Pages

Saturday, March 26, 2011

കയര്‍ മലയാളത്തിലെ ക്ലാസിക്‌ നോവല്‍

COIR; THE CLASSIC NOVEL IN MALAYALAM

ജീവിതം, ജീവിതാവസ്ഥകള്‍, സമൂഹം, ചരിത്രം, രീതി വിശേഷങ്ങള്‍, ആശകള്‍, നിരാശകള്‍, സുഖം, ദു:ഖം, ആഹ്ലാദം, സന്താപം പിന്നെയും ഒരുപാട്‌ ചേരുവകള്‍. ഇവയൊക്കെയും ഒന്നായിട്ടോ പലതായിട്ടോ ചേരുമ്പോഴാണ്‌ ലോകം ഒരു സമഗ്ര പ്രതീതിയായി മാറുന്നത്‌. അങ്ങനെ സമഗ്ര പ്രതീതിയായി മാറുന്ന ലോകത്തെ കലാകാരന്‍, സാഹിത്യകാരന്‍ ആവിഷ്‌കരിക്കുമ്പോള്‍ അത്‌ പരസ്‌പരം ഇഴകള്‍ ചേര്‍ന്ന്‌ ഒന്നാകുന്ന കയറുപോലെയാകുന്നു. അങ്ങനെ ഇഴചേരലുകളിലൂടെ അത്‌ ഒന്നാകുമ്പോള്‍ അതിന്‌ ദൃഢത കൈവരുന്നു. ഇഴകള്‍ പിരിഞകലുമ്പോള്‍ അത്‌ ദുര്‍ബ്ബലവുമകുന്നു. ഇതൊരു സാമാന്യ തത്വമാണ്‌. ഈ തത്വത്തെ മുന്‍നിര്‍ത്തിയാവണം തകഴി തന്റെ ഇതിഹാസ നോവലിന്‌ കയര്‍ എന്ന്‌ പേര്‌ കൊടുത്തത്‌. സമൂഹത്തിലെ വൈവിധ്യങ്ങളുടെ തുമ്പും നാമ്പും കൂട്ടിപ്പിരിച്ച്‌ ജീവിതത്തിന്റെ സമഗ്രചിത്രം ആവിഷ്‌കരിക്കുന്ന ആ രചന മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ വിശിഷ്‌ടമായ നോവലുകളില്‍ ഒന്നാണെന്ന്‌ നിര്‍വിശങ്കം പറയാം.


ഒരുകരയുടെ, ഒരു പ്രദേശത്തിന്റെ ഒരു നൂറു വര്‍ഷത്തെ ചരിത്രം പശ്ചാത്തലമാകുന്ന ഈ നോവലില്‍ കടന്നു വരുന്ന മനുഷ്യപ്രകൃതങ്ങളെ ആരെയും നായകനായോ നായികയായോ നിര്‍വ്വചിക്കാന്‍ കഴിയില്ല. ക്ലാസിപ്പേര്‌കൊച്ചുപിള്ള മുതല്‍ കവിതയുടെ അസ്‌കിത ബാധിച്ച്‌ ഭ്രാന്തായിപ്പോകുന്ന മണികണ്‌ഠന്‍ വരെ, അല്ല അതും കഴിഞ്ഞ്‌ വട്ടത്ര ഗ്രിഗറിവരെനീളുന്ന പുരുഷ കഥാപാത്രങ്ങളെ നോവലിന്റെ ഉപകരണങ്ങള്‍ എന്നല്ലാതെ നായകന്‍ എന്നു പറായനാവില്ല. അങ്ങനെ ഒരു നായികാ നായക സങ്കല്‍പ്പത്തിനുവേണ്ടി ചുഴിഞ്ഞു നോക്കുമ്പോള്‍ നമുക്കു കാണാനാകുന്ന രണ്ടു ഘടകങ്ങള്‍ മണ്ണും ചരിത്രവുമാണ്‌. എല്ലാ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ക്ഷമയായി സ്വീകരിച്ചു കിടക്കുന്ന മണ്ണ്‌ അസാധാരണ സ്വരൂപമുള്ള ഒരു നായിക തന്നെയാണ്‌. ആ മണ്ണിനുമേല്‍ സ്വന്തം കൈത്തെറ്റുകൊണ്ട്‌ പരിണാമം കുറിക്കുന്ന ചരിത്രം വിഭിന്നനായ ഒരു നായകനുമാകുന്നു. കുട്ടനാടിന്റെ ഒരു നൂറ്റാണ്ടുകാലത്തെ ജീവിത സാഹചര്യവും പരിവര്‍ത്തനങ്ങളും അതിന്റെ സമഗ്രഭാവത്തില്‍ തന്നെ ഇതില്‍ ആവിഷ്‌കൃതമാകുന്നു.
ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ തിരുവിതാംകൂറിലാരംഭിച്ച കണ്ടെഴുത്തിന്റെ പശ്ചാത്തലത്തിലാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. അതിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഭൂമിയുടെ നല്‌പുതില്‌പുകള്‍ നിര്‍ണയിച്ച്‌ തരം തിരിക്കാന്‍ വന്ന- ക്ലാസിഫൈ ചെയ്യാന്‍ വന്ന- ഉദ്യോഗസ്ഥനാണ്‌ കൊച്ചുപിള്ള. ക്ലാസിഫൈയര്‍ എന്ന അയാളുടെ തസ്‌തികയെ കുട്ടനാട്ടുകാര്‍, ക്ലാസിപ്പേര്‌ എന്നു വിളിച്ചു. അങ്ങനെ, ക്ലാസിഫൈയര്‍ കൊച്ചുപിള്ള അവര്‍ക്ക്‌ ക്ലാസിപ്പേര്‌ കൊച്ചുപിള്ളയായി. ഭൂമി തരംതിരിച്ച്‌ നികുതി നിശ്ചയിക്കുന്ന ആ ഉദ്യോഗസ്ഥന്‌ അവിടെ ലഭിക്കുന്നത്‌ രാജകീയമായ വരവേല്‌പാണ്‌. അയാള്‍ അവിടെത്തെ മണ്ണും പെണ്ണും ഒരുപോലെ അളന്നുതിട്ടപ്പെടുത്തുന്നു. തനിക്കു പ്രിയപ്പെട്ടവര്‍ക്ക്‌ കണ്ണായ ഭൂമി കരം കുറച്ച്‌ ചാര്‍ത്തിക്കൊടുക്കുമ്പോള്‍ അയാളുടെ അപ്രീതിക്കു പാത്രമാകുന്നവര്‍ക്ക്‌ കല്ലും മുള്ളും നിറഞ്ഞ തരിശു ഭൂമി ഉയര്‍ന്ന നികുതി നിശ്ചയിച്ച്‌ കെട്ടി ഏല്‌പിക്കുന്നു.


ക്ലാസിപ്പേര്‌ കൊച്ചുപിള്ള കൂട്ടനാട്ടെത്തുന്നത്‌ മരുമക്കത്തായത്തിന്റെ പ്രതാപൈശ്വര്യങ്ങള്‍ നിറഞ്ഞു വിളങ്ങുന്ന ഒരു കാലത്താണ്‌. അതിസുന്ദരനായിരുന്നു കൊച്ചുപിള്ള. ആ സൗന്ദര്യം പല വീടുകളിലും പുനര്‍ ജനിച്ചു. പക്ഷേ ജനിക്കുന്നതിനു മുമ്പുതന്നെ ആ കുഞ്ഞുങ്ങളുടെ പിതൃത്വമേറ്റെടുക്കാന്‍ സംബന്ധ ഉണ്ണികളായ നമ്പൂരിമാരുണ്ടായിരുന്നു. അങ്ങനെ കൊച്ചുപിള്ള കരയില്‍ കാമദേവനായും ഭൂമിദേവനായും വിളങ്ങി. ഗന്ധര്‍വ്വനായിപ്പാലും അയാള്‍ പകര്‍ന്നാടി. കൊച്ചുപിള്ളയുടെ കാലത്തുതന്നെ അവിടെ മരുമക്കത്തായത്തിന്റെ തകര്‍ച്ച ആരംഭിച്ചിരുന്നു. കാരണവന്മാരുടെ ഭാര്യമാര്‍ തലയിണ മന്ത്രമോതി കാരണവരെയും കുടുംബത്തെയും പരസ്‌പരമകറ്റുന്നതും തറവാട്ടു സ്വത്ത്‌ താവഴികളറിയാതെ സ്വന്തം കുടുംബത്തിലേയ്‌ക്ക്‌ കടത്തുന്നതും കാരണവന്മാര്‍ കടം വാങ്ങിയിട്ട്‌ അതു വീട്ടാന്‍ മുതലുവിറ്റു തുലയ്‌ക്കുന്നതുമെല്ലാം ഈ വീഴ്‌ചയുടെ നാള്‍ വഴിക്കുറിപ്പുകളായി തകഴി കയറില്‍ രേഖപ്പെടുത്തുന്നു. നായര്‍ ജന്മിമാരില്‍നിന്ന്‌ സ്വത്ത്‌ നമ്പൂതിരിമാരിലേയ്‌ക്കും നസ്രാണികളിലേയ്‌ക്കും ഒഴുകിപ്പോയി. വലിയൊരു മിസ്‌ മാനേജുമെന്റിന്റെ അനിവാര്യ ദുരന്തമായിരുന്നു മരുമക്കത്തായ തരവാടുകളുടെ പതനം എന്നു മനസ്സിലാക്കാന്‍ ചരിത്രരേഖകള്‍ പോലെതന്നെ ഈ നോവലും നമുക്കു വഴികാട്ടുന്നു.
സുഖലോലുപരും ഒരു പരിധിവരെ മടിയന്മാരുമായിരുന്ന മരുമക്കത്തായ തറവാടികളിലെ പുരുഷന്മാര്‍ വിത്തുകുത്തി ഉണ്ണുന്നതിനുപോലും മടിയില്ലാത്തവര്‍ ആയിരുന്നു. അവരുടെ കൈയില്‍ നിന്ന്‌ കുട്ടനാടന്‍ പാടശേഖരങ്ങള്‍ ക്രിസ്‌ത്യാനികളുടെ കൈകളിലേയ്‌ക്കു മാറുന്നതിന്റെ ചിത്രങ്ങള്‍ ഇതിലുണ്ട്‌. അത്‌ കേവലം ഉടമാവകാശത്തിന്റെ കൈമാറ്റമായിരുന്നില്ല. കാലത്തിന്റെയും സാമൂഹ്യാവസ്ഥകളുടെയും രീതിവിശേഷങ്ങളുടെയും പരിണാമമായി അത്‌ അനുഭവപ്പെടുന്നു. 

കാര്‍ഷിക രംഗത്തെ ലഘുയന്ത്രവല്‌കരണവും സംയോജിത കൃഷി ശൈലികളുമൊക്കെ ഒരു കാലത്തിന്റെ അന്ത്യവും മറ്റൊരു കാലത്തിന്റെ ഉദയവും വിളിച്ചു പറയുന്ന പരിണാമങ്ങള്‍ തന്നെയായി. ദേശചരിത്രം ഒരു വിദൂര യാഥാര്‍ത്ഥ്യമായി, പശ്ചാത്തലമായി കിടക്കുന്നുതേയുള്ളു ഇവിടെ. അതിനു സമാന്തരമായി ചരിത്രത്തിന്റെ ദശാസന്ധികളെ കുറിച്ചുള്ള ബോധമാര്‍ജ്ജിക്കാത്ത അനേകമനേകം കഥാപാത്രങ്ങള്‍, അവരുടെ അതിജീവനത്വരകള്‍ ; അതാണീനോവലിന്റെ കാമ്പ്‌. അനാവശ്യമായ തത്വ വിചാരങ്ങളില്ല. ആവശ്യത്തില്‍ കവിഞ്ഞ മഹത്വീകരണമില്ല. നാലുതലമുറകള്‍. അതിലെ നൂറുനൂറുമുഖങ്ങള്‍, അതില്‍ ചില മുഖങ്ങള്‍ നല്ല മിഴിവോടെ തന്നെ ഇതില്‍ നിറയുന്നു. മറ്റു ചിലത്‌ അല്‌പം മങ്ങിത്തെളിയുന്നു. വേറെ ചിലത്‌ ഒന്നു വന്നു മടങ്ങുന്നു. എങ്കിലും ഒന്നു വ്യക്തമാണ്‌ ; കാലത്തെ കവച്ചു കടന്നുള്ള ഒരഭ്യാസവും ഇതിലില്ല. കാലത്തിന്റെ നൂലും പിടിച്ച്‌ അതു വരച്ചിടുന്ന അതിര്‍ രേഖയിലൂടെ സഞ്ചരിക്കുമ്പോള്‍ തകഴിക്ക്‌ വലുതായൊന്നും കാലുതെറ്റുന്നില്ല എന്നതാണ്‌ ഈ നോവലിന്റെ മഹത്വത്തിനാധാരം. ഇത്തരം ഒരു സമഗ്രതയ്‌ക്ക്‌ പിന്നില്‍ സുദിര്‍ഘമായ ഒരന്വേഷണമുണ്ടെന്ന്‌ തകഴിതന്നെ ആ മുഖത്തില്‍ സൂചിപ്പിക്കുന്നു : 

അമ്പലപ്പുഴ താലൂക്കു കച്ചേരിയില്‍ ആയിരത്തി എണ്ണൂറ്റി എഴുപതുകളില്‍ നടന്ന ഒരു ഭൂപരിഷ്‌കരണത്തിന്റെ രേഖകള്‍ കണ്ടുപിടിക്കാന്‍ നിയോഗിക്കപ്പെട്ട വക്കീലായിരുന്നു തകഴി. തന്റെ സീനിയര്‍ വക്കീലിന്റെ ആ നിയോഗമനുസരിച്ച്‌ അന്വേഷണം നടത്തിയതിനെ കുറിച്ച്‌ തകഴി എഴുതുന്നു "പഴയ റിക്കാര്‍ഡുകളെല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുകയായിരുന്നു. ഞാന്‍ അവിടെ വച്ചാണ്‌ ക്ലാസിപ്പേരെ കണ്ടുമുട്ടിയത്‌. പഴയ തറവാടുകള്‍ പലതും എന്റെ കണ്‍മുന്നില്‍ക്കണ്ടു. അവിടത്തെ പലകാരണവന്മാരും അനന്തരവരും ആ ജീര്‍ണ്ണിച്ച രേഖകളില്‍ ജീവിക്കുന്നതു ഞാന്‍ കണ്ടു."
ഇരുപതു വര്‍ഷത്തോളമെടുത്താണ്‌ തകഴി കയര്‍ എഴുതി പൂര്‍ത്തിയാക്കിയത്‌. ആയില്യം തിരുനാളിന്റെ കാലത്തെ കണ്ടെഴുത്തിലാണ്‌ നോവല്‍ ആരംഭിക്കുന്നതെങ്കിലും അതിനുള്ളിലെ കഥകള്‍ അവിടെ നിന്നും പിന്നോട്ടു പോകുന്നു. പുരാവൃത്തങ്ങളായും സൂചിത കഥകളായും മുതിര്‍ന്നവരുടെ മൂന്നനുഭവങ്ങളായുമൊക്കെ അതു കടന്നു വരുന്നു. അങ്ങനെ കഥകളിലൂടെ പിന്നിലോട്ടു സഞ്ചരിക്കുമ്പോള്‍ത്തന്നെ കാലിക ചരിത്രം വിശകലനം ചെയ്യാനും വിട്ടുപോകുന്നില്ല. മാപ്പിള ലഹള, സ്വാതന്ത്ര്യം, സ്വാതന്ത്യാനന്തരകാലം അങ്ങനെ ചരിത്ര വ്യതിയാനങ്ങളും ഉചിതമായ മട്ടില്‍ നോവലിന്റെ ഭുമികയില്‍ കടന്നു വരുന്നു..
ഇവിടെ വ്യക്തമാക്കേണ്ട ഒരു സുപ്രധാന വസ്‌തുതയുണ്ട്‌. കയര്‍ ഒരു ബ്രഹദ്‌ നോവലാണ്‌. ആയിരത്തോളം പേജുകള്‍. എന്നാല്‍ അതിന്റെ മഹത്വം ഈ വലിപ്പത്തിലല്ല. മറിച്ച്‌ അതിന്റെ ശില്‌പഭദ്രതയിലാണ്‌. ഇതിനെക്കാള്‍ വലിയ നോവലുകള്‍ മലയാളത്തിലും ഉണ്ടായിട്ടുണ്ട്‌. അവ നിത്യ നിദാനക്കണക്കുകള്‍ ചര്‍ച്ച ചെയ്‌ത്‌ ഒരു വിരസാനുഭവമാകുമ്പോള്‍ കയര്‍ അതിന്റെ പാത്ര സൃഷ്‌ടിയിലും വികാസ പരിണാമങ്ങളിലും യുക്തികുശലതയിലും വീക്ഷണ സമഗ്രതയിലും വേറിട്ടു നില്‌ക്കുന്നു. ചരിത്രത്തെ എങ്ങനെ ഫിക്ഷനിലാവാഹിക്കാം എന്നതിന്റെ അനുകരണീയ മാതൃകയായി കയര്‍ നമുക്കു മുന്നില്‍ നില്‌ക്കുന്നു. തിരക്കു പിടിച്ച ഒരു വായനയ്‌ക്കുപോലും വഴങ്ങിത്തരുന്ന ഒരു ലാളിത്യമുണ്ടിതിന്‌. എങ്ങനെ വായിച്ചാലും മനസ്സില്‍ തങ്ങുന്ന ചില മുഹൂര്‍ത്തങ്ങളോ, ഉപാഖ്യാനങ്ങളോ, കഥാപാത്രങ്ങളോ അതിലുണ്ട്‌. ഇതൊക്കെയും, ഇപ്പറഞ്ഞ സാഹചര്യങ്ങളൊക്കെയും കയറിനെ മഹത്തായ ഒരു നോവലാക്കുന്നു. തകഴിയെ ഇതിഹാസകാരനാക്കുന്നു. ആ ഇതിഹാസ രചനയെ മുന്‍നിര്‍ത്തിയാണ്‌ ഭാരതം അദ്ദേഹത്തിന്‌ ജ്ഞാനപീഠം നല്‌കി ആദരിച്ചത്‌.


തകഴിയെ കൂട്ടനാടിന്റെ കഥാകാരനായും കുട്ടനാടിന്റെ ഇതിഹാസകാരനായും ആരാധകരും നിരുപകരും വാഴ്‌ത്തിപ്പാടുന്നുണ്ട്‌. കയറിനെ മാറ്റിനിര്‍ത്തി നോക്കുമ്പോള്‍ തകഴി കുട്ടനാടിന്റെ കഥാകാരനേ ആകുന്നുള്ളു. കയറാണ്‌ അദ്ദേഹത്തെ ഇതിഹാസകാരനാക്കുന്നത്‌. എന്നാല്‍ ഈ നോവലിന്റെ വലിപ്പവും വൈവിധ്യവും കാരണം മലയാളി അത്‌ വേണ്ടുംവണ്ണം വായിച്ചു എന്നുതോന്നുന്നില്ല. പറയട്ടേ, ഈ നോവല്‍ വായിക്കൂ നിങ്ങള്‍ മറ്റൊരു ലോകത്തെത്തും, മറ്റൊരു കാലത്തിന്റെ നാഡീ സ്‌പന്ദനങ്ങള്‍ നിങ്ങള്‍ക്കറിയാനാകും. രണ്ടറ്റത്തേയ്‌ക്കും പിന്നിപ്പിരിഞ്ഞു നീളുന്ന ഒരു കയര്‍പോലെ കാലവും സമൂഹവും നിങ്ങളെ ബന്ധനത്തിലാക്കും.

2 comments:

  1. ചെറിയ ചെറിയ നാരുകള്‍ പിരിച്ച് വലിയ നാരുകളാക്കുന്നു,ആ നാരുകള്‍ പിരിച്ച് ചെറിയ കയറും അങ്ങനെയുള്ള ചെറിയ കയറുകള്‍ പിരിച്ച് വലിയ കയറുമുണ്ടാക്കുന്നതുപോലെ വ്യക്തികളുടെ ജീവിതകഥയില്‍ നിന്നും കുടുംബങ്ങളുടെ കഥയും കുടുംബങ്ങളുടെ കഥയില്‍നിന്നും ഒരു നാടിന്റെ കഥയും രൂപപ്പെടുത്തുന്ന അല്‍ഭുത വിദ്യയാണ് കയര്‍.
    വായിക്കുക കമന്റിടുക :-
    http://msntekurippukal.blogspot.com/2011/03/blog-post_27.html

    ReplyDelete
  2. കയർ summary in മലയാളം ഉണ്ടോ

    ReplyDelete