Pages

Friday, March 4, 2011

ഗുരു-ശിഷ്യ ബന്ധം Master & Disciple

ഗുരു-ശിഷ്യ ബന്ധം 


ഹാഭാരതത്തിലെ ഒരു കഥാസന്ദര്‍ഭം ; തന്റെ യുദ്ധനൈപുണ്യത്തെയും വില്ലായ ഗാണ്‌ഡീവത്തെയും നിന്ദിച്ച യുധിഷ്‌ഠിരനെ കൊല്ലാന്‍ വാളുമുയര്‍ത്തി വരുന്ന അര്‍ജ്ജുനന്‍. ആ കുടുംബഛിദ്രം, അന്ത:ഛിദ്രം എങ്ങനെയും പരിഹരിക്കാന്‍ മധ്യസ്ഥനായി നില്‌ക്കുന്ന കൃഷ്‌ണന്‍. ഈ സന്ദര്‍ഭത്തില്‍ ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ കൃഷ്‌ണന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. എഴുത്തച്ഛന്റെ വാക്കില്‍ പറഞ്ഞാല്‍ :
'' ഗുരുവിനെ നീയെന്നൊരുമൊഴിചൊന്നാല്‍
ഗുരുവധം ചെയ്‌ത ഫലമറികെടോ ''
എന്നാണ്‌ അര്‍ജ്ജുനന്‌ യുധിഷ്‌ഠിരന്‍ ജ്യേഷ്‌ഠനാണ്‌, ഗുരുവാണ്‌. ജ്യേഷ്‌ഠനെ നീ എന്നു സംബോധന ചെയ്‌താല്‍ത്തന്നെ ഗുരുഹത്യയുടെ ഫലമായി, പാപം ലഭ്യമായി. അതാണ്‌ ഗുരുവിനോടുള്ള ഭാരതീയ സമീപനം.
മറ്റൊരു കഥയുണ്ട്‌ ; ഇതിനെക്കാള്‍ ദാരുണമായ കഥ. ശ്രീകൃഷ്‌ണ വിലാസം എന്ന പ്രശസ്‌ത കൃതിയുടെ കര്‍ത്താവായ സുകുമാര കവിയുടെ കഥയാണ്‌. അദ്ദേഹം ഗുരുകുലത്തില്‍ താമസിച്ച്‌ വിദ്യ അഭ്യസിക്കുകയാണ്‌. ഗുരുവാണെങ്കില്‍ കരുണാലേശമില്ലാത്ത ഒരാള്‍. ശിക്ഷയാണെങ്കില്‍ കഠിനം, അസഹ്യം. ഒരിക്കലും ഗുരു ഒരു നല്ല മുഖം കാണിച്ചിട്ടില്ല. എല്ലാം കൊണ്ടും നിരാശനായ സുകുമാരന്‍ ആലോചിച്ച്‌ കണ്ടെത്തിയ വഴി ഗുരുവിനെ കൊന്ന്‌ ഈ നരകത്തില്‍ നിന്ന്‌ രക്ഷനേടുക എന്നതായിരുന്നു. അയാള്‍ അതിനുള്ള നീക്കങ്ങളാരംഭിച്ചു. അവസരം പാര്‍ത്തിരുന്നു. ഈ സമയത്ത്‌ യാദൃച്ഛികമായി ഗുരു ഭാര്യയോടു തന്നെക്കുറിച്ച്‌ പ്രശംസിച്ചു സംസാരിക്കുന്നതു കേള്‍ക്കാനിടയായി. അതോടെ സുകുമാരന്റെ എല്ലാപകയും അലിഞ്ഞുപോയി. പശ്ചാത്താപ വിവശനായ അയാള്‍ ഗുരുവിന്റെ അടുത്തെത്തി ചോദിച്ചു.


'' ഗുരുവിനെ വധിക്കാന്‍ ശ്രമിക്കുന്ന ശിഷ്യനു നല്‌കാവുന്ന ശിക്ഷ, പ്രായശ്ചിത്തം എന്താണ്‌ ഗുരോ ? ''
ഉമിത്തീയില്‍ ദഹിച്ചാലും തീരാത്ത പാപമാണത്‌ എന്നായിരുന്നു ഗുരുവിന്റെ മറുപടി. ആ പ്രായശ്ചിത്തം സ്വയമേറ്റെടുത്ത സുകുമാരന്‍ ഉമികൂട്ടി അതില്‍ മുഴുകി നിന്ന്‌ നീറി നീറി മരിച്ചു എന്നാണ്‌ കഥ. ഇതിലെ സുകുമാര കവി യുടെ ആത്മത്യാഗത്തിലൂടെയുള്ള പ്രായശ്ചിത്തം അവിടെ നില്‌ക്കട്ടെ. അതിനെക്കാള്‍ പ്രധാനം ഗുരു നിന്ദയുടെ പാപഫലമാണ്‌. നീറി നീറിയുള്ള മരണം എന്നത്‌ ഉമിത്തീയില്‍ത്തന്നെ വേണമെന്നില്ല. സ്വന്തം മാനസിക പീഡനത്തിലൂടെയാവാം. സ്വന്തം ജീവിത പരാജയങ്ങളിലൂടെയാവാം വേറെയും മാര്‍ഗ്ഗങ്ങളിലൂടെയാവാം.
ഇത്തരം ശിക്ഷകള്‍ വിധിക്കുന്നതിലൂടെ നമ്മുടെ പൂര്‍വ്വ സൂരികള്‍ സങ്കല്‌പിച്ചത്‌ വിശുദ്ധവും ശ്രേഷ്‌ഠവുമായ ഒരു ഗുരുശിഷ്യ ബന്ധമായിരുന്നു. പഴയകാലത്ത്‌ അത്‌ അങ്ങനെതന്നെയായിരുന്നു എന്നു കരുതുന്നതിലപാകമില്ലെന്നു തോന്നുന്നു. പിന്നീടെപ്പഴോ അതില്‍ ഉലച്ചില്‍ വന്നു. കുടിപ്പള്ളിക്കുടങ്ങളിലെ ആശാന്മാര്‍ ഒട്ടുമിക്കപ്പേരും പണ്‌ഡിതന്മാരായിരുന്നില്ല. അത്യാവശ്യം ചില അറിവുകള്‍ സ്വായത്തമാക്കിയിട്ട്‌ അതുതന്നെ ചര്‍ച്ചിത ചര്‍വ്വണം നടത്തുന്ന അല്‌പവിഭവന്മാരായിരുന്നു അവര്‍. എങ്കിലും അവര്‍ ബഹുമാനിക്കപ്പെട്ടു.
ഇന്നാകട്ടെ, പേരിനൊപ്പം നെടുനീളന്‍ ബിരുദങ്ങള്‍ വാരിച്ചുടിയ ഗുരുവരന്മാരെപോലും പോനാല്‍ പോകട്ടും പോടാ എന്നമട്ടിലാണ്‌ കുട്ടികള്‍ സമീപിക്കുന്നത്‌. ഇത്‌ കാലഘട്ടത്തിന്റെ ദുര്‍വ്യതിയാനമായിരിക്കാം.
ഗുരുവിനെ നീയെന്നൊരു മൊഴിചൊല്ലി ഗുരുവധത്തിന്റെ ഫലമേറ്റുവാങ്ങിയ ദ്വാപരയുഗത്തിലെ അര്‍ജ്ജുനനും ഗുരുവിനൊപ്പം മധുപാനം നടത്തുന്ന കലിയുഗത്തിലെ വിക്രമനും വിരുദ്ധങ്ങളായ സാംസ്‌കാരിക പരിണാമത്തിന്റെ പ്രതിനിധികളാണ്‌. ഏതാണ്‌ സ്വീകാര്യമെന്ന്‌ വ്യവഛേദിച്ചറിയാന്‍ നമ്മള്‍ വിശേഷ ബുദ്ധി കാണിക്കേണ്ടതുണ്ട്‌.


ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാലോ.........? അതല്ലാതെ വേറെന്തു മണക്കാന്‍ .....?
ഈ മണങ്ങള്‍, നന്മയുടെയും തിന്മയുടെയും മണങ്ങള്‍, ശുഭത്തിന്റെയും അശുഭത്തിന്റെയും മണങ്ങള്‍, ശ്രേയസിന്റെയും ശ്രേഷ്‌ഠതയുടെയും മണങ്ങള്‍, അവയൊക്കെയും വേറിട്ടറിയാന്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ഘ്രാണശക്തി നല്‌കണേ എന്നു മാത്രം പ്രാര്‍ത്ഥിക്കട്ടേ.

1 comment:

  1. Cnnanam chariyal chnnanemanakkoo ennu Thangal
    'NINGALIL ORAL enna paripadiyiloode theliyichu.
    PAITHRUKAM GAMBHIRAMAKUNNUDDU ....KEEP IT UP
    RAJAGOPAL

    ReplyDelete