Pages

Sunday, April 24, 2011

പ്രണയം കവിത്രയ കൃതികളില്‍ LOVE IN THE POEMS OF ASAN AND OTHERS

പ്രണയം കവിത്രയ കൃതികളില്‍

കലയിലും സാഹിത്യത്തിലും എന്നല്ല ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും പ്രണയം അനാദിയായ ഒരു പ്രചോദനമാണ്‌. പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നതും മാനിന്‍ വഴിയേ തിരുമണ ക്കസ്‌തുരിമണം ചേര്‍ക്കുന്നതുമെല്ലാം ഈ പ്രണയത്തെ ഉദ്ദീപിപ്പിക്കുന്നതിനു വേണ്ടിത്തന്നെയാണ്‌.

"വനദേവതമാരേ, നിങ്ങളുമുണ്ടോകണ്ടൂ, വനജേക്ഷണയായ സീതയെ" 
എന്നുള്ള പുരുഷോത്തമനായ രാമന്റെ വിലാപത്തിനുപിന്നിലും ഈ പ്രണയത്തിന്റെ അനിര്‍വ്വചനീയമായ രസസന്നിവേശം തന്നെയാണ്‌. മലയാള കവിതയിലെ നവോത്ഥാന നായകരായ ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കവിതകളെടുത്താലും ഈ മട്ടില്‍ പ്രണയത്തിന്റെ അംശം കുറവല്ലാത്ത അളവില്‍ കണ്ടെത്താനാകും.

ആശയഗംഭീരനായും സ്‌നേഹഗായകനായും വാഴ്‌ത്തപ്പെടുന്ന കുമാരനാശാന്റെ മുഖ്യകാവ്യങ്ങളില്‍ പലതും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പ്രണയത്തിന്റെ, തീവ്രാനുരാഗത്തിന്റെ വിരഹത്തിന്റെ, വിപ്രയോഗത്തിന്റെയൊക്കെ വിഭിന്ന ഭാവങ്ങള്‍ തിങ്ങിക്കനത്തവ തന്നെയാണ്‌. നളിനിയും ലീലയും പൂര്‍ണ്ണമായും പ്രണയകാവ്യമായിരിക്കുമ്പോള്‍ കരുണയും ചണ്‌ഡാലഭിക്ഷുകിയും ദുരവസ്ഥയും വീണപൂവുമൊക്കെ പ്രണയ ബാഹ്യമായ ഒരിതിവൃത്തത്തിലുന്നുമ്പോള്‍ത്തന്നെ പ്രണയത്തിന്റെ ഒരു വര്‍ണ്ണ സങ്കരം ഉള്‍ക്കൊള്ളുന്നതായി കാണാം. ഈ മുഴുവന്‍ കൃതികളും പരിശോധിച്ചാല്‍ ഒന്നു വ്യക്തമാകും. ലീലയാണ്‌ പ്രണയത്തിന്റെ ഏറ്റവും കടുത്ത വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ആശാന്‍ കവിത എന്ന വസ്‌തുത.
"യുവജന ഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍ "
എന്ന മട്ടില്‍ കമിതാക്കള്‍ക്ക്‌ സമ്പൂര്‍ണ്ണമായ സ്വയംനിര്‍ണ്ണയാവകാശം പ്രഖ്യാപിക്കുമ്പോള്‍ തന്നെ.
"ഗുരുജന വചനം, കുലപ്രമാണം
തരുണികള്‍ തന്നുടെ അസ്വതന്ത്രത
കരുതിയവള്‍ മറച്ചു കാമിതം
കരുമന പുണ്ടിവള്‍ കാട്ടിലൗകികം "
എന്നിങ്ങനെ സ്‌ത്രീകളുടെ അവസരവാദ സമീപനത്തിനും അംഗീകാരം നല്‌കുന്നു. അതേ സന്ദര്‍ഭത്തില്‍ത്തന്നെ
"പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകുംവഴി വേറെയാക്കിടാം
കഴിയുമവ, മനസ്വിമാര്‍ മന-
സ്സൊഴിവ തശക്യ മൊരാളിലൂന്നിയാല്‍ "
എന്ന്‌ പ്രണയത്തിന്റെ ദാര്‍ഢ്യവും വിളിച്ചു പറയുന്നു. ഈ അവസാനത്തെ പ്രഖ്യാപനം ഉറപ്പിക്കുന്ന മട്ടിലാണ്‌ ലീലയുടെ പില്‌കാല ജീവിതം ചിത്രീകരിക്കപ്പെടുന്നത്‌. ഭര്‍ത്താവിന്റെ അകാല നിര്യാണത്തോടെ സ്വതന്ത്രയാകുന്ന ലീല തിരികെ പൂര്‍വ്വകാമുകനെ തേടിയെത്തുകയും മദന പരവശയായി അവനുവേണ്ടി എങ്ങും അലഞ്ഞു നടന്ന്‌ ഒടുവില്‍ മദനനു പിന്നാലെ രേവാനദിയുടെ ധവള തരംഗകരങ്ങളില്‍ സതോഷം സ്വയം സമര്‍പ്പിക്കുന്നതുമാണ്‌ ലീലയുടെ ഇതിവൃത്തം. ഇങ്ങനെ ലീല എന്ന പ്രണയോപനിഷത്ത്‌ പൂര്‍ണ്ണമാകുന്നു.
നളിനിയിലും ഒരു വിഫല പ്രണയമാണ്‌ ആശാന്‍ കോറിയിടുന്നത്‌. പ്രണയത്തിന്റെ തീക്ഷ്‌ണ യൗവ്വനത്തില്‍ പിരിഞ്ഞുപോയ കാമുകനെ ഒരു സന്ന്യാസി ഭാവത്തില്‍ കണ്ടെത്തുന്ന നളിനി ആ യമിയുടെ , പൂര്‍വ്വകാമുകന്റെ ബാഹാന്തരം ചരമശയ്യയാക്കി മരണം വരിക്കുന്നു. ആത്യന്തിക വിശകലനത്തില്‍ നളിനിയുടേത്‌ ഒരു സഫലപ്രണയമല്ല. കമിതാക്കളുടെ സംയോഗം നിമിഷാര്‍ദ്ധത്തേയ്‌ക്കു മാത്രമാണ്‌. എങ്കിലും ആ നിമിഷത്തില്‍ മരണം വരിക്കാന്‍ സാധിച്ചത്‌ ജീവിതത്തിന്റെ മധുരീകരണമാണെന്ന്‌ കവി സ്ഥാപിക്കുന്നു.
ലീലയിലും നളിനിയിലും പരസ്‌പരാകൃഷ്‌ടമായ, പരസ്‌പരാശ്ലിഷ്‌ടമായ പ്രണയമായിരുന്നെങ്കില്‍ കരുണയിലെ പ്രണയം വിഭിന്നമാണ്‌. അത്‌ ഏകപക്ഷീയമായ പ്രണയമായിരുന്നു. കയ്യില്‍ ഓടുമേന്തി നടക്കുന്ന കാമദേവനെപ്പോലെയുള്ള ഒരു ബുദ്ധസന്യാസിയില്‍ ഭ്രമിച്ചുവശായ വാസവദത്ത എന്ന വാരസുന്ദരിയുടെ പ്രണയവും ദുരന്തവുമാണ്‌ കരുണയിലെ പ്രതിപാദ്യം. അവിടെയും പ്രണയം സഫലമാകുന്നില്ല. സമയമായില്ല എന്നു പറഞ്ഞ്‌ ആ യുവയോഗി അവളില്‍ നിന്നും അകന്നുനിന്നു. ഒടുവില്‍ അയാള്‍ എത്തി. അതു പക്ഷേ കരചരണാദികള്‍ ഛേദിക്കപ്പെട്ട്‌ ശ്‌മശാന ഭുമിയില്‍ ആസന്ന മരണയായി കിടക്കുന്ന വാസവദത്തയെ കാണാനായിരുന്നു. മധുരയിലെ ആ മഹിത സൗന്ദര്യം ചിതയിലെരിഞ്ഞടങ്ങുന്നതുവരെ അദ്ദേഹം അവിടെ നിന്നു. അത്‌ ലൗകികേതരമായ പ്രണയത്തിന്റെ വിശിഷ്‌ട ദൃശ്യം.
മാതംഗി എന്ന ചണ്‌ഡാലികയുടെ പ്രണയവും ലൗകിക തൃഷ്‌ണകള്‍ക്കപ്പുറത്തേയ്‌ക്കുയര്‍ന്നു
പോകുന്നു.
"ജനിമരണാര്‍ത്തിദമാകും തൃഷ്‌ണ
ഇനി നിനക്കുണ്ടാകാതാകയാവൂ "
എന്നാണ്‌ നിരുപാധിക കൃപാവാരിരാശിയായ ബുദ്ധ ദേവന്റെ വചനം. മാതംഗിയുടെ പ്രണയാഗ്നി അവിടെ കെട്ടടങ്ങി. ഇങ്ങനെ ആശാന്റെ നായികമാരെല്ലാം വിഫലപ്രണയത്തിന്റെ വീഥികളില്‍ വീണുപോകുമ്പോള്‍ ദുരവസ്ഥയിലെ നായിക മാത്രമാണ്‌ പ്രണയ സാഫല്യം നേടുന്നത്‌.
"ഈയക്കോല്‍ പോലെ തണുത്ത വിരലോലും
പ്രേയാന്റെ കൈയേന്തി പോലവാംഗി
തീയെ വലം വെച്ചവനെ നയിച്ചുതന്‍
പായില്‍ ശയിപ്പിച്ചു താന്‍ ശയിച്ചാള്‍ "
എന്നു പറയുമ്പോള്‍ അവിടെ ലൗകിക പ്രണയത്തിന്റെ സാഫല്യം നമുക്കു ദര്‍ശിക്കാം.
ആശാന്റെ പ്രണയ സങ്കല്‌പത്തില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ വള്ളത്തോളിന്റെ പ്രണയാവിഷ്‌കാരം. ആശാന്‍ സ്വകപോല കല്‌പിതമായതോ താരതമ്യേന നവീനമോആയ ഇതിവൃത്തങ്ങള്‍ സ്വീകരിച്ച്‌ പ്രണയ കവിതകള്‍ രചിച്ചപ്പോള്‍ വള്ളത്തോള്‍ പുരാണങ്ങളില്‍ നിന്നും പ്രഖ്യാതമായ സംഭവ കഥകളില്‍ നിന്നും ഇതിവൃത്തം സ്വീകരിച്ചു. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്‌ ബന്ധനസ്ഥനായ അനിരുദ്ധന്‍.

ശ്രീകൃഷ്‌ണ പൗത്രനായ അനിരുദ്ധനില്‍ അനുരക്തയായ ബാണാസുരപുത്രി ഉഷയുടെ പ്രണയമാണിതില്‍ ആവിഷ്‌കരിക്കപ്പെടുന്നത്‌. ഉഷയുടെ അനുരാഗവായ്‌പും ബന്ധനസ്ഥനായിട്ടും വീര്യശോഷണം സംഭവിക്കാത്ത അനിരുദ്ധന്റെ തന്റേടവും വള്ളത്തോള്‍ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.
" ഈടാര്‍ന്നു വായ്‌ക്കു മനുരാഗനദിയ്‌ക്കു വിഘ്‌നം
കൂടാതൊഴുക്കനു വദിക്കുകയില്ല ദൈവം "
എന്നൊരു പൊതു തത്വം കവി ഇതില്‍ പറഞ്ഞു വെയ്‌ക്കുന്നു.
മഗ്‌ദലനമറിയത്തിന്റെ നില്‌പ്‌ ഏതാണ്ട്‌ ചണ്‌ഡാലഭിക്ഷുകിയുടെ അവസ്ഥയിലാണ്‌. കല്ലെറിഞ്ഞുകൊല്ലാനുള്ള വിധി ലഭിച്ച വേശത്തരുണിയെ രക്ഷിച്ച ദിവ്യപുരുഷനോടു തോന്നിയ ആരാധന പക്ഷേ ആധ്യാത്മിക സാധനയായി പരിണമിക്കുകയാണിവിടെ.
"കന്യകയല്ലഞാന്‍, കാന്തനെന്‍ പ്രാണനാ
ണന്യനെ... അപ്രീതി തോന്നരുതേ........."
എന്നു വിലപിക്കുന്ന ഭാരത സ്‌ത്രീകള്‍ തന്‍ ഭാവശുദ്ധി എന്ന കവിതയിലെ ഭാരത സ്‌ത്രീയും പ്രണയത്തിന്റെ ദൃഢബദ്ധമായ ഒരു പന്ഥാവാണ്‌ കാണിച്ചു തരുന്നത്‌.
ഏറെ ദേശാഭിമാന പ്രചോദിതനായിരുന്ന മഹാകവി പ്രണയത്തിന്റെ തീവ്രഭാവങ്ങള്‍ ആവിഷ്‌കരിക്കാന്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല എന്നതാണ്‌ വാസ്‌തവം. വിലാസ ലതികയിലെ ശ്ലോകങ്ങള്‍ അതിനൊരപവാദമാണെങ്കിലും അവ പക്ഷേ ഒറ്റശ്ലോകങ്ങള്‍ എന്ന നിലയില്‍ സമഗ്രമായ പ്രണയ പരിണാമത്തിന്റെ ചിത്രങ്ങള്‍ പ്രദാനം ചെയ്യുന്നവയല്ല എന്നു പറയേണ്ടിയിരിക്കുന്നു. ഒരു സന്ദര്‍ഭത്തെ, ഒരനുഭവത്തെ, ഒരു ദൃശ്യത്തെ ആവിഷ്‌കരിച്ച്‌ അത്‌ പിന്‍വാങ്ങുന്നു.


ഉള്ളൂരിനും ലൗകികപ്രണയം ഒരു പഥ്യവിഷയമായിരുന്നില്ല. അങ്ങിങ്ങ്‌ ചില അനുരണനങ്ങളുണ്ടാകുന്നുണ്ടെങ്കിലും ഒരു ചരാചര പ്രണയമാണ്‌ ഉള്ളൂര്‍ കവിതയില്‍ കാണാനാകുന്നത്‌. അത്‌ വ്യക്തി നിഷ്‌ഠമല്ല. മറിച്ച്‌ ഒരു പ്രാപഞ്ചിക യാഥാര്‍ത്ഥ്യമാണ്‌.
" പ്രേമമേ, വിശിഷ്‌ടമാം ഹേമമേ മോക്ഷാപര-
നാമമേ, യോഗക്ഷേമ ധാമമേ ജയിച്ചാലും,"
എന്ന്‌ മൃണാളിനി എന്ന കവിതയിലെഴുതുന്ന അദ്ദേഹം.
" പ്രേമഠതാന്‍ പ്രപഞ്ചത്തിന്‍
ശ്രേഷ്‌ഠമാം ജീവാധാരം
പ്രേമത്തിന്നഭാവത്തില്‍
ബ്രഹ്മാണ്‌ഡം നിശ്ചേതനം "
എന്ന്‌ ഭക്തി ദീപികയിലും
" പാദാര്‍ത്ഥ നിരതന്‍ പ്രകൃതിജഭാവം
പരസ്‌പരാകര്‍ഷം
പ്രാണികുലത്തിന്‍ പ്രഥമാത്മഗുണം
പരസ്‌പര പ്രേമം"
എന്ന്‌ പ്രേമസംഗീതത്തിലും പറയുന്നുണ്ടെങ്കിലും ആശാനെപ്പോലെ ലൗകിക പ്രണയത്തിന്റെ ഇഴകീറി പരിശോധിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല.
പ്രണയം ഒരുത്തേജനമാണ്‌ , ലഹരിയാണ്‌. ലൗകിക ജീവിതത്തില്‍ അതൊരു പ്രചോദനമാണ്‌. അതിനെ പ്രവൃത്തിയിലാവാഹിക്കാന്‍ ഏതൊരാള്‍ക്കും കഴിയും, കഴിയണം. എന്നാല്‍ അനുയോജ്യമായ ബിംബങ്ങളിലൂടെ, സവിശേഷമായ പാത്ര- സന്ദര്‍ഭ സൃഷ്‌ടികളിലൂടെ അതിനെ കാവ്യത്തിലേയ്‌ക്കാവാഹിക്കാന്‍ എല്ലാപേര്‍ക്കും കഴിയണമെന്നില്ല. അതിന്‌ കവിത്വം വേണം. ആ കവിത്വമാണ്‌ ഏറിയും കുറഞ്ഞും ഈ മഹാകവികള്‍ പ്രകടിപ്പിച്ചത്‌.
ഇവിടെ വിശകലനം ചെയ്‌ത കാവ്യകൃതികളെ മൊത്തത്തിലെടുത്തു പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. സമാന രചനകളുടെ കൂട്ടത്തില്‍ ഒന്നോ രണ്ടോ പടി മുന്നിലാണ്‌ ലീലയുടെ സ്ഥാനം എന്ന വസ്‌തുത. അതി വിശിഷ്‌ടമായ ഒരു പ്രണയോപനിഷത്താണത്‌. ശരീരത്തിലും ലൗകിക തൃഷ്‌ണകളിലും ഊന്നിയാണ്‌ അതിലെ പ്രണയം വികസിക്കുന്നത്‌. എങ്കിലും അത്‌ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്‌. " ധ്രുവമിഹമാംസനിബദ്ധമല്ല രാഗം" എന്ന സത്യം. ആ സത്യം ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ പ്രണയം അതിന്റെ മൂടിചൂടുന്നുള്ളു. അല്ലെങ്കില്‍ പ്രണയം വിശപ്പുപോലെ, ദാഹം പോലെ സാധാരണമായ, പ്രാഥമികമായ ഒരു വികാരം മാത്രം. ആ സത്യം അറിഞ്ഞുകൊണ്ട്‌, അതില്‍ നിന്നും വ്യത്യസ്‌തമായ, പ്രണയത്തിന്റെ അധിക തുംഗ പദങ്ങളിലേയ്‌ക്ക്‌ നമുക്കുറ്റുനോക്കാം.

4 comments:

  1. നല്ലൊരു പഠനം.
    വായനക്കാർക്ക് പ്രയോജനപ്പെടും.

    ReplyDelete
  2. പഴകിയ തരുവല്ലി മാറ്റുക എന്നത് പുഴയുടെ ഗതി മാറ്റുന്നതുപോലെ അത്ര ദുസ്സാധ്യമായ കാര്യമല്ലല്ലോ. പിന്നെന്തുകൊണ്ടാവാം ആശാൻ അത്തരമൊരു ഇമേജറി പ്രയോഗിച്ചത്? ദയവായി ഇതിലേക്ക് വെളിച്ചം വീശുമോ ..

    ReplyDelete
  3. പഴകിയ വൃക്ഷമോ വല്ലിയോ മാറ്റാം അതത്ര ശ്രമകരമായ പ്രവൃത്തിയല്ല. പുഴയൊഴുകുന്ന വഴിയും മാറ്റാം. ശ്രമകരമാണെങ്കിലും അത് അസാധ്യമല്ല. എന്നാല്‍ മനസ്വികളുടെ, ദൃഢവ്രതരായ സ്ത്രീകഴുടെ മനസ്സ് മാറ്റുക അസാധ്യമായ കര്‍മ്മം തന്നെയാണ് എന്നാണ് കവി സൂചിപ്പിക്കുന്നത്.

    ReplyDelete