Pages

Friday, November 27, 2009

സ്ത്രീയും പുരുഷനും

സ്ത്രീയും പുരുഷനും

"സ്ത്രീയും പുരുഷനും തുല്യമായ മാനസികസിദ്ധികളാല്‍ അനുഗൃഹീതരാണ്‌. സ്ത്രീ പുരുഷന്റെ സഹകാരിണിയാണ്‌." ഗാന്ധിജിയുടെ വാക്കുകള്‍ മാനസികസിദ്ധിയില്‍ മാത്രമല്ല, ശാരീകസിദ്ധികളിലും സ്ത്രീയും പുരുഷനും തുല്യരാണെന്നു കാണിക്കുന്നതാണ്‌. വടക്കന്‍പാട്ടുകളിലെ സ്ത്രീവൃത്താന്തം. ആയോധനക്കളരികള്‍ പുരുഷകേന്ദ്രിതമായ ഒരിടമായിരുന്നില്ല എന്നു കാണിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ എങ്ങുമുണ്ട്‌. അത്‌ ചരിത്രത്തിന്റെ പഴയ ഒരേടിലായിരിക്കണം. പിന്നീടെപ്പൊഴോ സ്ത്രീകള്‍ കളരിയില്‍നിന്ന് പുറത്താക്കപ്പെട്ടു. അവള്‍ പ്രസവിക്കുന്നതിനും പാലൂട്ടുന്നതിനും പാചകം ചെയ്യുന്നതിനുമൊക്കെയുള്ള ഉപകരണമായി തരം താഴ്ത്തപ്പെട്ടു. അത്‌ സ്ത്രീ സമൂഹത്തിന്റെ എന്നല്ല, പൊതുസമൂഹത്തിന്റെ തന്നെ ഒരിരുണ്ട യുഗത്തിലെ പ്രതിഭാസമായി വിലയിരുത്താം.

പിന്നീട്‌, വീണ്ടും കാലം കറങ്ങിത്തിരിഞ്ഞുവന്നു. ആയോധനക്കളരിയിലല്ലെങ്കിലും ജീവിതത്തിന്റെ എല്ലാ മേഖലയിലും സ്ത്രീ പുരുഷനോടൊപ്പം തോളുരുമ്മി ഇറങ്ങി പ്രവര്‍ത്തിക്കാനാരംഭിച്ചു. അവള്‍ക്കു മുന്നില്‍ വിലക്കുകള്‍ ഇല്ലാതായി . വലിയൊരു സാംസ്കാരിക അപചയത്തിന്റെ അന്ത്യമായിരുന്നു ഈ തുല്യനീതി. അത്തരമൊരു തുല്യനീതിയുടെ പശ്ചത്തലത്തില്‍ കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢപ്പെടും എന്നാഗ്രഹിക്കുന്നതും അങ്ങനെ വിശ്വസിക്കുന്നതും സ്വാഭാവികമാണ്‌ . ആശാസ്യമാണ്‌. എന്നാല്‍ എന്താണ്‌ സംഭവിച്ചത്‌? എന്താണ്‌ ഇന്നത്തെ കേരളീയ സാമൂഹികവ്യവസ്ഥ? ഒരുപാട്‌ കുടുംബങ്ങള്‍ ശിഥിലമായിരിക്കുന്നു. ഒട്ടേറെ കുടുംബങ്ങള്‍ ശൈഥല്യത്തിന്റെ വക്കത്താണ്‌. വിവാഹമോചനം ഒരു ഫാഷനായിരിക്കുന്നു.
പരസ്പരാശ്രിതവും പരസ്പ്രാകൃഷ്ടവുമായ കുടുംബബന്ധങ്ങളെ വാനോളമുയര്‍ത്തുന്നത്‌ കുടുംബത്തിലെ വ്യക്തികള്‍ ഓരോരുത്തരും സ്വയംപര്യാപ്തത കൈവരിച്ച്‌ സ്വന്തം കാലില്‍ നില്ക്കാനുള്ള ശേഷി നേടുന്നതോടെ പരസ്പരാശ്രിതത്വം എന്ന അടിസ്ഥാനമന്ത്രം ഭാഗികമായെങ്കിലും കൈമോശം വരുന്നു. പിന്നെ അവശേഷിക്കുന്നത്‌ പരസ്പരാകര്‍ഷണമാണ്‌. തിരക്കിട്ട ഷഡ്യൂള്‍ഡ്‌ ലൈഫിനിടയില്‍ പരസ്പരാകര്‍ഷണത്തിന്‌ നീക്കിവെയ്ക്കാന്‍ സമയമെവിടെ! പുലര്‍ച്ചെ എണീറ്റ്‌ വീട്ടുകൃത്യവും പിടച്ചടിച്ച്‌ ഓഫീലേക്കിറങ്ങുന്ന വീട്ടമ്മമാര്‍ വൈകുന്നേരം ഇരുട്ട്‌ പുതച്ച്‌ വീട്ടിലെത്തുമ്പോള്‍ കാത്തിരിക്കുന്നത്‌ നൂറ് കാര്യങ്ങളാണ്‌. അതും കൂടി കഴിയുമ്പോള്‍ പിന്നെ നാവനക്കാന്‍ ത്രാണിയുണ്ടാവില്ല. കിടക്കയേ ശരണം. ഉറക്കാമാകുന്നു തപസ്സ്‌.
ബന്ധങ്ങള്‍ ശിഥിലമാകാന്‍ ഇതിനേക്കാള്‍ വലിയ കാരണങ്ങള്‍ വേണമെന്നില്ല. അപ്പോള്‍ ഇതിന്റെ കൂടെ 'സ്ത്രീകള്‍ക്ക്‌' താന്‍ ഏണിംഗ്‌ മെംബെര്‍ എന്ന കോംപ്ലക്സ്‌ കൂടി വന്നാല്‍ വിവാഹമോചനത്തിന്റെ മണിയൊച്ചകള്‍ അകലെയല്ലാതെ കേട്ടു തുടങ്ങാം. എന്‍.എന്‍. കക്കാട്‌ എഴുതിയ മട്ടില്‍ ഓരോ മനുഷ്യന്റെയും , "ഘനമൂക മനസ്സില്‍ ചാര നിറം പൂണ്ട മഹാശൂന്യത മാത്രം." ആ ശൂന്യതയിലേക്ക്‌ സ്നേഹത്തിന്റെ ആ നുറുങ്ങുവെട്ടം , കൊച്ചുവര്‍ത്തമാനത്തിന്റെ ഒരല്പം പനിനീര്‍ധാര? പിരിമുറുക്കങ്ങള്‍ അയഞ്ഞേക്കും. പക്ഷെ ആസമയത്ത്‌ പിമുറുക്കം കൂട്ടുന്ന, അഗമ്യഗമനങ്ങളുടെ കഥ പറയുന്ന പരട്ട പരമ്പരകളിലേയ്ക്ക്‌ കണ്ണുവെയ്ക്കരുത്‌.
സ്വാതന്ത്ര്യത്തിന്‌ ഒരുപാട് അര്‍ത്ഥങ്ങളും തലങ്ങളുമുണ്ട്‌. സ്ത്രീകള്‍ക്ക്‌ പബ്ബുകളിലും മദ്യശാലകളിലും കയറിപ്പോകാനുള്ള അവകാശമുണ്ട്‌. ശരിയാണത്‌. തടയുന്നത്‌ അവകാശലംഘനമാണ്‌. സമ്മതിച്ചു, പക്ഷെ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ചു തുടങ്ങുന്നത്‌ ദുരുപയോഗമാണന്നു പറയുന്നതില്‍ പൊറുക്കുക. പണ്ടുകാലത്ത്‌ മദ്യപന്മാരായ പുരുഷന്മാര്‍പോലും തലയില്‍ ഇരുട്ടത്ത്‌ പമ്മിപതുങ്ങി കടന്നു ചെന്നിരുന്ന മധുശാലകളില്‍ പെണ്‍കുട്ടികള്‍ പട്ടാപ്പകല്‍ നെഞ്ചുവിരിച്ച്‌ കടന്നു ചെല്ലുന്നത്‌ ഒരു സാംസ്കാരിക മലിനീകരണമാണെന്നു പറയുന്ന പഴയ മനസ്സിനോട്‌ പൊറുക്കുക , അതിനെ ന്യായീകരിക്കുന്ന പുരോഗമനമനസ്സുകള്‍ സാംസ്കാരികമലിനീകരണത്തിന്റെ വാക്താക്കളാണന്നു പറയുന്നതിനും മാപ്പാക്കുക. നിങ്ങളുടെ കയ്യില്‍ ഒരു വടിയുണ്ടെങ്കില്‍, അതിനെ എന്റെ മൂക്കിനു നേരെയും തലമണ്ടയുടെ നേര്‍ക്കും എത്താനുള്ള നീളമുണ്ടെന്നുവെച്ച്‌ അതെടുത്തെന്റെ തലമണ്ടയ്ക്ക്‌ നേരെ വീശുമ്പോള്‍ കളി മാറും എന്നറിയില്ലെ? അതേ, നിങ്ങള്‍ക്ക്‌ വടി വീശാനുള്ള അവകാശം എന്റെ മൂക്കു തുടങ്ങുന്നിടത്ത്‌ അവസാനിക്കുന്നു. അതുപോലെ നമുക്ക്‌ പലതിനുള്ള സ്വാതന്ത്ര്യം മൗലികാവകാശമായി ലഭിക്കുന്നുണ്ടെങ്കിലും അതൊക്കെ നമ്മള്‍ നന്മ എന്നു ഓതുന്ന ആര്‍ജ്ജിതസംസ്കാരത്തിനു നേര്‍ക്കു നീട്ടുമ്പോള്‍ കടിഞ്ഞാണിടുക തന്നെ വേണം.
എന്തായാലും, എങ്ങനെയായാലും സ്ത്രീ സമൂഹത്തിന്റെ നാരായവേരാണ്‌. അവളുടെ ചെയ്തികളിലെ സാംസ്കാരികമാലിന്യം സമൂഹത്തെ മൊത്തത്തില്‍ മലിനമാക്കും. ചരിത്രം പരിശോധിച്ചാല്‍ നമുക്കതു മനസ്സിലാകും. സ്ത്രീകള്‍ കെട്ടുപോയ സമയത്താണ്‌ ഇവിടെ സദാചാരഭ്രംശമുണ്ടായിട്ടുള്ളത്‌.. അതുകൊണ്ടു തന്നെ സ്ത്രീസമൂഹത്തിന്റെ നന്മ സമൂഹത്തെ ആകപ്പാടെ ശുദ്ധീകരിക്കും എന്നതിന്‌ തര്‍ക്കമുയര്‍ത്തേണ്ടതില്ല. ആ പശ്ചാത്തലത്തില്‍ ഉറപ്പിച്ചു തന്നെ പറയട്ടെ , നമ്മുടെ പൈതൃകത്തിന്റെ , സദാചാരത്തിന്റെ കാവലാളുകള്‍ സ്ത്രീകളാണ്‌. അമ്മിഞ്ഞപ്പാലോടൊപ്പം അവള്‍ പകരുന്നതാണ്‌ സംസ്കാരത്തിനു താങ്ങും തൂണുമാകുന്നത്‌. അതുകൊണ്ട്‌, മുള്ളുമുരുക്കിന്റെയും ചൊറിയന്‍ ചാരിന്റെയും സംസ്കാരം പകരാതെ പനിനീര്‍ പൂവിന്റെ സംസ്കാരം പകരാന്‍ ഇതിനാല്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

No comments:

Post a Comment