൂര്‍വ്വികാചാര്യന്മാര്‍ നാടകത്തെ ഇങ്ങനെ സങ്കല്‌പിച്ചിരുന്നു, നിര്‍വചിച്ചിരുന്നു എന്നറിയുന്നത്‌ ഒരാവശ്യമാണ്‌. അതൊരു പൈതൃകമാണ്‌. ഭാരതീയമായ ആ പൈതൃകത്തിന്റെ അനുരണനങ്ങള്‍ മലയാള നാടക വേദിയിലും ഉണ്ടായിരുന്നു. ലോക നാടകരംഗത്ത്‌ ഇത്‌ ഒരു മൗലികതയായിരുന്നു. ഗ്രീസിലാണ്‌ നാടകമുണ്ടായത്‌, പിന്നീട്‌ അവരെ അനുകരിക്കുകയായിരുന്നു ലോകം മുഴുവന്‍ എന്നുള്ള വാദങ്ങള്‍ക്ക്‌ മറുപടി പറയാന്‍ നമുക്കീ പൈതൃകത്തെ മുന്നില്‍ വയ്‌ക്കാം.

No comments:

Post a Comment