Pages

Friday, December 17, 2010

കേരളത്തിലെ പ്രാചീന തുറമുഖങ്ങള്‍ Ancient Ports of Kerala

കേരളത്തിലെ പ്രാചീന തുറമുഖങ്ങള്‍ Ancient Ports of Kerala
പ്രശാന്ത്‌ മിത്രന്‍
 

സഹസ്രാബ്‌ദങ്ങളോളം കേരളം ഇന്ത്യയുടെ വാണിജ്യ കവാടമായിരുന്നു.വനവിഭവങ്ങളും കാര്‍ഷിക വിഭവങ്ങളും തേടി ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വ്യാപാരികള്‍ ഈ കേരോ ബുത്ര നാടുതേടി വന്നുകൊണ്ടിരുന്നു.ആ വരവിനുവേണ്ടി, അവരുടെ യാനപാത്രങ്ങളുടെ സഞ്ചാരത്തിനുവേണ്ടി നീട്ടി വിരിച്ച നീലപ്പരവതാനിപോലെ ദക്ഷിണസമുദ്രം പരന്നുകിടന്നു. ഇങ്ങനെ കടലുതാണ്ടിവരുന്ന കച്ചവടക്കാര്‍ക്കിറങ്ങാന്‍ പാകത്തില്‍ പ്രകൃതി തന്നെ ഇവിടെ തുറമുഖങ്ങള്‍ തീര്‍ത്തിരുന്നു.
കേരളത്തിലെ പ്രാചീന തുറമുഖങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം ഉണര്‍ന്നുവരുന്ന സ്‌മൃതികള്‍, കാഴ്‌ചകള്‍ ; കടലില്‍ ഊഴം കാത്തുകിടക്കുന്ന കപ്പലുകള്‍, തുറമുഖത്ത്‌ നങ്കൂരമിട്ടു കിടക്കുന്ന കപ്പലില്‍ ചരക്കുകള്‍ കയറ്റുന്ന തൊഴിലാളികള്‍, കഴുതപ്പുറത്തും കുതിരപ്പുറത്തും, കാളവണ്ടികളിലും തലച്ചുമടായും കയറ്റുമതി ചരക്കുകളുമായി തിക്കിത്തിരക്കുന്ന പ്രാദേശിക വണിക്കുകളും കര്‍ഷകരും, ഏലത്തിന്റെയും ചന്ദനത്തിന്റെയും കുരുമുളകിന്റെയുമൊക്കെ സമ്മിശ്രഗന്ധംതങ്ങുന്ന തീരവും തുറമുഖവും. സ്വര്‍ണ്ണവും വെള്ളിയും പട്ടും പവിഴവും ചാക്കുകണക്കിന്‌ നാണയങ്ങളുമായി പകിട്ടില്‍ വന്നിറങ്ങുന്ന അറബികളും ഫിനിഷ്യന്മാരും റോമാക്കാരുമൊക്കെയായ വിദേശ വ്യാപാരികള്‍ ............. ഒരു സൗവ്വര്‍ണ്ണ സ്‌മൃതിയാണ്‌ ഇന്നത്‌. പാശ്ചാത്യര്‍ കിഴക്കുനോക്കി നടത്തിരുന്ന, നമ്മള്‍ പടിഞ്ഞാറന്‍ പകിട്ടിനെ തൃണഭാവേന കണ്ടിരുന്ന കാലം, തനിമയില്‍ അഹങ്കരിച്ചിരുന്ന കാലം. പ്ലിനിയുടെയും ടോളമിയുടെയും പെരിപ്ലസ്‌ ഓഫ്‌ ദി എറിത്രിയന്‍ സീ എഴുതിയ അജ്ഞാത നാമാവിന്റെയുമൊക്കെ ലിഖിതങ്ങളില്‍നിന്നും അന്നത്തെ കേരളീയ തുറമുഖങ്ങളുടെ പകിട്ട്‌ അറിയാനാകുന്നു. വണിക്കുകളെ വശീകരിച്ചിരുന്ന ആ തുറമുഖങ്ങളെക്കുറിച്ച്‌ അക്കാലത്തെ കവികളും പാടിയുറപ്പിക്കുന്നു.


മുസിരിസ്‌, തിണ്ടിസ്‌, ബറക്കേ, നെല്‍ക്കിണ്ട എന്നിവയാണ്‌ പ്രാചീന കാലത്തെ കേരളത്തിലെ പ്രധാന തുറമുഖങ്ങള്‍. പിന്നീട്‌ കൊല്ലം, ബലിത, നൗറ, മാന്തൈ, വാകൈപെരുന്തുറ, പന്തര്‍, വിഴിഞ്ഞം തുടങ്ങിയവയും അതിനുശേഷം താരതമ്യേന ആധുനിക കാലത്ത്‌ കോഴിക്കോടും കൊച്ചിയും നമ്മുടെ തുറമുഖ ശൃംഖലയില്‍ സ്ഥാനം നേടുന്നു.
ഇവിടെ പരാമര്‍ശിച്ച തുറമുഖങ്ങളില്‍ പഴക്കം കൊണ്ടും പ്രാമുഖ്യം കൊണ്ടും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്‌ മുസിരിസ്‌ തന്നെയാണ്‌. വാല്‌മീകി രാമായണത്തില്‍ ഇതിനെ മുരചിപത്തനം എന്ന്‌ പരാമര്‍ശിച്ചു കാണുന്നു. തമിഴ്‌ കൃതികളില്‍ ഇത്‌ മുചിറി ആണ്‌. ഭാസ്‌കര രവിവര്‍മ്മയുടെ ജൂതശാസനത്തില്‍ ഇതിനെ മുയിരിക്കോടെന്നാണ്‌ രേഖപ്പെടുത്തുന്നത്‌. സംഘം കൃതികളായ അകനാന്നൂറിലും പുറനാന്നൂറിലും മുസിരിസിനെക്കുറിച്ച്‌ വിശദമായിത്തന്നെ പരാമര്‍ശിക്കുന്നു. ഈ സ്ഥലം ഏതെന്നതിനെക്കുറിച്ച്‌ കുറെയൊക്കെ തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും പില്‌ക്കാലത്ത്‌ ലഭ്യമായ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുസിരിസ്‌ കൊടുങ്ങല്ലൂരാണ്‌ എന്ന്‌ അസന്ദിദ്ധമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
മുസിരിസില്‍ നിന്നും അറുപതു മൈലോളം -പഴയ ഏകകമനുസരിച്ച്‌ 500 സ്റ്റേഡിയ- അകലെ വടക്കുമാറിയാണത്രേ തിണ്ടിസിന്റെ സ്ഥാനം. തമിഴ്‌ സാഹിത്യത്തില്‍ ഇതിനെ തൊണ്ടി എന്നാണ്‌ പരാമര്‍ശിച്ചുകാണുന്നത്‌. ഇത്‌ കടലുണ്ടിയാണെന്നും പൊന്നാനിയാണെന്നും പന്തലായിനി ക്കൊല്ലമാണെന്നുമൊക്കെ ചരിത്രകാരന്മാര്‍ പലവിധ നിഗമനങ്ങള്‍ പുറപ്പെടുവിക്കുന്നു. കടല്‍ത്തീരത്തോടു ചേര്‍ന്നുകിടക്കുന്ന ഒരു വലിയ ഗ്രാമം എന്നാണ്‌ പെരിപ്ലസുകാരന്‍ തിണ്ടിസിനെക്കുറിച്ചു രേഖപ്പെടുത്തുന്നത്‌.
മുസിരിസിനു തെക്കു ഭാഗത്തുള്ള തുറമുഖമാണ്‌ ബറക്കേ. ഇതിനെ ബക്കാരെ എന്നും പരാമര്‍ശിച്ചു കാണുന്നു. ബാരിസ്‌ നദീമുഖത്തുള്ള ഒരു തുറമുഖമാണിതെന്ന്‌ പ്ലിനിയും ഉള്‍നാടന്‍ പ്രദേശമായ കൊട്ടനോറയില്‍ നിന്ന്‌ ധാരാളം കുരുമുളക്‌ ബറക്കേയില്‍ എത്തിയിരുന്നുഎന്ന്‌ പെരിപ്ലസുകാരനും രേഖപ്പെടുത്തുന്നുണ്ട്‌. കൊട്ടനോറ കുട്ടനാടാണെന്നും അതുകൊണ്ടു തന്നെ ബറക്കേ ആലപ്പുഴയ്‌ക്കടുത്തുള്ള പുറക്കാടാണെന്നും ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇതിനെ പൊര്‍ക്ക എന്നും പൊര്‍കൈ എന്നുമാണ്‌ പരാമര്‍ശിക്കുന്നത്‌. പ്രാചീനകാലത്ത്‌ മാത്രമല്ല, പില്‌കാല ചരിത്രത്തിലും പുറക്കാട്‌ ഒരു തുറമുഖമായിത്തന്നെ നിലനിന്നു. 18-ാംനൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ആലപ്പുഴ തുറമുഖം വികാസം പ്രാപിക്കുന്നതുവരെയും പുറക്കാട്‌ ഒരു തുറമുഖമായി നിലനിന്നു.
പ്ലിനിയുടെയും ടോളമിയുടെയും വിവരണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു തുറമുഖമാണ്‌ നെല്‍ക്കിണ്ടി.. മുസിരിസില്‍ നിന്ന്‌ 500 സ്റ്റേഡിയ തെക്കു സ്ഥിതിചെയ്യുന്നതായി അവര്‍ പറയുന്ന ഈ തുറമുഖം നീണ്ടകരയാണെന്ന നിഗമനത്തിനാണ്‌ മുന്‍തൂക്കം.
ഒരു സമുദ്രതീര ഗ്രാമവും നല്ലതുറമുഖവും എന്ന്‌ പെരിപ്ലസ്‌കാരന്‍ രേഖപ്പെടുത്തുന്ന ബലിത തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയാണെന്നു കരുതപ്പെടുന്നു. എന്നാല്‍ അതല്ല അത്‌ വിഴിഞ്ഞമാണെന്നഭിപ്രായപ്പെടുന്നവരുമുണ്ട്‌. പ്രാചീന പരാമര്‍ശങ്ങള്‍ ലഭ്യമായിട്ടുള്ള മറ്റൊരു തുറമുഖം നൗറയാണ്‌. ഇത്‌ കണ്ണൂരാണെന്ന നിഗമനത്തിനാണ്‌ പ്രാമുഖ്യം.


ഈ പറഞ്ഞതൊക്കെയും അതിപ്രാചീന കാലത്തെ ഒരു പെരുമയായി മാത്രമേ ഇന്ന്‌ നമുക്ക്‌ ചിന്തിക്കാനാവൂ. കാലപ്രയാണത്തില്‍ അവയൊക്കെയും നാശമടയുകയും നാമാവശേഷമാവുകയും ചെയ്‌തു. എങ്കിലും തുറമുഖങ്ങളുടെ ചരിത്രത്തിന്‌ അവിടംകൊണ്ട്‌ അവസാനിക്കുക വയ്യല്ലോ. അത്‌ പിന്നെയും തുടരുന്നു. പുതിയ പുതിയ തുറമുഖങ്ങളിലൂടെ, പുത്തന്‍ പുത്തന്‍ വാണിജ്യസംഘങ്ങളിലൂടെ, അവരുടെ അധിനിവേശ ചരിത്രങ്ങളിലൂടെ.
ആദ്യം പരാമര്‍ശിച്ച പ്രാചീന തുറമുഖങ്ങളുടെ പിന്‍തുടര്‍ച്ചയായി ഇവിടെ ഉയര്‍ന്നുവന്ന തുറമുഖങ്ങളില്‍ മുഖ്യമായവ കൊല്ലവും കൊച്ചിയും കോഴിക്കോടുമായിരുന്നു. ഇവയില്‍ തന്നെ ആദ്യത്തേതെന്നു പറയാവുന്നത്‌ കൊല്ലമാണ്‌. ഏ.ഡി. ആറാം ശതകത്തില്‍ ഇവിടെ വന്ന കോസ്‌മസ്‌ ഇന്‍ഡിക്കോസ്‌ പ്ലൂസസിന്റെ രേഖകളിലെ മാലിയും ചൈനീസ്‌ രേഖകളിലെ മാഹ്‌ലായിയും കൊല്ലമാണെന്നു കരുതപ്പെടുന്നു. ചൈനീസ്‌ -ഇന്ത്യന്‍ വാണിജ്യത്തിന്റെ മുഖ്യകേന്ദ്രം ഇവിടെയായിരുന്നു. ചീനവല മുതലുള്ള പല വസ്‌തുക്കളും ഈ ചൈനീസ്‌ വാണിജ്യത്തിന്റെ അവശിഷ്‌ടങ്ങളാണ്‌.
കൊടുങ്ങല്ലൂരിന്റെ, അഥവാ മുസിരിസിന്റെ അധ:പതനത്തിനുശേഷമാണ്‌ കോഴിക്കോട്‌ തുറമുഖം വികാസം പ്രാപിക്കുന്നത്‌. ഏതാണ്ട്‌ പതിനാലം നൂറ്റാണ്ടിന്റെ മധ്യത്തോടെയായിരുന്നുഇത്‌. സാമൂതിരിമാര്‍ അവരുടെ ആസ്ഥാനം ഇവിടേയ്‌ക്കു മാറ്റിയതും അറബികളോടും ചൈനാക്കാരോടും അവര്‍ കാണിച്ച വിശേഷാഭിമുഖ്യവും കോഴിക്കോടിനെ വിദേശവാണിജ്യത്തിന്റെ മുഖ്യ കേന്ദ്രമാക്കി മാറ്റുകയും വിശിഷ്‌ടമായ തുറമുഖമായി ഉയര്‍ത്തുകയും ചെയ്‌തു.


കൊച്ചിയുടെ വികാസവും പതിനാലാം നൂറ്റാണ്ടോടെ തന്നെയായിരുന്നു. മാഹ്വാന്റെയും നിക്കോളോക്കോണ്ടിയുടെയും രേഖകളില്‍ കുരുമുളകിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും വാണിജ്യകേന്ദ്രമെന്ന നിലയില്‍ കൊച്ചി കാര്യമായി പരാമര്‍ശിക്കപ്പെടുന്നു. പില്‌കാലത്ത്‌ ആധുനിക യൂറോപ്യന്‍ ശക്തികളുടെ അധിനിവേശ സമരങ്ങളില്‍ കൊച്ചിയും കോഴിക്കോടും മുഖ്യസംഗര ഭൂമിയാകുന്നത്‌ ചരിത്രമാണല്ലേ.
ഒരു ദേശത്തിന്റെ ഭുമിശാസ്‌ത്രം സ്വാധീനിക്കുന്നത്‌ അവിടത്തെ കാലാവസ്ഥയെയും പ്രാദേശിക സന്തുലിതാവസ്ഥകളെയും മാത്രമല്ല, അത്‌ ചരിത്രത്തെയും സംസ്‌കാരത്തെയും ജീവിതാവസ്ഥകളെയും വരെ സ്വാധീനിക്കുന്നു. ഇതിനുള്ള ഉത്തമ ഉദാഹരണമാണ്‌ നമ്മുടെ തുറമുഖങ്ങള്‍. ഈ സമുദ്രസാമീപ്യവും അതിന്റെ നാല്‌കവലകളാകുന്ന തുറമുഖങ്ങളുമില്ലാതിരുന്നെങ്കില്‍ ലോകത്തിന്റെ അങ്ങേത്തലയ്‌ക്കല്‍ നിന്നുവരെ ആളുകള്‍ വാണിജ്യത്തിനുവേണ്ടി ഇവിടെ വന്നെത്തുമായിരുന്നില്ല. കുരുമുളക്‌ എന്ന കറുത്തപൊന്ന്‌ യൂറോപ്യന്‍ കോയ്‌മാസമരങ്ങള്‍ക്ക്‌ കാരണമാകുമായിരുന്നില്ല. ഗ്രീസിലെയും റോമിലെയും ചക്രവര്‍ത്തിമാര്‍ വീട്ടിയിലും കരുന്താളിയിലും കൊത്തുപണികളും കൊട്ടാരങ്ങളും നിര്‍മ്മിക്കുമായിരുന്നില്ല. ഇങ്ങനെ ലോകമാകമാനമുള്ള വണിക്കുകള്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ അവരുടെ സംസ്‌കാരങ്ങളും ശീലങ്ങളും ഇവിടേയ്‌ക്കും പകര്‍ത്തിവെയ്‌ക്കപ്പെടുന്നു. പലതും നമ്മള്‍ സ്വീകരിക്കുന്നു. എങ്കിലും ഏറെയും അന്ന്‌ തിരികരിക്കുകയാണു ചെയ്‌തത്‌.
ഗാന്ധിജി പറഞ്ഞ ഒരാശയം ഇവിടെ സ്‌മരണീയമാണ്‌. ഞാന്‍ എന്റെ വാതായനങ്ങള്‍ തുറന്നിടും. അതിലൂടെ എല്ലാ സംസ്‌കാരങ്ങളുടെയും കാറ്റ്‌ എന്റെ അകത്തളങ്ങളിലേയ്‌ക്ക്‌ കടന്നുവരും.ആ കാറ്റിന്റെ സുഖം, മണം ആസ്വദിക്കുമ്പോള്‍ത്തന്നെ അത്‌ അകത്തുള്ളവരെ അടിച്ചു പറത്താതിരിക്കാന്‍ ശ്രദ്ധിക്കും എന്നദ്ദേഹം പറഞ്ഞു. പ്രാചീനകേരളീയന്‍ അങ്ങനെ ശ്രദ്ധിച്ചിരുന്നു എന്നു നമുക്കുറപ്പിക്കാം. അതുകൊണ്ടാണല്ലോ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെയും നമ്മള്‍ ഉയിരിലും ഉടലിലും കേരളീയരായിത്തന്നെ തുടര്‍ന്നത്‌. എന്നാല്‍ ഇന്ന്‌ ആ കാറ്റ്‌ നമ്മുടെ അടിസ്ഥാന നന്മകളെ അടിച്ചു പറത്തുകയാണ്‌. കടപുഴക്കുകയാണ്‌. തുറമുഖങ്ങളിലൂടെ വരുന്നതെല്ലാം തുറന്ന മനസ്സോടെ സ്വീകരിക്കപ്പെടരുത്‌. അതാകട്ടെ തുറമുഖങ്ങളെക്കുറിച്ചുള്ള നമമുടെ തുറന്ന സമീപനം. 

No comments:

Post a Comment