Pages

Monday, July 19, 2010

Forts in Kerala

കോട്ടകള്‍
 
സാമ്രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളുടെ ആക്രമണഭീഷണിയാല്‍ അരക്ഷിതമായിരുന്ന ഒരു കാലഘട്ടത്തിലെ ശക്തമായ പ്രതിരോധ സന്നാഹമായിരുന്നു കോട്ടകള്‍. പീരങ്കികളും വെടിമരുന്നുമൊക്കെ പ്രചാരത്തില്‍ വരുന്നതിനു മുമ്പ്‌ കോട്ടകള്‍ വഴിയുള്ള പ്രതിരോധം കാര്യക്ഷമവുമായിരുന്നു. സുസജ്ജമായ കോട്ടയും കൊത്തളങ്ങളും രാജ്യത്തിന്റെ സൈനികശക്തിയുടെ സൂചകങ്ങളുമായിരുന്നു. കരിങ്കല്ലിലും ചീക്കല്ല്‌ അഥവാ വെട്ടുകല്ലിലും മണ്ണിലും കോട്ടനിര്‍മ്മിച്ചിരുന്നു. ശത്രുസൈന്യത്തെ തടഞ്ഞുനിര്‍ത്തുക എന്നതിനപ്പുറം സ്വന്തം സൈനികര്‍ക്ക്‌ സുരക്ഷിതമായി മറഞ്ഞിരുന്ന്‌ ആക്രമണമഴിച്ചുവിടാനും കോട്ടകള്‍ ആവശ്യമായിരുന്നു.



കേരളത്തില്‍ നിരവധി കോട്ടകള്‍ കെട്ടപ്പെട്ടിട്ടുണ്ടെങ്കിലും കാലത്തെ അതിജീവിച്ച്‌ ഇന്നും നിലനില്‍ക്കുന്ന കോട്ടകള്‍ പരിമിതമാണ്‌. വളരെപ്രാചീനകാലം മുതല്‍ തന്നെ കോട്ടകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. എങ്കിലും മണ്ണുകൊണ്ടും മരംകൊണ്ടുമൊക്കെ നിര്‍മ്മിച്ചിരുന്ന ആ കോട്ടകള്‍ കാലാതിപാതത്തില്‍ നശിച്ചുപോയി. ഇത്തരത്തിലുള്ള ദുര്‍ബലമായ കോട്ടകള്‍ക്കുപകരം ബലവത്തായ കോട്ടകള്‍ നിര്‍മ്മിക്കപ്പെട്ടു തുടങ്ങുന്നത്‌ 16-ാം നൂറ്റാണ്ടു മുതല്‍ക്കാണ്‌ എന്ന്‌ വിശ്വസിക്കാന്‍ ന്യായമുണ്ട്‌. അതായത്‌ യൂറോപ്യന്‍ ശക്തികളുടെ ആഗമനത്തിനുശേഷം. കച്ചവടം എന്നതിനപ്പുറം ബഹുമുഹമായ ലക്ഷ്യങ്ങളോടെ കടന്നുവന്ന അവര്‍ക്ക്‌ വിദൂരമായ ഈ അന്യദേശത്ത്‌ അരക്ഷിതബോധം തോന്നുക സ്വാഭാവികമാണ്‌. ആ അരക്ഷിതബോധത്തിന്റെ സന്തതികളാണ്‌ ഇവിടെ നിര്‍മ്മിക്കപ്പെട്ട കോട്ടകള്‍.
1503-ല്‍ പോര്‍ച്ചുഗീസുകാരാണ്‌ ആദ്യമായി ഇവിടെ ഒരു കോട്ട നിര്‍മ്മിക്കുന്നത്‌. അതിന്‌ അവര്‍ ഇമാനുവല്‍ കോട്ട എന്നു പേരുകൊടുത്തു. പള്ളിപ്പുറം കോട്ട അഥവാ അഴിക്കോട്ട എന്നു വിളിക്കപ്പെട്ട പോര്‍ച്ചുഗീസ്‌ കോട്ട നിര്‍മ്മിക്കപ്പെടുന്നത്‌ 1507-ലാണ്‌. ഈ കോട്ട ഇന്നും പുരാവസ്‌തുവകുപ്പ്‌ സ്‌മാരകമായി സൂക്ഷിക്കുന്നുണ്ട്‌. വൈപ്പിനിലും അവര്‍ ഒരു കോട്ട കെട്ടിയിരുന്നതായി രേഖകളുണ്ട്‌. ഇതുകൂടാതെ 1523-ല്‍ കൊടുങ്ങല്ലൂരില്‍ നിര്‍മ്മിച്ച കോട്ടയും പോര്‍ച്ചുഗീസുകാരുടെ പ്രതിരോധ സന്നാഹങ്ങളുടെ ഭാഗമായിരുന്നു. പില്‍ക്കാലത്ത്‌ കൊടുങ്ങല്ലൂര്‍ കോട്ടയും പള്ളിപ്പുറം കോട്ടയും തിരുവിതാംകൂര്‍ രാജസ്ഥാനം വിലയ്‌ക്കുവാങ്ങിയതായി രേഖകളെ ഉദ്ധരിച്ച്‌ വി.വി.കെ.വാലത്ത്‌ വ്യക്തമാക്കുന്നു. കണ്ണൂര്‍ നഗരത്തിലെ സെന്റ്‌ ആഞ്ചലോ കോട്ടയും പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണ്‌. ചെങ്കല്ലുകൊണ്ട്‌ ത്രികോണാകൃതിയില്‍ നിര്‍മ്മിച്ച ആ കോട്ട പക്ഷേ, ഇന്ന്‌ ഏറെക്കുറെ നശിച്ചുപോയിരിക്കുന്നു.
240-ല്‍ ഏറെ വര്‍ഷം പിന്നിട്ടിട്ടും ഒരു കോട്ടവും തട്ടാതെ നിലകൊള്ളുന്ന വിശിഷ്‌ടമായ ചരിത്രസ്‌മാരകമാണ്‌ പാലക്കാട്ടുകോട്ട. 1766-ല്‍ ഹൈദരാലി പണികഴിപ്പിച്ചതാണ്‌ ഈ കോട്ട. ഫ്രഞ്ചുകാരനായ ഒരു എഞ്ചിനീയറുടെ നേതൃത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ടയുടെ കൊത്തളങ്ങളും കിടങ്ങുകളും ഭടന്മാര്‍ക്ക്‌ ഒളിച്ചുനിന്ന്‌ യുദ്ധംചെയ്യാനുള്ള സൗകര്യങ്ങളുള്‍പ്പെടെ ഏറെ പ്രതിരോധ പ്രാധാന്യമുള്ള ഒന്നായി കാണപ്പെടുന്നു. പാലക്കാട്‌ റയില്‍വേസ്റ്റേഷനടുത്തായി സ്ഥിതി ചെയ്യുന്ന ഈ കോട്ട കേരളത്തില്‍ ഒരുവിധ നാശവും നേരിടാത്ത അപൂര്‍വ്വം ചരിത്രസ്‌മാരകങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു.
തലശ്ശേരി കോട്ട ഇംഗ്ലീഷുകാര്‍ നിര്‍മ്മിച്ചതാണ്‌. ചതുരാകൃതിയിലുള്ള ഈ കോട്ട നിര്‍മ്മിച്ചിട്ടുള്ളത്‌ ചെങ്കല്ല്‌ പടുത്തിട്ടാണ്‌. പഴുതുകളുള്ള കൂറ്റന്‍ ഭിത്തികളും ഉറച്ച കൊത്തളങ്ങളും ഈ കോട്ടയുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പതിനേഴാം നൂറ്റാണ്ടില്‍ ബഡ്‌നോറിലെ ശിവപ്പനായിക്കന്‍ നിര്‍മ്മിച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്ന ബേക്കല്‍കോട്ടയാണ്‌ ഇവിടത്തെ ഏറ്റവും വലിയ കോട്ട. ഈ കോട്ടയും വലിയ കേടുപാടുകളില്ലാതെ സൂക്ഷിച്ചുവരുന്നു.
തിരുവനന്തപുരത്തെ കോട്ടയാണ്‌ 18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട മറ്റൊരു കോട്ട. തൃപ്പടിദാനത്തോടെ ശ്രീപത്മനാഭദാസനായി മാറിയ മാര്‍ത്താണ്‌ഡവര്‍മ്മ ശ്രീപത്മനാഭസ്വാമിക്ഷേത്രം ഉള്‍ക്കൊള്ളുന്ന തന്റെ രാജധാനിയുടെ ചുറ്റുമായി നിര്‍മ്മിച്ച കോട്ടയാണിത്‌. കോട്ടയുടെ മുക്കാല്‍ ഭാഗവും കരിങ്കല്‍കൊണ്ട്‌ നിര്‍മ്മിച്ചപ്പോള്‍ വടക്കുഭാഗത്ത്‌ കുറച്ചുഭാഗം മണ്ണുകൊണ്ടും നിര്‍മ്മിച്ചു. കരിങ്കല്‍ക്കോട്ട പൂര്‍ണ്ണമായും സംരക്ഷിതസ്‌മാരകമായി നിലനിര്‍ത്തിപ്പോരുന്നുണ്ടെങ്കിലും സംരക്ഷണച്ചെലവും പ്രയാസവും കണക്കിലെടുത്ത്‌ മണ്‍കോട്ട 1960-കളുടെ അന്ത്യത്തില്‍ പൊളിച്ചകളയുകയാണുണ്ടായത്‌. ശ്രീകണ്‌ഠേശ്വരം മുതല്‍ പഴവങ്ങാടി വരെയുള്ള ഈ ഭാഗത്ത്‌ പിന്നീട്‌ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചു.
മാര്‍ത്താണ്‌ഡവര്‍മ്മയ്‌ക്കുശേഷം തിരുവിതാംകൂര്‍ ഭരിച്ച കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവെന്ന ധര്‍മ്മരാജാവിന്റെ കാലത്ത്‌ കൊച്ചീരാജാവിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച 56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോട്ടയാണ്‌ നെടുംകോട്ട. സാമൂതിരിയുടെ ആക്രമണത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഈ കോട്ട ഒരത്ഭുതമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. പടിഞ്ഞാറെ സമുദ്രത്തെയും കിഴക്കന്‍ മലയായ ആനമുടിയെയും ബന്ധിപ്പിച്ചുകൊണ്ടാണ്‌ ഈ കോട്ട നിലകൊള്ളുന്നത്‌. സാമൂതിരിയെ പ്രതിരോധിക്കാനായിരുന്നു കോട്ട നിര്‍മ്മിച്ചതെങ്കിലും ഇതുപകരിച്ചത്‌ ടിപ്പുവിനെ പ്രതിരോധിക്കാനാണ്‌. 1789-ല്‍ കൊച്ചിയെയും തിരവിതാംകൂറിനെയും ആക്രമിക്കാന്‍ വേണ്ടി വമ്പിച്ച സൈനികസന്നാഹങ്ങളോടെ വന്നുചേര്‍ന്ന ടിപ്പുവിനെ ഒട്ടെങ്കിലും തടഞ്ഞുനിര്‍ത്തിയത്‌ ഈ കോട്ടയായിരുന്നു. ടിപ്പു കോട്ട കീഴടക്കിയെങ്കിലും മുന്നോട്ടുള്ള പ്രയാണം തടയാന്‍ അതുപകരിച്ചു.


ഇപ്രകാരം എണ്ണപ്പെട്ട, സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന കോട്ടകള്‍ക്കൊപ്പം തന്നെ ചെറിയചെറിയ കോട്ടകളും ഇവിടെ ഉണ്ടായിട്ടുണ്ട്‌. നിര്‍മ്മാണ വൈദഗ്‌ധ്യക്കുറവും നിര്‍മ്മാണ വസ്‌തുക്കളുടെ നശ്വര സ്വാഭാവവും കാരണം അവ മിക്കതും നാമാവശേഷമായിട്ടുണ്ട്‌. ഇത്തരത്തില്‍ നാമാവശേഷമായ കോട്ടകളുടെ ഓര്‍മ്മകള്‍ ആ കോട്ട നിന്ന സ്ഥലപ്പേരുകളിലൂടെ ഇന്നും നിലനില്‍ക്കുന്നു. കോട്ടപ്പുറം എന്നത്‌ കേരളത്തില്‍ പലയിടത്തായി ആവര്‍ത്തിക്കുന്ന സ്ഥലനാമമാണ്‌. ഇത്‌ അവിടെ എന്നോ നിലനിന്ന ഒരു കോട്ടയുടെ സൂചനയാണെന്ന്‌ അനുമാനിക്കാം. കോട്ടപ്പടി, കോട്ടപ്പാറ, കോട്ടഭാഗം, കോട്ടമല, കോട്ടമുകള്‍, കോട്ടമുറി, കോട്ടമ്പലം, കോട്ടയ്‌ക്കല്‍, കോട്ടയ്‌ക്കാട്‌ അങ്ങനെ നീളുന്ന നിരവധി സ്ഥലനാമങ്ങളുണ്ട്‌. ഇവയെല്ലാംതന്നെ ഏതെങ്കിലും കാലത്ത്‌ ഒരു കോട്ടയുമായി ബന്ധപ്പെട്ടവയായിരുന്നു എന്നൂഹിക്കാന്‍ ന്യായങ്ങളുണ്ട്‌.
ഉത്തരേന്ത്യന്‍ രാജ്യങ്ങളിലെ വന്‍ കോട്ടകളും കൊത്തളങ്ങളും കിടങ്ങുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ അവ എണ്ണംകൊണ്ടും വലുപ്പംകൊണ്ടും പരിമിതമാണ്‌. ഇത്‌ പൊതുവേ ആക്രമണകാരികളല്ലാത്ത കേരളീയ രാജാക്കന്മാരുടെ നന്മയാണ്‌ വിളംബരം ചെയ്യുന്നത്‌. എങ്കിലും കോട്ടകള്‍ ഒരു ഗൃഹാതുരസ്‌മൃതിയാണ്‌. പ്രൗഢവും നിഗൂഡവുമായ ഒട്ടേറെ അന്തര്‍ഭാഗങ്ങള്‍ സമന്വയിക്കുന്ന കോട്ടകള്‍ ഒരു രാജധാനിയുടെ പ്രൗഢികൂടിയാണ്‌ വിളംബരം ചെയ്യുന്നത്‌. ശത്രുഭയത്തില്‍ പെട്ട്‌ അരക്ഷിതരായി കഴിഞ്ഞിരുന്ന രാജാക്കന്മാര്‍ക്ക്‌ കോട്ടകള്‍ ആശ്വാസത്തിന്റെ പരിചകളായിരുന്നു. ദുര്‍ബലനായ ഒരു രാജാവിന്‌ ശക്തമായ ഒരു കോട്ടയുടെ മാത്രം ബലത്തില്‍ ധീരനായി വാണരുളാന്‍ കഴിഞ്ഞിരുന്ന ഒരു കാലം അത്രയൊന്നും വിദൂരമല്ല. പനമ്പുകോട്ട കാണിച്ചുപോലും ശത്രുവിനെ ഭയപ്പെടുത്തിയിരുന്ന രാജാക്കന്മാരുടെ കഥ ചരിത്രത്തിലുണ്ട്‌. ഇങ്ങനെ ഭൂമിയുടെ എല്ലാകോണുകളിലും രാജകീയ പ്രതിരോധത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ടിരുന്ന കോട്ടകള്‍ നമുക്കും അന്യമല്ലാത്ത, സ്വകീയമായ ഒരു പൈതൃക സ്വത്താണെന്ന്‌ വിശ്വാസപൂര്‍വ്വം പറയാം.

1 comment:

  1. kollam prasanthe....

    thiruvananthapurathulla
    kooduthal
    charithra viseshangal
    pratheekshikkunnu

    ReplyDelete