Pages

Thursday, July 15, 2010

Spices of Kerala

സുഗന്ധവിളകള്‍






കിങ്‌ലിയര്‍ നാടകത്തിലെ കോര്‍ഡിലിയ ``ഉപ്പിനെപ്പോലെ പ്രിയപ്പെട്ടത്‌'' എന്ന്‌ തന്റെ പിതാവിനെക്കുറിച്ച്‌ പറഞ്ഞെങ്കില്‍ മധ്യകാല യൂറോപ്യന്‍ സമൂഹം പറഞ്ഞത്‌ കുരുമുളകിനെപ്പോലെ പ്രിയപ്പെട്ടത്‌ എന്നാണ്‌. എല്ലാ സുഗന്ധവിളകളുടെയും രാജാവാണ്‌ കുരുമുളക്‌. പ്രാചീന മധ്യകാല കടല്‍യുദ്ധങ്ങള്‍ മിക്കതും കുരുമുളക്‌ കച്ചവടത്തിന്റെ കുത്തക പിടിക്കാനോ ഉള്ള കുത്തക ഉറപ്പിക്കാനോ നിലനിര്‍ത്താനോ വേണ്ടിയായിരുന്നു. ലോകംമുഴുവന്‍ വ്യാപിച്ച ഈ കിടമത്സരങ്ങളുടെ മുഴുവന്‍ ആധാരഭൂമി കേരളമായിരുന്നു.

അറബികള്‍, അസീറിയക്കാര്‍, ബാബിലോണിയക്കാര്‍, ഫിനീഷ്യര്‍, ഇസ്രായേലികള്‍, റോമാക്കാര്‍, ചൈനാക്കാര്‍ തുടങ്ങിയവായിരുന്നു ആദ്യകാലത്ത്‌ വാണിജ്യാവശ്യങ്ങളുമായി കേരളത്തിലെത്തിയിരുന്ന വിദേശികള്‍. ക്രിസ്‌തുവിനും നൂറ്റാണ്ടുകള്‍ക്കു മുമ്പാരംഭിച്ച ഈ വാണിജ്യം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഇന്നും അഭംഗുരം തുടരുന്നു. ഇവരുടെ എല്ലാം മുഖ്യ ആവശ്യം കുരുമുളകുതന്നെയായിരുന്നു.

കുരുമുളകിന്‌ സംസ്‌കൃതത്തില്‍ തിപ്പലി എന്നും പിപ്പലി എന്നും പേരുണ്ട്‌. ഇതില്‍ പിപ്പലി എന്ന പേരു പരിണമിച്ചാണ്‌ പെപ്പര്‍ എന്ന വാക്കുണ്ടായത്‌. ഇഞ്ചിവേര്‍ എന്ന പദം പരിണമിച്ച്‌ ജിഞ്ചര്‍ ആയതും അരിശി ഗ്രീക്കിലെ ഒറിശ്ശി ആയതും പിന്നീട്‌ റൈസ്‌ ആയതും ഈ മട്ടിലുള്ള പരിണാമമായിരുന്നു. ഈ വസ്‌തുതകള്‍ വെളിപ്പെടുത്തുന്നത്‌ ഇപ്പറഞ്ഞ ഉത്‌പന്നങ്ങളുടെ കേരളീയതയാണ്‌.പ്രാചീന കേരളത്തിലെ ഏറ്റവും വലിയ കയറ്റുമതി കുരുമുളകായിരുന്നു. ഗ്രീക്കുകാര്‍ക്കും റോമാക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട വസ്‌തുവായതിനാല്‍ ഇതിനെ യവനപ്രിയ എന്നും വിളിച്ചു. പ്രാചീന റോമാസാമ്രാജ്യത്തിലെജനങ്ങള്‍ കേരളീയ സുഗന്ധവിളകള്‍ക്കുവേണ്ടിത്തന്നെ വലിയ തുകകള്‍ ചെലവഴിച്ചിരുന്നു എന്നതിന്‌ വ്യക്തമായ തെളിവുകളുണ്ട്‌.

ചീനക്കാരുടെ കാര്യവും വ്യത്യസ്‌തമല്ല. ക്രിസ്‌തുവിന്‌ മുമ്പ്‌ ചൈനയില്‍ പ്രചരിച്ചിരുന്ന നാണയങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ആ കാലം മുതല്‍ക്കെ ചൈനക്കാര്‍ ഇവിടെ വ്യാപാരം നടത്തിയിരുന്നു എന്നാണ്‌ ചരിത്രകാരന്മാരുടെ നിഗമനം. ക്രിസ്‌തുവര്‍ഷം 13-ാം ശതകത്തില്‍ ഇവിടം സന്ദര്‍ശിച്ച വിദേശ സഞ്ചാരിയായ മാര്‍ക്കോപോളോ ചൈനയിലെ കുരുമുളക്‌ വ്യാപരത്തെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌. ചൈനക്കാര്‍ ഒരുദിവസം 10500 പൗണ്ട്‌ കുരുമുളക്‌ വാങ്ങിയിരുന്നു എന്നാണ്‌ അദ്ദേഹം രേഖപ്പെടുത്തുന്നത്‌. അവര്‍ കുരുമുളകിനെ ഒരു ഭക്ഷ്യോത്‌പന്നം എന്നതിലുപരി ഔഷധവര്‍ഗ്ഗമായും ഉപയോഗിച്ചിരുന്നത്രെ. മലേറിയയ്‌ക്കും കോളറയ്‌ക്കും വയറിളക്കത്തിനും അവര്‍ കുരുമുളക്‌ ചികിത്സയാണ്‌ നടത്തിയിരുന്നത്‌. മഞ്ഞപ്പൊന്നുമായി വന്ന്‌ കറുത്തപൊന്നുമായി മടങ്ങുന്ന യവന കപ്പലുകളെക്കുറിച്ച്‌ സംഘം ക്രിതിയായ അകനാനൂറിലെ ഒരു പാട്ടില്‍ പരാമര്‍ശമുണ്ട്‌. ഇതൊക്കെ കുരുമുളകിന്റെ മഹിമയും പ്രിയവും എടുത്തുകാണിക്കുന്ന വസ്‌തുതകള്‍ തന്നെയാണ്‌.

കുരുമുളകു കഴിഞ്ഞാല്‍ ലോകമാര്‍ക്കറ്റില്‍ പ്രിയപ്പെട്ട കേരളീയ വിഭവം ഏലക്കായ ആയിരുന്നു. കേരളത്തിന്റെ തനതുവിളയായ ഏലത്തിന്റെ ഉത്ഭവം പശ്ചിമഘട്ട മലനിരകളിലാണ്‌. മഞ്ഞള്‍ച്ചെടിയോട്‌ സാമ്യമുള്ള ഏലച്ചെടിയുടെ ചുവട്ടില്‍ നിന്ന്‌ മുളച്ചുരുന്ന പൂങ്കുലകളാണ്‌ മൂത്തുവിളഞ്ഞ്‌ ഏലക്കായ ആയി മാറുന്നത്‌. മഞ്ഞുമൂടിയ മലനിരകളാണ്‌ ഏലകൃഷിക്ക്‌ പറ്റിയ ഇടങ്ങള്‍. തണുത്ത കാലാവസ്ഥയില്‍ മാത്രമേ ഏലച്ചെടികള്‍ വളരുകയുള്ളു. വളരെ പ്രാചീനമായ ഒരു കാലം തൊട്ടേ മനുഷ്യന്‍ ഏലത്തിന്റെ ഉപയോഗമാരംഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ആദിമമായ സുഗന്ധദ്രവ്യം തന്നെ ഏലമാണെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നു. ബിസി നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കൗടില്യന്റെ അര്‍ത്ഥശാസ്‌ത്രത്തിലും ആയുര്‍വേദ ഗ്രന്ഥമായ ചരകസംഹിതയിലും തൈത്തീരിയ സംഹിതയിലുമെല്ലാം പരാമര്‍ശിക്കപ്പെടുന്ന ഏലം അനാദിയായ ഒരു കാലംതൊട്ടേ വളരെ പ്രധാനപ്പെട്ട പരിഗണന നേടിയിരുന്നു. പ്രാചീന ഗ്രീക്കുകാര്‍ ഏലം ചവയ്‌ക്കുന്നതില്‍ തത്‌പരരായിരുന്നുവെന്നും ഗ്രീക്കുകാരും റോമാക്കാരും ഇതിനെ ഒരു സുഗന്ധലേപനമായും ഉപയോഗിച്ചിരുന്നുവെന്നും പ്രാചീന പരാമര്‍ശങ്ങളുണ്ട്‌. കൊളോണിയല്‍ കാലഘട്ടം വരെയും ഏലം ഇന്ത്യയുടെ കുത്തകയായിരുന്നു. എന്നാല്‍ ഇന്ന്‌ ശ്രീലങ്ക, ഗ്വാട്ടിമാല, ചൈന, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലും ഏലം വളരുന്നുണ്ട്‌.

ഈ കയറ്റുമതി പ്രാധാന്യത്തിനപ്പുറം ഏലത്തിന്‌ മലയാളിയുടെ നിത്യജീവിതത്തില്‍ വലിയൊരു സ്ഥാനമുണ്ട്‌. നമ്മുടെ ഒട്ടുവളരെ ഭക്ഷണവിഭവങ്ങളിലും ഏലം ചേരുന്നുണ്ട്‌. ഏലക്കായ്‌ ചേരാത്ത പായസം സങ്കല്‌പിക്കാന്‍ പോലുമാകാത്തതാണ്‌.

മറ്റൊരു സുഗന്ധവിളയാണ്‌ ഇഞ്ചി. ഒരു സുഗന്ധവിളയാണെങ്കിലും കുരുമുളകിന്റെയും ഏലത്തിന്റെയും സ്വഭാവങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ്‌ ഇഞ്ചിയുടെ സവിശേഷതകള്‍. ഒരു മരുന്നുവര്‍ഗ്ഗമായും ഭക്ഷണക്കൂട്ടായും ഇഞ്ചിയുടെ ഉപയോഗം വളരെ സാധാരണമാണ്‌. ഇഞ്ചി അച്ചാറില്ലാത്ത ഒരു സദ്യ മലയാളിക്ക്‌ സങ്കല്‌പിക്കാനാകാത്തതാണ്‌. ഇഞ്ചിയുടെ പ്രഭവസ്ഥാനം എവിടെയാണെന്ന്‌ ഇന്നും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. അതിന്ത്യയാണെന്ന്‌ ഏറെക്കുറെ വിശ്വസിക്കുന്നു. ചൈനയാണെന്നു കരുതുന്നവരുമുണ്ട്‌. എന്നാല്‍ വ്യാപകമായ വാണിജ്യ പ്രക്രിയയിലൂടെ ഇഞ്ചി ഇന്ന്‌ ലോകത്താകമാനം ചെന്നെത്തിക്കഴിഞ്ഞു. ഒട്ടേറെ ലോകരാജ്യങ്ങളില്‍ ഇഞ്ചി കൃഷിചെയ്യപ്പെടുന്നു.

ശാഖോപശാഖകളായി വിസ്‌താരപ്പെടുന്ന കേരളീയന്റെ അഹന്തയുടെ വലിയൊരു ശാഖയാണ്‌ സുഗന്ധവിളകള്‍. നമ്മുടേതെന്നവകാശപ്പെടാന്‍ കഴിയുന്ന കുറേ നന്മകളില്‍, കുറേ പെരുമകളില്‍ ഒന്നാണത്രെ ഈ സുഗന്ധ പൈതൃകം.

No comments:

Post a Comment