Pages

Tuesday, October 12, 2010

ആദിവാസി ഗൃഹനിര്‍മ്മാണം TRIBAL HOUSEMAKING

ആദിവാസി ഗൃഹനിര്‍മ്മാണം 

പ്രശാന്ത്‌ മിത്രന്‍

 

വീട്‌ മനുഷ്യന്റെ ഏറ്റവും പ്രാചീനമായ ഒരഭയസങ്കല്പമാണ്‌. പരിഷ്കൃതമനുഷ്യന്റെ ജീവിത ലക്ഷ്യങ്ങളിലൊന്നുതന്നെയാണ്‌അതെന്നു പറയാം. മനുഷ്യന്‍ എന്നുമുതല്‍ വീട്‌ നിര്‍മ്മിച്ചു തുടങ്ങി എന്ന്‌ സൂക്ഷ്മമായി പറയാനാവില്ലെങ്കിലും ഏറ്റവുംപ്രാചീന മനുഷ്യനുപോലും വാസസ്ഥാനം എന്നൊരുസങ്കല്പമുണ്ടായിരുന്നുഎന്നുകരുതുന്നത്‌ അസംബന്ധമായിരിക്കില്ല. പ്രകൃതി പ്രതിഭാസങ്ങളെയും ശത്രുസമൂഹങ്ങളെയും പ്രതിരോധിക്കാന്‍ മറ്റ്‌ ജീവികള്‍ക്ക്‌ ശാരീരികമായിത്തന്നെ കവചങ്ങള്‍ രൂപപ്പെടുത്തിയ പ്രകൃതി മനുഷ്യന്‌ ഈ പ്രതിരോധം വാസസ്ഥാനങ്ങള്‍ വഴിയാണ്‌ നല്‍കിയത്‌. അതുകൊണ്ടു തന്നെ പരിഷ്കാരത്തിന്റെ ആദ്യനാളുകളില്‍തന്നെപ്രകൃതിയോടിണങ്ങിയവാസസ്ഥാനങ്ങള്‍മനുഷ്യന്‍സ്വന്തമാക്കിയിട്ടുണ്ടാവണം.
ഭൂമിയിലെ ആദിമനിവാസികള്‍ എന്ന നിലയില്‍ ആദിവാസികള്‍ ഭൂമിയുടെ അവകാശികളാണ്‌. അവര്‍ തന്നെയാവണം ആദ്യമായി വാസഗേഹങ്ങളുണ്ടാക്കിയ ജനവിഭാഗവും. പല വിഭാഗങ്ങളില്‍പ്പെട്ട ആദിവാസികളുണ്ട്‌ കേരളത്തില്‍. അവരോരുത്തരും തങ്ങളുടെ താമസസ്ഥലങ്ങള്‍ക്ക്‌ വെവ്വേറെ പേരുകള്‍ പറഞ്ഞുവരുന്നു. മലയരയന്മാര്‍ക്ക്‌ അവരുടെ താമസസ്ഥലം ചിറ്റുമാടമാണ്‌. കുറിച്യര്‍ക്ക്‌ അത്‌ മിറ്റമാണ്‌.
കാടന്മാര്‍ക്ക്‌ വീട്‌ പാടിയായിരിക്കുമ്പോള്‍ അടിയര്‍ വീടിന്‌ അടിയപുര, കൂട്‌, മനൈ, മുറ്റം എന്നിങ്ങനെ ഒന്നിലേറെ പേരുകളിട്ട്‌ വിളിക്കുന്നു. പണിയരുടെ കുടിലുകള്‍ ചാളയോ കുടുംബയോ ആയിരിക്കുമ്പോള്‍ കൊറഗര്‍ക്ക്‌ അത്‌ കൊപ്പും മന്നരര്‍ക്ക്‌ മാടവുമാണ്‌. മുളവാന്മാര്‍ അവരുടെ താമസസ്ഥലത്തെ ചാവടി എന്നും കുടി എന്നും പേരിട്ട്‌ വിളിക്കുന്നു. ഈ താമസസ്ഥലങ്ങള്‍ ഒരിക്കലും ഒറ്റതിരിഞ്ഞ ഒന്നായിരിക്കുകയില്ല. പകരം ചേരികള്‍ പോലെ കൂട്ടായ ആവാസവ്യവസ്ഥയാണ്‌.
കേരളീയ വാസ്തുവിദ്യാശൈലി ഈ ആദിവാസികളില്‍ നിന്നും അവരില്‍ത്തന്നെ കുറിച്യരില്‍ നിന്ന്‌ രൂപപ്പെട്ടുവന്നതാണെന്ന്‌ ചില നരവംശശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. ഇതുതന്നെ പരിസ്ഥിതിയും കാലാവസ്ഥയും ജീവിതരീതിയും ആധാരമാക്കി പലപ്പോഴും സ്വയമറിയാത്ത ശാസ്ത്രീയബോധത്തോടെ തന്നെ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നു.
ആദിവാസികളുടെ ആവാസവ്യവസ്ഥയ്ക്ക്‌ ഒരു ഘട്ടവിഭജനവും അതനുസരിച്ചുള്ള പരിണാമവും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവയില്‍ ഒന്നാംഘട്ടം ഗുഹകളിലും പര്‍വ്വതദ്വാരങ്ങളിലും താമസിച്ചിരുന്ന ആദിമകാലമായിരുന്നു. ഈ കാലത്ത്‌ അവര്‍ ഒരുവിധത്തിലുമുള്ള നിര്‍മ്മിതിക്ക്‌ തുനിഞ്ഞിരുന്നില്ല. പ്രാകൃതമായ ഒരു ഗുഹാതലമോ പൊത്തോ കണ്ടെത്തി അതില്‍ വിശ്രമവേളകള്‍ ചെലവഴിക്കുക എന്നതു മാത്രമായിരുന്നു രീതി.
രണ്ടാം ഘട്ടത്തില്‍ അല്പാല്പമായ നിര്‍മ്മാണങ്ങള്‍ ആരംഭിച്ചു. ഒരു മുറിയുള്ള ഒറ്റപ്പുര നിര്‍മ്മിച്ച്‌ അതിന്റെ ഒരു കോണില്‍ വെപ്പും കുടിയും ശീലിച്ചു. ഇത്തരം ഒരു പരിഷ്കാരം ആദിവാസികള്‍ക്കിടയില്‍ മൊത്തത്തല്‍ വരുന്ന ഒന്നല്ല. അവരില്‍ ചില വിഭാഗങ്ങള്‍ക്കിയടില്‍ മാത്രം വന്നുചേരുന്നു. അവരെക്കണ്ട്‌ മറ്റുചിലര്‍ പകര്‍ത്തുന്നു. ഇതേ സമയത്തുതന്നെ ഇത്തരം പരിഷ്കാരങ്ങളോടെല്ലാം പൂര്‍ണമായ വിമുഖത പുലര്‍ത്തിപ്പോരുന്ന വിഭാഗങ്ങളും കുറവല്ല.
ഗൃഹനിര്‍മ്മിതിയുടെ മൂന്നാംഘട്ടത്തില്‍ അവര്‍ മൂന്നുമുറിയുള്ള നെടുമ്പുര കെട്ടിയുണ്ടാക്കാനാരംഭിച്ചു. ഇതില്‍ നടുക്കക്കള്ളി എന്നുവിളിച്ച നടുമുറി, അടുപ്പും മറ്റുമുള്ള ചെറുമുറി, വീടിനു മുന്നിലായി കോലകൈ എന്നുവിളിച്ച ഉമ്മറം എന്നിവ ഉണ്ടായിരുന്നു. ഊരാളിവിഭാഗത്തില്‍ പെട്ടവര്‍ വീടിന്റെ ഈ ഉള്‍ഭാഗത്തെ തിണ്ണ, കോരമുറി, പെരമുറി, അടുക്കള എന്നിങ്ങനെ വിളിച്ചു.
നാലാംഘട്ട ഗൃഹനിര്‍മ്മാണത്തിലെത്തിയപ്പോഴേക്കും ആദിവാസിഗൃഹങ്ങള്‍ ഏറെ പരിഷ്കൃതമായി മാറി. മേല്‍പ്പുരയും എടുപ്പും കോലായും തെക്കിനിയും വടക്കിനിയും അറപ്പുര, അടുക്കള, നടുമുറ്റം തുടങ്ങിയവയുമൊക്കെയായി അവരുടെ ഗൃഹസങ്കല്പം ഏറെ മുന്നോട്ടുപോയി. ഈ മട്ടില്‍ താമസസൌകര്യം ഒരുക്കിയപ്പോള്‍ത്തന്നെ അവരുടെ വാസ്തുസങ്കല്പത്തില്‍ ദൈവത്തിനും സ്ഥാനമുണ്ടായി. ദൈവപ്പുര, കൊട്ടില്‍, അമ്പലം, മണ്ടുകം തുടങ്ങിയ പേരുകളില്‍ അവര്‍ അവരുടെ ദൈവങ്ങള്‍ക്ക്‌ ആലയമൊരുക്കി. ആയുധങ്ങളും വിളക്കുകളും ബിംബരൂപങ്ങളും സൂക്ഷിച്ചുകൊണ്ട്‌ അവര്‍ തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങള്‍ അവിടെ പരീക്ഷിച്ചു. വെട്ടുകല്ലുകൊണ്ട്‌ ഭിത്തിയും മരംകൊണ്ട്‌ മേല്‍പ്പുരയും നിര്‍മ്മിച്ച്‌ അവര്‍ അതിനെ മോടിപിടിപ്പിച്ചു.
പ്രസവത്തിനും ഋതുകാലത്തിനും പരിഷ്കൃതമനുഷ്യര്‍ നല്‍കുന്നതിനെക്കാളേറെ പ്രാധാന്യം ആദിവാസികള്‍ നല്കിയിരുന്നു. ഈ സന്ദര്‍ഭങ്ങളില്‍ സ്ത്രീകളെ മാറ്റിത്താമസിപ്പിക്കുന്നതിന്‌ അവര്‍ പ്രത്യേകം ഈറ്റുപുര തന്നെ സ്ഥാപിച്ചു. കുറിച്യര്‍ ഇതിന്‌ വിളിച്ചിരുന്നത്‌ ഈറ്റഒറ്റക്കേട്‌ എന്നാണ്‌. കുണ്ടു എന്നും ചില വിഭാഗങ്ങള്‍ ഇതിനെ വിളിക്കാറുണ്ടായിരുന്നു. ചാണകം മെഴുകിയ തറയും കല്ലുകൊണ്ടുള്ള ഭിത്തിയും ഓലയോ പുല്ലോ ഉപയോഗിച്ച്‌ മേല്പുരയും നിര്‍മ്മിച്ചിട്ടുള്ള ഈ പുരയില്‍ രണ്ട്‌ മുറികളാണുണ്ടാവുക. ഈറ്റകൊണ്ടുള്ള വാതിലും ചുരുങ്ങിയ ജനാലകളുമുള്ള ഈ പുരകള്‍ പ്രധാന വാസസ്ഥാനത്തുനിന്നും മാറിയായിരിക്കും നിര്‍മ്മിക്കുന്നത്‌. വേണ്ടത്ര ശ്രദ്ധയോ വൃത്തിയോ ഇല്ലാത്ത അവസ്ഥയിലായിരിക്കും പലപ്പോഴും ഈ മുറികള്‍. സാമാന്യ ജീവിതത്തിന്‌ അസാദ്ധ്യമായ ഒരുവസ്ഥയാണ്‌ അവിടെയുണ്ടാവുക. എങ്കിലും ഗോത്രാചാരങ്ങളുടെ പേരില്‍ സ്ത്രീകള്‍ അവിടെ തങ്ങാനും അവിടെ വ്യവസ്ഥപ്പെടുത്തിയിട്ടുള്ള ചിട്ടവട്ടങ്ങള്‍ അനുസരിക്കാനും ബാദ്ധ്യസ്ഥരാവുകയായിരുന്നു.
ആദിവാസിവാസ്തുവിദ്യയില്‍ ഏറ്റവും പ്രചാരം സിദ്ധിച്ചതും ഏറെ അനുകരിക്കപ്പെട്ടതുമാണ്‌ ഏറുമാടങ്ങള്‍. അരക്ഷിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന്‌ സുരക്ഷിതത്വം തേടിയാണ്‌ ആദിമനുഷ്യന്‍ മരങ്ങളുടെ മുകള്‍പ്പരപ്പില്‍ കുടില്‍ കെട്ടിയത്‌. ഹിംസ്രജീവികളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഏറുമാടങ്ങള്‍ പര്യാപ്തമായിരുന്നു. ആ പ്രതിരോധങ്ങള്‍ പിന്തള്ളി കടന്നുവരുന്ന ഒറ്റപ്പെട്ട ശത്രുക്കളെ ഏറുമാടത്തിന്റെ സുരക്ഷയിലിരുന്ന്‌ നേരിടുക പ്രയാസകരവുമായിരുന്നില്ല. മാനംമുട്ടെ വളര്‍ന്നു നില്ക്കുന്ന മരത്തിന്റെ മുകളിലെ ഉറപ്പുള്ള ഒരു ശിഖരത്തിലായിരിക്കും ഏറുമാടം ചമയ്ക്കുക. ഈറ, മുള, കരിമ്പനയോല, വയ്ക്കോല്‍, പുല്ല്‌, കാട്ടുവള്ളികള്‍ തുടങ്ങിയവയാണ്‌ ഏറുമാടം നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃതവസ്തുക്കള്‍. ഏറുമാടം അവര്‍ക്ക്‌ ഒരു സ്ഥിരവാസസ്ഥാനമായിരുന്നില്ല. വന്യജീവികളുടെ ആക്രമണഭീഷണി ഉണ്ടാകുമ്പോള്‍ സുരക്ഷിതമായ ഒരു മുന്‍കരുതല്‍ എന്ന രീതിയിലായിരുന്നു ഏറുമാടങ്ങള്‍ ഉപയോഗിച്ചിരുന്നത്‌. ഈ ജീവന്മരണപോരാട്ടത്തിന്റെ പ്രതീകമായ ഏറുമാടങ്ങള്‍ പരിഷ്കൃതജനതയുടെ ടൂറിസ്റ്റനുഭൂതിയുടെ വ്യത്യസ്തമായ ഒരു പ്രാപ്യസ്ഥാനമായി ഇന്ന്‌ മാറിയിരിക്കുന്നു. ഇക്കോ ടൂറിസത്തിന്റെയും സാഹസികസഞ്ചാരത്തിന്റെയും ഭാഗമായി ഏറുമാടങ്ങള്‍ ഇന്ന്‌ സാധാരണമായിക്കഴിഞ്ഞു.
തങ്ങളുടെ ആവാസവ്യവസ്ഥയോട്‌ ഇണങ്ങിയ അസംസ്കൃതവസ്തുക്കളാണ്‌ ഗിരിജനത അവരുടെ ഗൃഹനിര്‍മ്മിതിയ്ക്കുപയോഗിക്കുന്നത്‌. ആദ്യകാലങ്ങളില്‍ തറകെട്ടാനുപയോഗിച്ചിരുന്നത്‌ മണ്ണായിരുന്നു. മണ്ണു് കുഴച്ച്‌ കെട്ടിയുണ്ടാക്കുന്ന തറ ചാണകവും കരിയുമുപയോഗിച്ച്‌ മിനുക്കിയിരുന്നു. പിന്നീട്‌ പുരോഗതിയുടെ അവസ്ഥകളില്‍ മണ്‍തറയ്ക്കുപകരം വെട്ടുകല്ലും കരിങ്കല്ലും ഉപയോഗിച്ച്‌ തുടങ്ങി.
ചുമര്‍നിര്‍മ്മാണത്തിന്‌ പ്രായേണ ഉപയോഗിച്ചുവരുന്നത്‌ മുളയോ ഈറയോ ആയിരിക്കും. കീറിയ മുളകള്‍ ചേര്‍ത്തടുപ്പിച്ച്‌ നാട്ടിയിട്ട്‌ അതിനു മുകളില്‍ ചിതല്‍പുറ്റുകള്‍ പൊളിച്ചെടുക്കുന്ന പശിമയുള്ള മണ്ണ്‌ തേയ്ച്ചുപിടിപ്പിക്കുന്നു. മണ്ണ്‌ ചവിട്ടിക്കുഴച്ചുവച്ചും ചുമരുണ്ടാക്കാറുണ്ടായിരുന്നു. മുറികള്‍ വേര്‍തിരിക്കാന്‍ മുളയോ പനമ്പുതട്ടിയോ ഉപയോഗിക്കുന്നു. മേല്‍ക്കൂരയുടെ നിര്‍മ്മാണത്തിന്‌ കാട്ടുമരങ്ങളും ഈറയുമാണ്‌ ഉപയോഗിക്കുന്നത്‌. കേരളീയന്‍ തനത്‌ എന്നുപറയുന്ന വാസ്തുവിദ്യയുടെ ആദിമാതൃകകളാണ്‌ ഈ ഗിരിജനങ്ങള്‍ നിര്‍മ്മിച്ചുയര്‍ത്തിയത്‌. ഇക്കാര്യത്തില്‍ ഏറ്റവും പുരോഗമിച്ച ജനവിഭാഗം കുറിച്യര്‍ ആയിരുന്നു. ഇന്നത്തെ നാലുകെട്ടിന്റെ ഒരാദിമാതൃക പോലും അവരുടെ ഗൃഹനിര്‍മ്മിതിയില്‍ ണ്ടെത്താനാകും. മേല്‍ക്കൂരയില്‍ തച്ചുശാസ്ത്രവിധിപ്രകാരമുള്ള നിര്‍മ്മാണപരിഷ്കാരങ്ങളും അവര്‍ പിന്തുടര്‍ന്നു.

എല്ലാത്തിനും ആദിമാതൃക കാണിച്ചിട്ട്‌ അവിടെ നിന്നും മുന്നോട്ടുനീങ്ങാന്‍ കൂട്ടാക്കത്തവരാണ്‌ ഗിരിജനങ്ങള്‍. അവരുടെ മാതൃകകള്‍ സ്വീകരിച്ച വന്തവാസികള്‍ അതിന്‌ പൊടിപ്പും തൊങ്ങലും മിനിപ്പും മുഴുപ്പും പകര്‍ന്നുകഴിഞ്ഞപ്പോള്‍ അവരുടെ സ്വന്തമായി. തങ്ങളുടെ പൂര്‍വ്വാജ്ജിതസംസ്കാരങ്ങളില്‍ നിന്നും മുന്നോട്ടുപോകാന്‍ കൂട്ടാക്കാത്ത ആദിവാസികള്‍ വന്തവാസികളുടെ കണ്ണില്‍ അപരിഷ്കൃതരായി. അതിക്രമിച്ചുവന്നവര്‍ ഭൂമിയ്ക്ക്‌ ചരമഗീതം കുറിച്ചപ്പോള്‍ ഭൂമിയുടെ നേരവകാശികളായ ആദിമവാസികള്‍ മാമൂലുകളിലൂടെ ഭൂമിയെ പുണര്‍ന്നുനിന്നു. അവരുടെ പൈതൃകം പഴയതായിരിക്കാം. അത്‌ പരിഷ്കൃതരെന്നഭിമാനിക്കുന്നവര്‍ക്ക്‌ നികൃഷ്ടവുമായിരിക്കാം. എങ്കിലും സത്യമവശേഷിക്കുന്നു. അവര്‍ എല്ലാത്തിന്റെയും ആദിമൂലം എന്ന സത്യം, അവര്‍ പ്രകൃതിയുടെ രക്ഷകര്‍ എന്ന സത്യം.

No comments:

Post a Comment