Pages

Wednesday, February 2, 2011

പ്രണയ വികല്‍പം MESSAGE OF LOVE

പ്രണയ വികല്‍പം

പ്രണയം പൂവുപോലുള്ളൊരോമന കൗതുകമാണ്‌. അതിനെ മുള്ളുകൊണ്ടു നോവിക്കരുത്‌. സ്‌ഫടിക പാത്രങ്ങള്‍ സൂക്ഷിക്കുന്ന കവറിലെഴുതുന്ന ആ മുന്നറിയിപ്പ്‌ ഇതിനും ബാധകമാണ്‌.Handle with Care ഇല്ലെങ്കില്‍ പൊട്ടിപ്പോകും, ഉടഞ്ഞു നുറുങ്ങിപ്പോകും. താമര ഇലയില്‍ പ്രണയലേഖനമെഴുതിയ ശകുന്തളയുടെ കഥയും സ്വര്‍ല്ലോകം വിട്ടുവന്ന്‌ പുതുരവസ്സിന്റെ വധുവായിത്തീര്‍ന്ന ഉര്‍വ്വശിയുടെ കഥയും
"തന്‍ പ്രിയന്‍പോമടവിതാന്‍ തന്നയോധ്യ രാജധാനി,
തന്‍ പ്രിയന്‍തന്‍ പുല്‍ക്കുടില്‍ താന്‍ തന്‍ മണിസൗധം "
എന്നു ചിന്തിച്ച്‌ മുന്‍പിന്‍ചിന്തയില്ലാതെ വനവാസത്തിനിറങ്ങിപ്പുറപ്പെട്ട സീതയുടെ കഥയുമെല്ലാം പ്രണയാര്‍ദ്രമായ പുരാപുണ്യങ്ങളാണ്‌.
പക്ഷേ, കാലം പ്രപഞ്ചത്തിനേല്‌പിക്കുന്ന പരിവര്‍ത്തനങ്ങള്‍, ക്ഷതങ്ങല്‍ പ്രണയത്തിലും വന്നു ഭവിക്കുന്നു. ആട്ടിടയനെ പ്രണയിച്ച ചന്ദ്രികയുടെ കാലമല്ലിത്‌. മരണത്തെ പിന്‍തുടര്‍ന്ന്‌ കമിതാവിനെ തിരികെ നേടിയ സാവിത്രിയുടെ കാലവുമല്ല. ഇന്ന്‌ പ്രണയം ഒരു സേഫ്‌ ലോക്കാണ്‌. സുരക്ഷിത ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഒരു നെടുങ്കന്‍ പരവതാനി. പലരും വര്‍ണ്ണാഞ്ചിതമായി അതു നീട്ടി വിരിക്കുമ്പോള്‍ കണ്ണുമഞ്ഞളിച്ചു പോകുന്ന പെണ്‍കുട്ടികള്‍ അതിനുള്ളിലെ മുള്ളും ചില്ലും തിരിച്ചറിയാതെ അവിടെ കയറിപ്പറ്റുന്നു. ചിലര്‍ മുറിവേറ്റിട്ടായാലും ലക്ഷ്യത്തിലെത്തുന്നു. മറ്റു ചിലര്‍ മുറിവേതുമില്ലാതെ സഫലയാത്രയിലൂടെ ലക്ഷ്യം കൈവരിക്കുന്നു. ഇനിച്ചിലര്‍ മുറിവേറ്റ്‌ സ്വയം നശിച്ച്‌ പകുതിയില്‍ വീണുപോകുന്നു.
എങ്കിലും ഒന്നു സത്യമാണ്‌. പ്രഥമദര്‍ശനത്തിലെ അനുരാഗം, അത്‌ പരിമിതമാണിന്ന്‌. നായികാനായകന്മാര്‍ രഹസ്യമായെങ്കിലും അപരന്റെ (അപരയുടെ) പശ്ചാത്തല ഭാഗധേയങ്ങള്‍ തിരക്കി അറിയാന്‍ ശ്രദ്ധകാണിക്കുന്നു. അതായത്‌ പണ്ടുകാലത്ത്‌ കണ്ണില്ലാതിരുന്ന പ്രണയത്തിന്‌ കണ്ണുണ്ടാകുന്നു എന്നു സാരം. ആ കണ്ണ്‌ ചുഴിഞ്ഞുനോക്കുന്നത്‌ ഭാവിജീവിതത്തിന്റെ സൗഭിക്ഷതയിലേയ്‌ക്കാണ്‌, സുരക്ഷയിലേയ്‌ക്കാണ്‌. നല്ല കാര്യം. പക്ഷേ മറ്റൊരു തകരാറുണ്ടിവിടെ. കമിതാക്കളും പഴയപോലെ നിഷ്‌കളങ്കരല്ല. അവര്‍ മൂടുപടമിട്ട്‌ മുഖം മിനുക്കുന്നു. മുറിപ്പെന്‍സില്‍ വച്ച്‌ മുഗ്‌ദ്ധഗാനമെഴുതുന്നു.
മൂടിവെച്ച സത്യങ്ങളറിയാതെ, മുനിഞ്ഞു കത്തുന്ന വിളക്കിലേയ്‌ക്കു പാറുന്ന പച്ചത്തുള്ളനെപ്പോലെ അവര്‍ ചെന്നു ചേക്കേറുമ്പോള്‍ ആദ്യം കരിയുന്നത്‌ ചിറകുകളാണ്‌. പിന്നെ പറന്നു രക്ഷപ്പെടല്‍ അസാധ്യമാകുന്നു. പിന്‍മടക്കമില്ലാതെ കീഴടങ്ങുമ്പോള്‍ അവളുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിയുന്നു. സീമന്തരേഖയിലെ കുങ്കുമം അഴിഞ്ഞുപോകുന്നു. അമ്മേ, എന്റച്ഛനാരെന്നു തിരക്കുന്ന ഒരു പൊന്നുണ്ണി ഒക്കത്തുണ്ടാകുന്നു. വിധി എന്ന്‌ വേണ്ടപ്പെട്ടവര്‍ നിശ്വസിക്കുന്നു.
എങ്കിലും പ്രണയം മധുരമാണ്‌. ഒരായിരമാളുകളിലൊരാള്‍ എന്നല്ലാതെ ഒരുവനും ഒരുവളും പരസ്‌പരം സമാശ്വസിക്കുന്ന മുഹൂര്‍ത്തം മധുരതരമാണ്‌. അതുകൊണ്ടാണ്‌ എത്രയൊക്കെ ദുരന്തങ്ങളുണ്ടായിട്ടും പ്രണയം വീണ്ടും തളിരിട്ടു പുഷ്‌പിക്കുന്നത്‌.


" പ്രേമമേ, നിന്‍പേരുകേട്ടാല്‍ പേടിയാം- വഴിപിഴച്ച
കാമകിങ്കരര്‍ ചെയ്യുന്ന കടും കൈകളാല്‍ "
എന്നു പറഞ്ഞ്‌ ഭയം കൊള്ളുമ്പോഴും പ്രണയത്തിന്റെ മഹാനദിക്ക്‌ പുതിയ കൈവഴികള്‍ വന്നുകൊണ്ടിരിക്കുന്നു. അത്‌ പ്രകൃതി നിയമം. ജനിമൃതി സമന്വിതമായ പ്രാപഞ്ചിക ജീവിതത്തിന്റെ നില നില്‌പിനുള്ള അടിസ്ഥാന മന്ത്രം. അപ്പോഴും ഒന്നറിയുക; കോമളഭാവവും വശ്യവചസ്സുമല്ല പ്രണയം. അത്‌ അഗാധമായ ഒരു മനോഭാവമാണ്‌. കുളിര്‍മയാണ്‌, സുഖമാണ്‌.
പ്രണയത്തിന്റെ സാഫല്യം എന്താണ്‌ ? എവിടെയാണ്‌ ? ദാമ്പത്യമാണോ? ഉറപ്പില്ല അത്‌ ആപേക്ഷികമാണ്‌.
"അത്യനര്‍ഘമാമീ മൂഹൂര്‍ത്തത്തില-
ത്യൂത്തമേ നീ മരിക്കണം "
എന്നു പറഞ്ഞ്‌ പ്രണയ തീക്ഷ്‌ണമായ മൂഹൂര്‍ത്തത്തില്‍ കാമുകിയെ വധിക്കുന്ന കാമുകനും പ്രണയി അല്ലെന്നു പറഞ്ഞുകൂട. അത്‌ പ്രണയത്തിന്റെ ഒരു വിരുദ്ധമുഖം. എന്നാല്‍ പ്രണയത്തെ, പ്രണയിനിയെ വിറ്റുകാശാക്കുന്നവന്‍ കാമുകനല്ല, കാപാലികനാണ്‌, അതിലും അധമനാണ്‌. അത്തരം കാപാലികര്‍ കാമദേവന്റെ വേഷം ധരിച്ച്‌ എവിടെയുമുണ്ട്‌. അവരെ കരുതിയിരിക്കുക. അതാണ്‌ സ്‌ത്രീശാക്തീകരണത്തിന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും വിശിഷ്‌ടമായ പ്രണയോപദേശം.

No comments:

Post a Comment