Pages

Thursday, February 10, 2011

മധ്യവര്‍ത്തി സിനിമ മലയാളത്തില്‍

മധ്യവര്‍ത്തി സിനിമ മലയാളത്തില്‍

എല്ലാകാര്യത്തിലും വിരുദ്ധങ്ങളായ രണ്ട്‌ തീവ്ര പക്ഷങ്ങളുടെ മധ്യത്തില്‍ ഒരു മിതപക്ഷമുണ്ടാവും. എല്ലാരും അതിനെ കൈനീട്ടി സ്വീകരിച്ചില്ലെങ്കില്‍പ്പോലും പൊതുവില്‍ സൂസമ്മതമായ ഒരസ്‌തിത്വം അതിനുണ്ടായിരിക്കും. സിനിമയുടെ കാര്യത്തിലും ഇതു ശരിയാണ്‌. എല്ലാവിധ വിപണന തന്ത്രങ്ങളും കുത്തിച്ചൊലുത്തിയ ജനപ്രിയ സിനിമ ഒരു വശത്ത്‌. ഒരു വിട്ടുവീഴ്‌ചയ്‌ക്കും വഴങ്ങാത്ത സമാന്തര സിനിമ മറുവശത്ത്‌. ഇവയ്‌ക്ക്‌ നടുവില്‍ ജനപ്രിയത്തിന്റെ ചേരുവകള്‍ ദീക്ഷിക്കാതെ, കലാസിനിമയുടെ മര്‍ക്കടമുഷ്‌ഠി ചുരുട്ടാതെ എല്ലാര്‍ക്കും രുചിക്കാന്ന,എന്നാല്‍ ഒരു വിഭാഗത്തെയും അടിപ്പെടുത്താതെ വേറിട്ടൊഴുകുന്ന ചലച്ചിത്ര ധാരയാണ്‌ മധ്യവര്‍ത്തി സിനിമ.


ജനപ്രിയ സിനിമ പലപ്പോഴും ജീവിതത്തോടോ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളോടോ നീതി പുലര്‍ത്തുന്നവയായിരിക്കില്ല. മഹാകാവ്യത്തിന്റെ ലക്ഷണത്തില്‍ പറഞ്ഞുവെച്ചിട്ടുള്ളതുപോലെ, ധീരോദാത്തനും അതിപ്രതാപഗുണവാനും തോല്‍വിഎന്തെന്നറിയാത്തവനും അഭ്യാസിയും വിജയശീലനുമൊക്കെയായിരിക്കും ജനപ്രിയ സിനിമയിലെ നായകന്‍.
സമാന്തര സിനിമയിലാകട്ടെ, നായകനുണ്ടെങ്കിലായി, ഇല്ലെങ്കിലായി. കഥപറഞ്ഞാലായി പറഞ്ഞില്ലെങ്കിലായി. ആദി മധ്യാന്തപ്പൊരുത്തമുണ്ടെങ്കിലായി ഇല്ലെങ്കിലായി. മനസ്സിലായാലായി , ഇല്ലെങ്കിലായി. എന്നാല്‍ ഈ മട്ടിലുള്ള വിഭിന്ന സവിശേഷതകള്‍ക്കപ്പുറമാണ്‌ മധ്യവര്‍ത്തി സിനിമയുടെ സ്ഥാനം. മലയാളത്തില്‍ അത്‌ നീലക്കുയിലില്‍ ആരംഭിക്കുന്നു എന്നു പറയാം. 


ചെമ്മീനും പണിതീരാത്ത വീടും ഭാര്‍ഗ്ഗവീനിലയവുമൊക്കെ അതിനുദാഹരണങ്ങളായിരിക്കും. പി. ഭാസ്‌കരനും പി.എന്‍. മേനോനും കെ.എസ്‌. സേതുമാധവനുമൊക്കെ ഈ മധ്യവര്‍ത്തി സിനിമയുടെ ആദ്യകാല പ്രയോക്താക്കളായിരുന്നു എന്നു പറയാം. രാമുകാര്യാട്ടും ഒരു പരിധിവരെ ഈ മധ്യമാര്‍ഗ്ഗത്തിലൂടെയാണ്‌ സഞ്ചരിച്ചത്‌.
ജീവിതത്തിന്റെ ഹ്രസ്വമെങ്കിലും ദീപ്‌തമായ ഓരേഡ്‌ ഈ മധ്യവര്‍ത്തി സിനിമയിലെ അടിസ്ഥാന യാഥാര്‍ത്ഥ്യമായിരിക്കും. ആ ജീവിത നിമിഷങ്ങളെ സവിശേഷമായി ആവിഷ്‌കരിക്കുന്നതാണ്‌ ഇവയുടെ തനിമ. ഇത്തരം ഒരു സിനിമ.. കാണുന്ന പ്രേക്ഷകന്‌, അത്‌ സ്വന്തം ജീവിതത്തിലോ അവനറിയുന്ന മറ്റേതെങ്കിലും വ്യക്തിയുടെ ജീവിതത്തിലോ സംഭവിച്ചതോ സംഭവിക്കാവുന്നതോ ആയ ഒരു യാഥാര്‍ത്ഥ്യമായി തോന്നിപ്പോകും. പ്രേക്ഷകന്റെ മനസ്സില്‍ അങ്ങനെ ഒരു തന്മയീഭാവം ജനിപ്പിക്കാനായാല്‍ അത്‌ ആ സിനിമയുടെ വിജയമാകും. ആ ഒരു തലത്തിലാണ്‌ നമ്മുടെ മധ്യവര്‍ത്തി സിനിമയുടെ നിലപാട്‌.


മലയാളത്തിലെ മധ്യവര്‍ത്തി സിനിമയുടെ എക്കാലത്തെയും വലിയ ശക്തിഗോപുരങ്ങള്‍ ഭരതനും പത്മരാജനും തന്നെയാണ്‌. ഇതില്‍ ഭരതന്‍ സംവിധായകനും ചിത്രകാരനുമായിരിക്കുമ്പോള്‍ പത്മരാജന്‍ സംവിധായകനും തിരക്കഥാകൃത്തുമായിരിരുന്നു. മധ്യവര്‍ത്തി സിനിമയ്‌ക്കും ജനപ്രിയ സിനിമയ്‌ക്കും നിരവധി തിരക്കഥകള്‍ രചിച്ച പത്മരാജന്‍ തിരക്കഥാകൃത്തായും സംവിധായകനായും പ്രാധ്യാന്യമാര്‍ജ്ജിക്കുന്നു. പെരുവഴിയമ്പലം, അരപ്പട്ടകെട്ടിയ ഗ്രാമം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍, കൂടെവിടെ, നൊമ്പരത്തിപ്പുവ്‌, തിങ്കളാഴ്‌ച നല്ല ദിവസം, അപരന്‍, മൂന്നാംപക്കം, ഞാന്‍ ഗന്ധര്‍വ്വന്‍, തുടങ്ങിയ ചലച്ചിത്രങ്ങള്‍ ഈ പറഞ്ഞ മധ്യവര്‍ത്തി സിനിമയ്‌ക്ക്‌ ഉദാഹരിക്കാം. ഇവയില്‍ ചിലതിന്‌ സമാന്തര സിനിമയോടും ചിലതിന്‌ കച്ചവട സിനിമയോടും അല്‌പം ചില ചായ്‌വുകളുണ്ടെങ്കിലും ആത്യന്തികമായി ഇവയെല്ലാം തന്നെ മധ്യവര്‍ത്തി സിനിമയുടെ ഭാഗമാകാന്‍ പോന്നവ തന്നെയാണ്‌. ഇതില്‍ കള്ളന്‍ പവിത്രനും ഞാന്‍ ഗന്ധര്‍വനും അവയുടെ രചനാപരവും ആശയപരവുമായ സവിശേഷതകൊണ്ടു ശ്രദ്ധേയമാകുമ്പോള്‍ ഒരിടത്തൊരു ഫയല്‍വാന്‍ അതിലെ കറുത്ത ചിരികൊണ്ടു വേറിട്ടു നില്‌ക്കുന്നു. വ്യദ്ധസദനങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാകുന്നതിനും എത്രയോ മുമ്പ്‌ അത്തരം ഒരു സാധ്യതയെകുറിച്ചു ചിന്തിച്ചു എന്നിടത്താണ്‌ തിങ്കളാഴ്‌ച നല്ല ദിവസത്തിന്റെ പ്രസക്തി.
തന്റെ രചനകളില്‍ തന്റേതായ ഒരു സ്‌പര്‍ശം നിലനിര്‍ത്തുന്ന ഭരതന്റെ തകര, വൈശാലി, താഴ്‌ വാരം, വെങ്കലം, പാഥേയം, ചമയം തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ മധ്യവര്‍ത്തി സിനിമകളായിരുന്നു. ഇതില്‍ വൈശാലി മലയാള സിനിമാ ചരിത്രത്തില്‍തന്നെ ഒരസാധാരണ സംഭവമായിരുന്നു. എം.ടി.യുടെ വിശിഷ്‌ടമായ തിരക്കഥയ്‌ക്ക്‌ അതിന്റെ ആത്മാവ്‌ നഷ്‌ടപ്പെടുത്താതെയുള്ള ആവിഷ്‌കാരം നല്‍കുന്നതില്‍ ഭരതന്‍ വിജയിച്ചു. ആ വിജയം വൈശാലിയെ മലയാള സിനിമയിലെ ഒരു നാഴികക്കല്ലാക്കി മാറ്റി.


ഭരതന്റെയും പത്മരാജന്റെയും തൊട്ടുപിന്നാലെയുണ്ട്‌ ഹരിഹരന്‍. ശ്രദ്ധേയമായ ഒരു പിടി നല്ല സിനിമകളുണ്ട്‌ അദ്ദേഹത്തിന്‌. ഇവിടെ എടുത്തു പറയേണ്ടിവരുന്ന ഒരു വസ്‌തുത എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടാണ്‌. ഈ കൂട്ടുകെട്ടിലൂടെ പുറത്തുവന്ന ചിത്രങ്ങള്‍ കലാമൂല്യത്തിലാകട്ടെ, ജനപ്രിയത്തിലാകട്ടെ എന്നും മുന്നിലായിരുന്നു. പഞ്ചാഗ്നി, ഒരു വടക്കന്‍ വീരഗാഥ, ആരണ്യകം, അമൃതം ഗമയ, പരിണയം, എന്ന്‌ സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ചിത്രങ്ങള്‍ എം.ടി. ഹരിഹരന്‍ കൂട്ടുകെട്ടിന്റെ വിശിഷ്‌ട സംഭാവനകളാണ്‌. ഇതുകൂടാതെ ഹരിഹരന്‍ രചിച്ച്‌ സംവിധാനം ചെയ്‌ത സര്‍ഗ്ഗവും ,ഗൃഹാതുരസ്‌മൃതി പങ്കുവെച്ച ഒരു മധ്യവര്‍ത്തി സിനിമയായിരുന്നു.
ചലച്ചിത്രം ഒരു സങ്കര സര്‍ഗ്ഗ പ്രക്രിയയാണെന്നത്‌ സുസമ്മതമായ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ അതിന്റെ ഇതിവൃത്തത്തില്‍പ്പോലും നവീനമായ ഉള്‍ക്കാഴ്‌ചകള്‍ വിളക്കിച്ചേര്‍ക്കാനാകുന്നത്‌ ഈ എം.ടി. ഹരിഹരന്‍ കുട്ടുകെട്ടിന്റെ മാത്രം കരുത്താണ്‌. ചതിയന്‍ ചന്തുവിനുമേല്‍ വടക്കന്‍ പാട്ടുകളിലൂടെ പഴമ്പാണന്മാര്‍ കെട്ടിയേല്‌പിച്ച കറകള്‍ കഴുകികളയുന്ന വടക്കന്‍ വീരഗാഥ, സ്‌മാര്‍ത്ത വിചാരം ചെയ്യപ്പെട്ട അന്തര്‍ജ്ജനത്തിന്റെ സ്‌മരണ വിചാരം നടത്തുന്ന പരിണയം, പ്രതികരണ ശേഷിയുടെ പ്രമത്ത യാഥാര്‍ത്ഥ്യം വിളംബരം ചെയ്യുന്ന പഞ്ചാഗ്നി, തീവ്ര ഇടതുപക്ഷത്തിനു നേര്‍ക്കുള്ള ഒരു നിഷ്‌കളങ്ക പ്രതികരണമാകുന്ന ആരണ്യകം, ഒക്കെയും ഈ കൂട്ടുകെട്ടില്‍ പിറന്ന വിശിഷ്‌ട രചനകളായിരുന്നു. ഈ പരമ്പരയിലെ ഏറ്റവും പുതിയ രചനയായ പഴശ്ശിരാജ ഇവിടെപ്പറഞ്ഞ പൊതു സ്വഭാവത്തിനന്യമല്ല.


പത്മരാജന്റെ പരിണാമവുമായി ഏറെ സാമ്യമുള്ളതാണ്‌ ഏ.കെ. ലോഹിതദാസിന്റെ ചലച്ചിത്ര ജീവിതം. തിരക്കഥാകൃത്തായി വന്ന്‌ സംവിധായകനായി മാറുകയായിരുന്നു ഇരുവരും. നിരവധി മധ്യമാര്‍ഗ്ഗ ചലച്ചിത്രങ്ങളുടെ തിരക്കഥയ്‌ക്കൊപ്പംതന്നെ ഭൂതക്കണ്ണാടി, കന്മദം, കസ്‌തുരിമാന്‍, അരയന്നങ്ങളുടെ വീട്‌, തുടങ്ങിയ ചിത്ര സംവിധാനങ്ങളും മലയാള ജനപ്രിയ സിനിമയുടെ മുഖ്യ തൂലികയായിരുന്ന ഏ.കെ. ലോഹിതദാസിനെ മധ്യവര്‍ത്തി സിനിമയുടെ ഭാഗമാക്കുന്നു.
തനിയാവര്‍ത്തനം , ഹിസ്‌ഹൈനസ്‌ അബ്‌ദുള്ള, ഭരതം, ആകാശദൂത്‌, മായാമയൂരം, സാഗരംസാക്ഷി, കിരീടം, തുടങ്ങിയ ചിത്രങ്ങളിലൂടെ സിബി. മലയിലും മധ്യമാര്‍ഗ്ഗ സിനിമയുടെ എലുകകള്‍ക്കുള്ളിലേയ്‌ക്ക്‌ ഒരു തിരനോട്ടം നടത്തുന്നുണ്ട്‌.
എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്‌തമായി തന്റെ ചക്കില്‍ നാലുമാടും ആറു മാടും എന്നു തെളിയിച്ച സംവിധായകനാണ്‌ ജയരാജ്‌. നിരവധി ജനപ്രിയ സിനിമകളിലൂടെ പോപ്പുലര്‍ സിനിമയുടെ ഭാഗമാകുമ്പോള്‍ത്തന്നെ ഒറ്റപ്പെട്ട ആര്‍ട്ട്‌ സിനിമകളിലൂടെ അദ്ദേഹം സമാന്തര സിനിമയുടെയും ഭാഗമാകുന്നു. എന്നാല്‍ ജയരാജിന്റെ ഏറെ ചര്‍ച്ചച്ചെയ്യപ്പെട്ട സിനിമകളെല്ലാം തന്നെ മധ്യവര്‍ത്തി സിനിമകളില്‍ ഉള്‍പ്പെടുന്നു. പൈതൃകം, ദേശാടനം, കളിയാട്ടം, കണ്ണകി, വിദ്യാരംഭം, ഗുല്‍മോഹര്‍, ദൈവനാമത്തില്‍, അങ്ങനെ നീളുന്ന ജയരാജിന്റെ മധ്യമാര്‍ഗ്ഗ സിനിമകള്‍. പാശ്ചാത്യമായ ഒരു ഷേക്‌സ്‌പീരിയന്‍ സങ്കല്‌പത്തെ കടലിനിക്കരെ, മലയാളത്തിന്റെ ഏരുചീരുകളോടെ ആവിഷ്‌കരിച്ചത്‌ ലോകസാഹിതൃത്തിന്റെ പകര്‍ത്തിയെടുക്കലിന്റെ അപൂര്‍വ്വ മാതൃക തന്നെയാണ്‌.


ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്ക്‌ അവിസ്‌മരണീയമായ ദൃശ്യഭാഷ നല്‌കിയ ശ്യാമപ്രസാദ്‌ മധ്യവര്‍ത്തി സിനിമയിലെ മറ്റൊരു സംവിധായകനാണ്‌. പ്രഖ്യാതമായ സാഹിത്യകൃതികളെ ആധാരമാക്കി ചലച്ചിത്ര രചന നടത്തിയിരുന്ന ശ്യാമപ്രസാദിന്റെ ആദ്യ ചിത്രമായ കല്ലുകൊണ്ടൊരുപെണ്ണ്‌, എസ്‌.എല്‍.പുരം സദാനന്ദന്റെ നാടകത്തിന്റെ ആവിഷ്‌കാരമായിരുന്നു. ടെന്നീസ്‌ വില്യംസിന്റെ ഗ്ലാസ്‌ മെനാജെറിയെ ആധാരമാക്കി നിര്‍മ്മിച്ച അകലെ, ഒരേ കടല്‍ എന്നിങ്ങനെയുള്ള രചനകള്‍ പ്രഖ്യാതമായ സാഹിത്യകൃതികളെ ഉപജീവിക്കുമ്പോള്‍ ഋതുവില്‍ ശ്യാമപ്രസാദ്‌ സ്വീകരിക്കുന്നത്‌ ഒരു പുത്തന്‍, കല്‌പിത ഇതിവൃത്തമാണ്‌.


ബ്ലെസിയുടെ സിനിമകള്‍ വ്യത്യസ്‌തമായ ഒരു ഭാവുകത്വവുമായാണ്‌ നമ്മെ വേട്ടയിടുന്നത്‌. ഹൃദയാലുവായ പ്രേക്ഷകന്റെ ഉള്‍ത്തുടിപ്പുകളില്‍ സൂചിതറയ്‌ക്കുന്നവയാണ്‌ ആ ചിത്രങ്ങളെല്ലാം തന്നെ. കാഴ്‌ച ഒരു കൈനഷ്‌ടമായി നമ്മെ മുറിപ്പെടുത്തുമ്പോള്‍ തന്മാത്ര ഒരങ്കലാപ്പായി നമ്മെ അലോസരപ്പെടുത്തുന്നു. കല്‌കട്ടാ ന്യൂസ്‌ സൃഷ്‌ടിക്കുന്നത്‌ ഒരു ഭയവും അഭയംതേടിലിന്റെ പ്രേരണയുമാണെങ്കില്‍ ഭ്രമരം വഴിമാറിയ ഒരു യാത്രയായാണ്‌ പ്രേക്ഷകന്‍ അനുഭവിക്കുന്നത്‌. കാഴ്‌ചയും തന്മാത്രയുമൊക്കെ ഒരു ജീവിത മുഹൂര്‍ത്തമായി നമ്മില്‍ നിറയുമ്പോള്‍ ഭ്രമരം ഒരു വെറും ചലച്ചിത്രാനുഭവമായി ചെവിയില്‍ മൂളി ഇരമ്പുന്നു. അതൊരു വ്യത്യാസമാണ്‌.


സത്യന്‍ അന്തിക്കാടിന്റെ പില്‌കാല സിനിമകള്‍ ഈ മധ്യമാര്‍ഗ്ഗത്തില്‍പ്പെടുത്തി വായിക്കാവുന്നവയാണ്‌. ഒരുതരം പ്രശ്‌ന സിനിമകളാണ്‌ അവയെല്ലാം. ആധുനികമായ പ്രശ്‌ന നാടകങ്ങളുടെ മട്ടില്‍ ഒരു പ്രശ്‌ന സിനിമ.
പൊന്തന്‍മാടയിലൂടെ മധ്യമാര്‍ഗ്ഗ സിനിമയ്‌ക്ക്‌ ഒരു പുതിയ ദൃശ്യഭാഷ നല്‌കിയ ടി.വി. ചന്ദ്രനും ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന സംവിധായകനാണ്‌. പൊന്തന്‍മാടയ്‌ക്കൊപ്പം, ഡാനി, പാഠം ഒന്ന്‌ ഒരു വിലാപം തുടങ്ങിയവയും ഇക്കൂട്ടത്തില്‍പ്പെടുന്നു.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ മഗ്‌രിബും പരദേശിയും ഈ വിഭാഗത്തില്‍ ചേരുന്നു.
അതുപോലെ കമലിന്റെ ഒറ്റപ്പെട്ട സിനിമകളും ഇങ്ങനെ മധ്യമാര്‍ഗ്ഗത്തില്‍പ്പെടുത്തി ചിന്തിക്കാനാവും. പെരുമഴക്കാലം, കറുത്ത പക്ഷികള്‍, മേഘ മല്‍ഹര്‍,ഗദ്ദാമ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌.


നമ്മുടെ ഫെസ്റ്റിവലുകളില്‍ വന്നെത്തുന്ന പല വിദേശ ചിത്രങ്ങളും ഇവയുടെയൊക്കെ പിന്നാമ്പുറത്തു മാത്രം നിര്‍ത്താവുന്നവയാണെന്നു വരുമ്പോഴാണ്‌ മലയാള സിനിമയുടെ കനം, കാമ്പ്‌ നമ്മള്‍ തിരിച്ചറിയുന്നത്‌. പുറത്തു നിന്നുവരുന്ന മൂന്നാംകിട ചിത്രങ്ങളെ കണ്ണുമടച്ച്‌ വാഴ്‌ത്തുമ്പോള്‍ ഒന്നറിയുക ; ഇവിടെയും നല്ല സിനിമകള്‍ പിറക്കുന്നു എന്ന്‌, അവ വാഴ്‌ത്ത്‌ അര്‍ഹിക്കുന്നു എന്ന്‌. 

No comments:

Post a Comment