Pages

Friday, December 10, 2010

കുടം നിറയ്ക്കൂ.. കൂടെവരൂ..... In Search of Water

കുടം നിറയ്ക്കൂ.. കൂടെവരൂ.....
പ്രശാന്ത്‌ മിത്രന്‍

സമൂഹത്തില്‍ കാര്‍ഷികവൃത്തി എന്നാണോ രൂപപ്പെട്ടത്‌ അന്നു മുതല്‍ ജലസേചനം ഒരു സജീവ ചര്‍ച്ചാവിഷയമാണ്‌. പുരാണങ്ങളിലും ഇതിഹാസങ്ങളിലും അതുമായി ബന്ധപ്പെട്ട കഥകളുണ്ട്‌. പൂര്‍വ്വികരുടെ ശാപമകറ്റാന്‍ ആകാശഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥ പ്രയത്‌നംപോലും ഒരര്‍ത്ഥത്തില്‍ ജലസേചനവുമായി ബന്ധപ്പെടുത്താവുന്നതാണ്‌. വേനലേറ്റ്‌ ചോരയും നീരും വലിഞ്ഞ ഗോകുലത്തെ ഹരിതാഭമാക്കാന്‍ കാളിന്ദിയെ കടുംതൊഴുത്തില്‍ കറന്ന ബലരാമന്റെ കഥ, അത്‌ ഒരു അണകെട്ടലോ കനാല്‍ നിര്‍മ്മാണമോ തന്നെയാണ്‌. അതിന്റെ പേരില്‍ ഹലായുധനായ ബലരാമന്‍ ആദ്യത്തെ കര്‍ഷക രാജാവായി വാഴ്‌ത്തപ്പെട്ടു. അതുകൊണ്ട്‌, ജലസേചനവും കനാല്‍ നിര്‍മ്മാണവും അണക്കെട്ടു നിര്‍മ്മാണവുമൊക്ക ഭക്ഷ്യസുരക്ഷയുടെയും രാഷ്‌ട്രത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെയുമൊക്ക വാജീകരണ ഔഷധങ്ങളാണെന്നു പറയാം.
കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടയ്‌ക്ക്‌ ഉത്തരേന്ത്യയിലേയ്‌ക്ക്‌ പലതവണ ട്രയിന്‍ സഞ്ചാരം നടത്തിയിട്ടുള്ള ഒരാള്‍ക്ക്‌ ജലസേചനത്തിന്റെ ഈ മാന്ത്രിക ഫലസിദ്ധി നേരില്‍ തന്നെ ബോധ്യമായിട്ടുണ്ടാവും.
ആറേഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ അന്ന്‌ ഒരു ഡല്‍ഹി ട്രയ്‌നില്‍ നമ്മള്‍ ആന്ധ്രാപ്രദേശ്‌ കടക്കുന്നതോടെ കൃഷി സ്ഥലങ്ങള്‍ ഒരൊറ്റപ്പെട്ട പ്രതിഭാസമായി മാറുന്നു. പാഴ്‌ച്ചെടികള്‍ വളര്‍ന്ന, ജലസാന്നിധ്യമില്ലാത്ത തരിശു നിലങ്ങളാണ്‌ റെയില്‍വേ ട്രാക്കിനിരുവശങ്ങളിലും നീളത്തിലും വീതിയിലും ദീര്‍ഘദൂരം നമ്മള്‍ കാണുന്നത്‌. അങ്ങിങ്ങ്‌ ഒറ്റപ്പെട്ട കൃഷി നിലങ്ങള്‍, അത്രമാത്രം.


പിന്നീട്‌, വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കാര്യങ്ങള്‍ അല്‌പാല്‌പം മാറിത്തുടങ്ങുന്നു. ആദ്യം കാണുന്നത്‌ നാഡിഞെരമ്പുകള്‍ പോലെ പിരിഞ്ഞു പിരിഞ്ഞു നീളുന്ന ചാലുകളാണ്‌. തരിശു നിലങ്ങളിലെ ജലസേചനത്തിന്റെ ഭാഗമായുള്ള ചാലുകീറലായിരുന്നു അത്‌. പിന്നത്തെ യാത്രയില്‍ ആ ചാലുകളൊക്കെയും ജലസിക്തമായി കാണുന്നു. അടുത്ത വര്‍ഷം ഈ തരിശൂ നിലങ്ങളെല്ലാം കൃഷിയിടങ്ങളായി മാറിയ നയനാനന്ദകരമായ കാഴ്‌ചയാണ്‌ നമ്മെ എതിരേല്‌ക്കുന്നത്‌.
ഭാരതത്തിന്റെ ഉല്‌പാദനക്ഷമത വര്‍ദ്ധിക്കുന്നു. പ്രതിശീര്‍ഷവരുമാനം ഏറുന്നു. നമ്മള്‍ ഭക്ഷ്യ കുബേരന്മാരാകുന്നു. മിച്ചധാന്യം കയറ്റി അയയ്‌ക്കുന്നു.
തന്റെ കലപ്പകൊണ്ട്‌ കാളിന്ദീനദിയെ ഗോകുലത്തിലെ കൃഷിനിലങ്ങളിലേയ്‌ക്ക്‌ വലിച്ചിറക്കിക്കൊണ്ടുപോയ ബലരാമനെയാണ്‌ ഇതു കാണുമ്പോള്‍ ഓര്‍മ്മവരുന്നത്‌. ജലം ഉണ്ടായാല്‍പ്പോര. അതുപയോഗിക്കാനറിയണം. നൂറ്റാണ്ടുകളായി ഗംഗയും യമുനയും മറ്റ്‌ ഉത്തരേന്ത്യന്‍ നദികളും അവ ഇന്നുള്ള ഇടങ്ങളില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷേ അതുകളെ ചൂരത്തിക്കാനുള്ള ശ്രമം, ആസൂത്രണം അതു മാത്രം ഉണ്ടായിരുന്നില്ല. അതിപ്പോഴുണ്ടായി ഭാരതം ഭക്ഷ്യസമ്പൂര്‍ണ്ണയായി.
ഇവിടെയും കേരളം മുമ്പേതന്നെ നടന്നു. 115 വര്‍ഷം മുമ്പുതന്നെ ഇവിടെ അണക്കെട്ടു നിര്‍മ്മിക്കപ്പെട്ടു. തോടുകളുടെയും കനാലുകളുടെയും ആവശ്യവും പ്രയോജനവും അംഗീകരിക്കപ്പെട്ടു. അതിന്റെയൊക്കെ വെളിച്ചത്തിലാണ്‌ കേരളം മുന്‍ഗാമിയാകുന്നത്‌.
പക്ഷേ ഇങ്ങനെ മുമ്പേ ഗമിക്കുന്നതിലും അപകടമുണ്ടെന്നു മനസ്സിലാക്കാന്‍ ഇന്നു നമ്മള്‍ നിര്‍ബന്ധിതരാകുന്നു. ഇപ്രകാരം മുമ്പേ ഗമിച്ച്‌ മുമ്പേ ഗമിച്ച്‌ പിന്നിടുന്നതിനെയൊക്കെ നമ്മള്‍ മറന്നു കളയുന്നു. ഇങ്ങനെ ഭൂതകാലത്തെ, ഭൂതകാലപ്പെരുമകളെ മറക്കുന്ന, നിരാകരിക്കുന്ന പരിണാമം ആശാസ്യമല്ല. ഭൂതത്തെയും ഭാവിയെയും വര്‍ത്തമാനത്തെയും ഒരേ നാടയില്‍ കൂട്ടിയിണക്കിയാല്‍ മാത്രമേ ഒരു സമൂഹം സമഗ്രത കൈവരിക്കുന്നുള്ളു. അങ്ങനെ രൂപപ്പെടുന്ന സാമൂഹ്യക്രമമേ ആശാസ്യമാകുന്നുള്ളു. അതൊരു പിന്‍വിളിയായി ഉള്ളില്‍ കിടന്നാല്‍ ഒരിക്കലും നമ്മള്‍ പൈതൃകം മറന്നവരായിപോവുകയില്ല. അല്ലെങ്കില്‍ നമ്മള്‍ മൂടില്ലാത്ത ആളുകളാകും, മുകളില്‍ നിന്ന്‌ താഴേയ്‌ക്കു ചായും.


No comments:

Post a Comment