Pages

Wednesday, November 3, 2010

പൈതൃകവീഥിയിലെ ചരിത്രക്കാഴ്‌ചകള്‍ PAITHRUKAM EXPERIENCES

പൈതൃകവീഥിയിലെ ചരിത്രക്കാഴ്‌ചകള്‍
പ്രശാന്ത്‌ മിത്രന്‍


     ചരിത്രം ഭരണകൂടങ്ങളുടെ വാഴ്‌ത്തിപ്പാടലല്ല എന്ന അറിവാണ്‌ പൈതൃകത്തിന്റെ ഊര്‍ജ്ജം.അതുകൊണ്ടുതന്നെ ഭരണകൂട ചരിത്രം മാത്രമല്ല പൈതൃകത്തിന്റെ വിഷയം. അതില്‍ സംസ്‌കാരത്തിന്റെ, കലകളുടെ, സാഹിത്യത്തിന്റെ, പൂര്‍വ്വസൂരികളായ വ്യക്തികളുടെ ജീവിതത്തിന്റെയൊക്കെ വികാസ പരിണാമങ്ങള്‍ ഉള്‍പ്പെടുന്നു. ഇവിടെ ഞങ്ങളുടെ ചരിത്രാന്വേഷണം ഒരേ സമയം സ്ഥൂലവും സൂക്ഷ്‌മവുമാകുന്നു. എല്ലാ ചരിത്രാന്വേഷണങ്ങളും ഇപ്രകാരമുള്ള രണ്ടു തലങ്ങളിലുമെത്തിച്ചേരണം. എന്നാണ്‌ എനിക്കു തോന്നുന്നത്‌. എങ്കില്‍ മാത്രമേ ചരിത്രന്വേഷണത്തിനും ചരിത്രരചനയ്‌ക്കും സമഗ്രത അവകാശപ്പെടാന്‍ സാധിക്കുകയുള്ളു. പത്ര പ്രസിദ്ധീകരണങ്ങളും ഇതര സര്‍ക്കാര്‍ രേഖകളും പിന്‍തുടര്‍ന്ന്‌ ഒരു സ്ഥൂല ചരിത്രം രചിക്കല്‍ ഇന്ന്‌ പ്രയാസകരമായ കാര്യമല്ല. പക്ഷേ അത്‌ ചരിത്രത്തിന്റെ ഒരു ധാര-മുഖ്യധാര- മാത്രമേ ആകുന്നുള്ളു. അതിലേറെ വിപുലമാണ്‌ അതിന്റെ കൈവഴികള്‍, അഥവാ ഉപധാരകള്‍. ഓരോ ജലധാരയും സ്വയമൊരു നദിയാണ്‌ എന്നു പറയുംപോലെ ഓരോ വ്യക്തിയും ഒരു ചരിത്രമാണ്‌. ചരിത്രോപധാനമാണ്‌. അതുവഴിയാണ്‌ ചരിത്രം സ്ഥൂലത്തില്‍ നിന്ന്‌ സൂക്ഷ്‌മത്തിലേയ്‌ക്കിറങ്ങുന്നത്‌.

അടിസ്ഥാന ചരിത്രം
ഒരു വസ്‌തുവിന്റെയോ വസ്‌തുതയുടെയോ സമ്പൂര്‍ണ്ണ ചരിത്രം എപ്പോഴെങ്കിലും രേഖപ്പെടുത്തപ്പെട്ടിരുന്നു എന്നു കരുതുകവയ്യ. നമ്മള്‍ അടിസ്ഥാന ചരിത്രത്തിലേയ്‌ക്കിറങ്ങിയിരുന്നില്ലെന്നതാണ്‌ അതിന്റെ കാരണം. അവിടെയാണ്‌ പ്രാദേശിക ചരിത്രനിര്‍മ്മാണ ശ്രമങ്ങളുടെ പ്രസക്തി. ഈ മട്ടില്‍ നമ്മള്‍ ചരിത്രത്തെ പ്രാദേശികമായ വീക്ഷണത്തോടെ സമീപിക്കുമ്പോള്‍ ചരിത്രോപധാനങ്ങളുടെ വ്യാപ്‌തിയും വികസിക്കുന്നു. ഭാഗ ഉടമ്പടികള്‍, ഉത്സവ നോട്ടീസുകള്‍, പ്രാദേശികമായി പുറത്തിറക്കുന്ന സുവനീറുകള്‍, വിശേഷാല്‍പ്രസിദ്ധീകരണങ്ങള്‍, മംഗളപത്രങ്ങള്‍, ഡയറികള്‍, കണക്കുപുസ്‌തകങ്ങള്‍, പഞ്ചാംഗങ്ങള്‍, ഫോട്ടോകള്‍, ചലചിത്രങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, പണിയായുധങ്ങള്‍, അങ്ങനെ നീളുന്ന ചരിത്രോപധാനങ്ങളുടെ നിര പലപ്പോഴും ഇവയുടെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കുന്നില്ല. ഉപയോഗ ശൂന്യമായ വസ്‌തുക്കളായികണ്ട്‌ പലപ്പോഴും നമ്മള്‍ അതിനെ വലിച്ചെറിഞ്ഞു കളയുന്നു. എന്നാല്‍, അവ സൂക്ഷിക്കപ്പെട്ടു എന്നതുകൊണ്ടു മാത്രം ചരിത്രം രചിക്കപ്പെടുന്നില്ല. അവയെ ശരിയായി വിശകലനം നടത്താന്‍ നമുക്കു സാധിക്കണം. എങ്കില്‍ മാത്രമേ അത്‌ പ്രയോജനകരമായ ഒരു ചരിത്ര നിര്‍മ്മാണ വസ്‌തുവാകുന്നുള്ളു.
ഒരു ഡയറിയുടെ കഥ
ഇവിടെ ഒരു ഡയറിയുടെ കഥപറയാന്‍ ഞാനാഗ്രഹിക്കുന്നു. 1946-ല്‍ മരിച്ചുപോയ ഒരാളിന്റെ ഡയറി അതു ഞാന്‍ കാണുന്നത്‌ 1996 ലാണ്‌. ഈ ഡയറിയുടെ ഉടമസ്ഥന്‍ ഒരു പൊതു പ്രവര്‍ത്തകനോ പൊതുസമ്മതനോ ആയ വ്യക്തിയായിരുന്നില്ല. സ്വന്തം പറമ്പിലെ കൃഷികാര്യങ്ങള്‍ നോക്കി നടത്തി തികച്ചും സ്വകാര്യമായി ജീവിതം നയിച്ച ഒരാള്‍. എങ്കില്‍പ്പോലും ആ ഡയറിയില്‍ ഒട്ടേറെ ചരിത്ര വസ്‌തുതകളുണ്ടായിരുന്നു. അതിലെഴുതിയിരുന്ന കാര്യങ്ങള്‍ ഇതായിരുന്നു. ഓരോ ദിവസവും പറമ്പില്‍ പണിക്കു നിന്ന ആള്‍ക്കാര്‍, അവര്‍ക്കു നല്‌കിയ കൂലി, അവര്‍ ചെയ്‌ത പണിയുടെ വിശദാംശങ്ങള്‍, എത്രവളം, എന്തൊക്കെ വളങ്ങള്‍ അവയുടെ വിലകള്‍, ചുരുക്കത്തില്‍ ആ ഒരൊറ്റ ഡയറി ഒരു പ്രത്യേക പ്രദേശത്തെ കൃഷിയുടെയും കൃഷിത്തൊഴിലാളികളുടേയും അവരുടെ സേവന വേതന വിധികളുടേയും ചരിത്രം അനാവരണം ചെയ്യുന്നു എന്നു പറയാം.
ജ്യോത്സ്യന്റേകഥ

മറ്റൊരു കഥ, അതൊരു ജ്യോത്സ്യന്റേതാണ്‌. തന്റെ ജ്യോതിഷാലയത്തില്‍ വരുന്ന ഓരോ വ്യക്തിയുടേയും പ്രശ്‌നങ്ങള്‍ അയാള്‍ ആ മാസത്തെ പഞ്ചാംഗത്തിന്റെ വശങ്ങളില്‍ കുറിച്ചിടുന്നു. ജനിച്ച കുട്ടിയുടെ ജാതകമെഴുതാന്‍ ആള്‍ക്കാര്‍ വരുന്നു. അപ്പോള്‍ അയാള്‍ ജനനം രേഖപ്പെടുത്തുന്നു. മരിച്ചയാളിന്റെ മരണാനന്തര ശുശ്രൂക്ഷകളെക്കുറിച്ച പ്രശ്‌നം വെയ്‌ക്കാനാളു വരുമ്പോള്‍ മരണ ദിവസവും അതിനോടനുബന്ധിക്കുന്ന പ്രശ്‌നങ്ങളും രേഖപ്പെടുത്തുന്നു. കല്യാണം, കുടുംബപ്രശ്‌നങ്ങള്‍, മറ്റ്‌ പ്രാദേശിക സംഭവ വികാസങ്ങള്‍ ഒക്കെയും ഇങ്ങനെ രേഖയാകുന്നു. ചുരുക്കത്തില്‍ ഒരു പ്രദേശത്തെ എല്ലാ സംഭവങ്ങളും ഒരു വഴിയിലൂടെയല്ലെങ്കില്‍ മറ്റൊരു വഴിയിലുടെ അവിടെ രേഖയാവുകയാണ്‌. ആ കുറിപ്പുകള്‍ വായിച്ചു വിശകലനം ചെയ്‌താല്‍ പ്രസ്‌തുത ജ്യോത്സ്യന്റെ ജീവിതക്കാലത്ത്‌ ആ പ്രദേശത്ത്‌ നടന്ന എല്ലാ സംഭവങ്ങളുടേയും ഒരു വിദൂര ചിത്രം നമുക്കു ലഭിക്കും. ഇത്തരത്തില്‍ നോട്ടുകുറിക്കുന്നത്‌ ആരായാലും അവരുടെ കുറിപ്പുകള്‍ പ്രാദേശിക ചരി്ര്രത നിര്‍മ്മാണത്തിന്‌ പ്രയോജനപ്പെടുത്തും എന്നാണിവിടെ വ്യക്തമാക്കാനുദ്ദേശിക്കുന്നത്‌.
ഭാഗ ഉടമ്പടി
ഭാഗ ഉടമ്പടികളും അവയുടെ മുന്നാധാരങ്ങളുമാണ്‌ പ്രാദേശിക ചരിത്രത്തിന്റെ മറ്റൊരു സ്രോതസ്സ്‌. അവിടെ ചരിത്രം ഭൂമിയിലൂടെ വ്യക്തികളിലേക്കെത്തുന്നു . എത്രയോ തലമുറകളിലൂടെ എത്രയെത്ര വ്യക്തികള്‍ ഈ ആധാരങ്ങളില്‍ നിന്ന്‌ തലനീട്ടി പുറത്തു വരുന്നു. ഭൂമിയിലെ സ്ഥാവരങ്ങളും ,വൃക്ഷങ്ങളും, കുളങ്ങളും വഴിയും വാണിജ്യകേന്ദ്രവുംവരെ ഇങ്ങനെ ഭാഗ ഉടമ്പടികളില്‍നിന്ന്‌ ചരിത്ര മാര്‍ഗ്ഗങ്ങളിലൂടെ രൂപപ്പെട്ടു വരുന്നു. തകഴിയുടെ പ്രഖ്യാത നോവലായ കയറിലെ മുഴുവന്‍ വസ്‌തുതകളും ഇപ്രകാരം സബ്‌ രജിസ്‌ട്രാര്‍ ഓഫീസിലെ ആധാരങ്ങളില്‍ നിന്നും, ഇതര രേഖകളില്‍ നിന്നും ലഭിച്ചതാണെന്ന്‌ അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ആ ചരിത്ര വസ്‌തുതകള്‍ തകഴി നോവല്‍ രചനയ്‌ക്ക്‌ ഉപയുക്തമാക്കിയെങ്കില്‍ നമുക്ക്‌ അത്‌ ചരിത്ര രചനയ്‌ക്ക്‌ ഉപയോഗിക്കാവുന്നതാണ്‌.
പഴയ ഫോട്ടോകളോ, പെയിന്റിംഗുകളോ, ശില്‌പങ്ങളോ, ചരിത്ര രചനയ്‌ക്കു വഴികാട്ടുന്നു എന്നത്‌ പുതിയൊരു നിഗമനമല്ല. സിന്ധൂ നദീതട നാഗരികതയുടെ രേഖപ്പെടുത്തലില്‍പോലും ചിത്രങ്ങളും, ശില്‌പങ്ങളും ആധാരമാക്കിയിട്ടുണ്ട്‌. എന്നാല്‍ ആധുനിക കാലത്ത്‌ പെയിന്റിംഗുകളെക്കാളേറെ കാര്യക്ഷമമായി ഉപയോഗിക്കാവുന്നത്‌ ഫോട്ടോകളാണ്‌. അവയിലെ വേഷം, ആഭരണങ്ങള്‍, പശ്ചാത്തല വസ്‌തുക്കള്‍, ഒക്കെയും തന്നെ ഏതെങ്കിലും വിധത്തിലുള്ള ചരിത്ര വിശകലനത്തിന്‌ പ്രാപ്‌തമായി തീരും. പഴയകാല ചലചിത്രങ്ങളും ഇപ്രകാരമുള്ള ചരിത്ര വിശകലനത്തില്‍ ഏറെ സംഭാവന നല്‌കാന്‍ കഴിവുള്ളവയാണ്‌. ദൃശ്യമാധ്യമങ്ങള്‍ വരുന്നതിനുമുമ്പ്‌ നമുക്കു ലഭിച്ചിരുന്ന ചലന ദൃശ്യങ്ങള്‍, ചലചിത്രങ്ങളും സര്‍ക്കാരുകള്‍ പബ്ലിക്‌ റിലേഷന്റെ ഭാഗമായി നിര്‍മ്മിച്ചിരുന്ന ഫിലിംസ്‌ ഡിവിഷന്‍ ഡോക്യൂമെന്ററികളും മാത്രമായിരുന്നല്ലോ . ഇവയില്‍ ചലചിത്രങ്ങള്‍ പല വഴികളിലൂടെ ഇന്നും നമുക്കു ലഭ്യമാണ്‌. അവയില്‍ നമ്മുടെ ഗ്രാമങ്ങളുടേയും, നഗരങ്ങളുടേയും, പൊതു സ്ഥാപനങ്ങളുടേയും, റെയില്‍വേ സ്റ്റേഷനുകളുടെയും, ബസ്‌ സ്റ്റാന്റുകളുടേയുമൊക്കെ പഴയ ദൃശ്യങ്ങളുണ്ട്‌. ആ പ്രദേശങ്ങളുടെ ഭൂമിശാസ്‌ത്രപരമായ ചരിത്ര വിശകലനത്തിന്‌ ഈ ദൃശ്യങ്ങള്‍ മുതല്‍ക്കൂട്ടുതന്നെയാണ്‌.
പൈതൃക അനുഭവങ്ങള്‍
പൈതൃകത്തിലേയ്‌ക്കു വരാം. അതില്‍ ചരിത്രം മുഖ്യ വിഷയമാണ്‌. ഒപ്പം ചരിത്രേതരമായ നിരവധി വിഷയങ്ങളും ഞങ്ങള്‍ അതിലൂടെ കൈകാര്യം ചെയ്യുന്നു. എങ്കിലും ചരിത്രത്തിലൂന്നി നിന്നുകൊണ്ടു സംസാരിക്കാം. ഒരു മാധ്യമത്തിലൂടെ, അതിലെ ഒരു പരിപാടിയിലൂടെ, പൊതു സമൂഹത്തെ എങ്ങനെ നമ്മുടെ ചരിത്രധാരകളിലേയ്‌ക്ക്‌ കൊണ്ടുവരാം എന്നായിരുന്നു ഞങ്ങള്‍ ഒന്നാമതായി ചിന്തിച്ചത്‌. രണ്ടാമത,്‌ കേരളത്തിന്‌ അഭിമാനകരമായ ഒരു ചരിത്ര ഭാഗധേയമുണ്ടെന്ന്‌ പൊതു സമൂഹത്തെ ബോധവല്‌ക്കരിക്കുകയും അതില്‍ അഭിമാനിക്കാന്‍ പ്രാപ്‌തരാക്കുകയും ചെയ്യുക എന്നുള്ളത്‌. മൂന്നാമത്‌, ചരിത്രം ഒരു വരണ്ട വിഷയമല്ലെന്നും രസകരമായിത്തന്നെ ആസ്വദിക്കാവുന്ന വിഷയമാണെന്നും ബോധ്യപ്പെടുത്തുക. അത്തരമൊരു ലക്ഷ്യം കൈവരിക്കുന്നതിനാണ്‌ തികച്ചും കാല്‌പനികമായ ഒരു ഭാഷ ഞങ്ങളതില്‍ സ്വീകരിച്ചത്‌. മറ്റൊന്ന്‌, കേരളീയര്‍ പൊതുവില്‍ വച്ചു പുലര്‍ത്തുന്ന ഒരപകര്‍ഷതാബോധമുണ്ട്‌. നമുക്ക്‌ അഭിമാനിക്കത്തക്ക പൂര്‍വ്വപൈതൃകങ്ങള്‍ ഇല്ല എന്ന ഒരപകര്‍ഷതാബോധം. അതുതൊറ്റാണെന്നും നമുക്കുഭിമാനിക്കത്തക്കതായി ഒരു പാടുകാര്യങ്ങളുണ്ട്‌ എന്നും ഉറപ്പിക്കാനുള്ള ഒരുദ്യമം. വടക്കു നോക്കികളും പടിഞ്ഞാറുനോക്കികളുമാകാതെ മേരാകേരള്‍ മഹാന്‍ എന്നുറച്ചു വിശ്വസിക്കാനുള്ള പ്രചോദനം നല്‌കുക. ഒരു വേള എല്ലാ ചരിത്രവും എല്ലാ ചരിത്ര രചനകളും ലക്ഷ്യം വെയ്‌ക്കേണ്ടത്‌ ഈ വസ്‌തുതകളാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അതിന്‌ സാധ്യമാകുമാറ്‌ ലഭ്യമാകുന്ന ഏത്‌ രേഖയും ഉപയോഗിക്കുന്നത്‌ ശരിയാണെന്നും വിശ്വസിക്കുന്നു.
ഡിജിറ്റല്‍ ഹിസ്റ്ററി

ചരിത്രം രേഖകളായോ രേഖപ്പെടുത്തലുകളായോ വരുമ്പോള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ അവയ്‌ക്ക്‌ വേണ്ടത്ര പരിഗണനയോ സ്വീകരണമോ ലഭിക്കാറില്ലെന്നതൊരു വസ്‌തുതയാണ്‌. ചരിത്രത്തിന്‌ ഒരിക്കലും അതര്‍ഹിക്കുന്ന പ്രാധാന്യം ജനസാമന്യത്തിന്റെ ഇടയില്‍ ഉണ്ടാകുന്നില്ല. അത്തരമൊരവഗണനയ്‌ക്ക്‌ കാരണമായി ചൂണ്ടിക്കാട്ടാന്‍ പല വസ്‌തുതകളുണ്ട്‌. പൊതുവില്‍ ആര്‍ക്കും രസിക്കാന്‍ കഴിയുന്നതായിരിക്കില്ല ചരിത്രത്തിന്റെ അന്തസത്ത. പിന്നെയുള്ളൊരു പോരായ്‌മ ചരിത്ര ഗ്രന്ഥങ്ങളുടെ ഭാഷയാണ്‌. ചരിത്രകാരന്മാരില്‍ മിക്കവരും ഭാഷയില്‍ ഏറെ പ്രവര്‍ത്തിച്ചിട്ടുള്ളവരായിരിക്കുകയില്ല. ഭാഷ ലളിതവും ആകര്‍ഷകവുമാക്കാനും വസ്‌തുതകള്‍ രസകരമായി പറഞ്ഞുറപ്പിക്കാനും അവര്‍ക്കു കഴിയുന്നുഎന്നു പറയുക വയ്യ. ഭാഷാപരമായ ഈ കുറവുകള്‍ പലപ്പോഴും വായനക്കാരെ ചരിത്രത്തില്‍ നിന്നകറ്റുന്നു. ഇനി ഭാഷാവ്യക്തതയും വായനാ സുഖവുമുണ്ടെങ്കില്‍പോലും ചൊറിയൊരു ശതമാനമേ വായനയ്‌ക്കുമിനക്കെടുന്നുള്ളു. അവിടെയാണ്‌ ചരിത്രത്തിന്റെ ദൃശ്യവല്‌ക്കരണത്തിനും പ്രസക്തി കൈവരുന്നത്‌. ഒരു ചരിത്ര വസ്‌തുത അതുമായി ബന്ധപ്പെട്ട പ്രദേശത്തിന്റെയും ഭൗതിക സാഹചര്യങ്ങളുടേയും വ്യക്തിചരിത്രങ്ങളുടേയും അകമ്പടിയോടെ പകര്‍ന്നു നല്‌കുമ്പോള്‍ അതിന്‌ ആകര്‍ഷകത്യവും ആധികാരികതയും വര്‍ദ്ധിക്കുന്നു. അതാണ്‌ പൈതൃകം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഇത്തരമൊരു സംരംഭത്തിലൂടെ ചരിത്രത്തെ കൂടുതല്‍ ജനപ്രിയമാക്കാമെന്നാണ്‌ പൈതൃകത്തിന്റെ സ്വീകാര്യത വെളിപ്പെടുത്തുന്നത്‌. ചെറിയൊരു ക്യാമറയും സ്വന്തം പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന ലഘുവായ എഡിറ്റിംഗ്‌ സോഫ്‌റ്റ്‌വെയറും ഉപയോഗിച്ച്‌ ഓരോ ചരിത്ര ഗവേഷകനും സ്വയം തന്നെ ഇത്തരം ചരിത്ര നിര്‍മ്മാണം നടത്താനാകും എന്ന്‌ പറഞ്ഞാല്‍ അത്‌ അതിശയോക്തിയല്ല. യൂറ്റിയൂബിലുടെയും ബ്ലോഗുകളിലൂടെയും ഇത്‌ ലോക ജനസാമാന്യത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ഇന്ന്‌ പ്രയാസമില്ല. എല്ലാ അറിവുകള്‍ക്കും പുസ്‌തകങ്ങളെ ആശ്രയിച്ചിരുന്ന അവസ്ഥയില്‍ നിന്ന്‌ ആളുകള്‍ മാറിയിരിക്കുന്നു. ഇന്ന്‌ നമ്മള്‍ ആദ്യം തിരയുന്നത്‌ ഇന്റര്‍നെറ്റിലെ സൈറ്റുകളിലാണ്‌. അവിടെ വസ്‌തുനിഷ്‌ഠമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അതുകൊണ്ടു തൃപ്‌തിപ്പെടാന്‍ നമ്മള്‍ ഒരുക്കമാണ്‌. അപ്പോള്‍ ചരിത്ര ഗവേഷകര്‍ക്ക്‌ അധികം പ്രയാസങ്ങളില്ലാതെ തങ്ങളുടെ കണ്ടെത്തലുകള്‍ ലോകസമക്ഷമെത്തിക്കാനുള്ള വഴിതെളിക്കുകയാണ്‌. നമ്മുടെ ചരിത്രനിഗമനങ്ങള്‍ പ്രചരണയത്‌നങ്ങളില്ലാതെ ആയിരമായിരമാള്‍ക്കാരുടെ കൈകളിലെത്തുന്നു എന്നത്‌ വലിയ കാര്യമാണ്‌. ചരിത്രം, ചരിത്രകാരന്മാരും ,ചരിത്രവിദ്യാര്‍ത്ഥികളുമല്ലാത്ത ,സാമാന്യ ജനതയിലെത്തിക്കാനുള്ള പരിശ്രമത്തില്‍ മുഖ്യമായും ശ്രദ്ധിക്കേണ്ടത്‌ അതിന്റെ വരണ്ട സ്വഭാവം മാറ്റിയെടുക്കാനാണ്‌. ഭാഷ നന്നാകണം. അവതരണ ശൈലി ആകര്‍ഷകമാകണം. ആശയസംവേദനം കുറ്റമറ്റതാക്കണം. വായനക്കാരനെ പ്രചോദിപ്പിക്കുന്ന ഒരു സമീപനം കൂടി ഉണ്ടായാല്‍ ഏറ്റവും നല്ലത്‌.
അടിസ്ഥാന പരമായി ചരിത്രം മൃതാവശിഷ്‌ടങ്ങളുടേയും നഷ്‌ടസൗഭാഗ്യങ്ങളുടേയും ഉയിര്‍പ്പു സുവിശേഷമാണ്‌. വാഴ്‌ത്തിപ്പാടലും വകതിരിക്കലുമാണ്‌. ഇതു പക്ഷേ ചരിത്രത്തിന്റെ ചട്ടക്കൂടുമാത്രമേ ആകുന്നുള്ളു. ചരിത്ര നിര്‍മ്മാണത്തിനും ചരിത്ര പഠനത്തിനും അതിനപ്പുറം ഒരു ലക്ഷ്യമുണ്ട്‌. ഭൂതകാലത്തില്‍ നിന്ന്‌ വര്‍ത്തമാന കാലത്തിനുവേണ്ട ഊര്‍ജ്ജം സംഭരിക്കുക, ഭാവികാലത്തിനുവേണ്ട ഉത്തേജനം കരുതി വെയ്‌ക്കുക.അത്‌ ചരിത്രത്തിന്റെ സാര്‍ത്ഥകമായ ലക്ഷ്യമാണ്‌. എല്ലാകാലത്തും എല്ലാസമൂഹത്തിലും ആനുപാതികമായി നന്മയും തിന്മയും നിലനില്‌ക്കുന്നുണ്ട്‌. ഭൂതകാലത്തിലെ ചില തിന്മകള്‍ ഉയര്‍ത്തിക്കാട്ടി ആ കാലം പൂര്‍ണ്ണമായും തമസ്‌കരിക്കപ്പെടേണ്ടതാണെന്നു പറയുന്നത്‌ പുരോഗമനാശയമല്ല. ശുദ്ധപിന്തിരിപ്പത്തരമാണ്‌. തിന്മകളെ വാഴ്‌ത്തിപ്പാടേണ്ടതില്ല, അവയെ മറന്നു കളയേണ്ടതുമില്ല. എന്നാല്‍ ചരിത്രത്തെ തിരിച്ചറിയുന്നതിന്‌ നമുക്ക്‌ മുന്‍ വിധികള്‍ പാടില്ല. വ്യക്തികളെ മുന്‍നിര്‍ത്തിയുള്ള ചരിത്ര വിശകലനത്തിന്റെ സ്ഥാനത്ത്‌ സംഭവങ്ങളെ ആധാരമാക്കിയുള്ള ചരിത്ര നിര്‍മ്മാണമാണു വേണ്ടത്‌. അത്തരമൊരു ചരിത്രാന്വേഷണത്തില്‍ ദേശീയ ചരിത്രം മുതല്‍ സമൂഹത്തിലെ ഏറ്റവും ചെറിയ യൂണിറ്റായ കുടുംബങ്ങളുടെ ചരിത്രം വരെ പ്രാധാന്യമര്‍ഹിക്കുന്നു. അത്തരത്തില്‍ എല്ലാ മണ്‌ഡത്തിലുമുള്ള ചരിത്രാന്വേഷണത്തിനു പ്രാധാന്യം നല്‌കിക്കൊണ്ട്‌ ചരിത്രത്തെ സാമൂഹ്യപുരോഗതിക്കുള്ള ഉപാധിയാക്കാം. ദേശീയോദ്‌ഗ്രഥനത്തിനുള്ള രാസത്വരകമാക്കാം. അതായിരിക്കട്ടെ ചരിത്രത്തിന്റെ മാര്‍ഗ്ഗവും ലക്ഷ്യവും.

No comments:

Post a Comment