Pages

Tuesday, March 8, 2011

കൃഷിയുടെ ചൈതന്യം The Essence of Cultivation



പണ്ട്‌, പൗരാണികമായ ഒരു കാലത്ത്‌ ഇവിടെത്തെ ഋഷിമാര്‍ ഭക്ഷണാവശ്യത്തിനും പൂജാകാര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നത്‌ വരിനെല്ലായിരുന്നു എന്നാണ്‌ പുരാണങ്ങളില്‍ വ്യക്തമാക്കുന്നത്‌. വിതയ്‌ക്കാതെ മുളയ്‌ക്കുന്നവയും കൊയ്യാതെ ശേഖരിക്കുന്നവയുമായിരുന്നു ഈ വരിനെല്ലുകള്‍. വിളകൊയ്യുന്നതുപോലും ആ സസ്യങ്ങള്‍ക്ക്‌ വേദനാജനകമായേയ്‌ക്കാം എന്ന മട്ടിലുള്ള സ്‌നേഹോദാരമായ ഒരു സഹഭാവം അവിടെക്കാണാം.
സസ്യങ്ങളും ജന്തുക്കളും മനുഷ്യരും എല്ലാ ജീവജാലങ്ങളും സഹവര്‍ത്തിത്തത്തിലെത്തുന്ന ഒരു വരേണ്യ സംസ്‌കൃതി. അത്തരം ഒരവസ്ഥയില്‍ നിന്നാണ്‌ നമ്മള്‍ വിഷസമ്പൂര്‍ണ്ണമായ കീടനാശിനികള്‍ വലിച്ചെറിഞ്ഞ്‌ വിള കാക്കുന്നത്‌. മനുഷ്യന്‍ ഭൂമിയിലെ എല്ലാത്തിന്റെയും കുത്തകാവകാശിയാണ്‌ എന്ന ധാര്‍ഷ്‌ട്യത്തില്‍ നിന്നാണ്‌ ഇത്തരമൊരു മനോഭാവമുണ്ടാകുന്നത്‌. മണ്ണിന്റെ അവകാശികള്‍ ചരാചരങ്ങളായ ജീവജാലങ്ങളാണെന്നും അതുകൊണ്ടുതന്നെ മണ്ണില്‍ വിളയുന്ന വിളവുകളിലൊക്കെയും എല്ലാ ജീവികള്‍ക്കും അവകാശമുണ്ടെന്നുമുള്ള അനാദിയായ ഒരു സങ്കല്‌പം നമ്മള്‍ മടക്കിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. കാക്കയും അണ്ണാനും മരംകൊത്തിയും പുഴുവും കീടവും ചാഴിയുയെല്ലാം ആവശ്യത്തിന്‌ കഴിച്ചതില്‍ ശിഷ്‌ടം മാത്രം മനുഷ്യന്‍ കഴിച്ചാല്‍ മതിയാകും എന്നതാണ്‌ പ്രകൃതിയുടെ സാന്മാര്‍ഗ്ഗിക നിയമം.


എന്നാല്‍ ലോഭിയായ മനുഷ്യന്‌ ഈ നിയമം ലംഘിച്ചേ തീരു. അതിനുവേണ്ടിയാണ്‌ അവന്‍ കീടനാശിനികള്‍ കണ്ടുപിടിച്ചത്‌. എന്നാല്‍ അന്യന്റെ നേര്‍ക്ക്‌ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരലുകള്‍ തന്റെ തന്നെനേര്‍ക്കാവും ചൂണ്ടപ്പെടുന്നതെന്ന സാമാന്യയുക്തി ഇവിടെയും പ്രവര്‍ത്തിക്കുന്നു. കീടത്തിനു നേര്‍ക്കു പ്രയോഗിക്കുന്ന വിഷം അതിന്റെ നാലിരട്ടി മാരകശക്തിയോടെ മനുഷ്യനു നേരേതന്നെ തിരിച്ചടിക്കുന്നു. അത്‌ ക്യാന്‍സറായും ട്യൂമറായും മറ്റ്‌ ജനിതക വൈകല്യങ്ങളായും അവനെ കാര്‍ന്നു തിന്നുന്നു. ഇഞ്ചിഞ്ചായി കൊലചെയ്യുന്നു.
ആഗ്രഹങ്ങളെല്ലാം തന്നെ ദു:ഖകാരണമാണ്‌ എന്ന ബുദ്ധ വചനമാണ്‌ ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ടത്‌. എന്നാല്‍ അതിനൊരു ഭേദഗതി വരണം; അത്യാഗ്രഹങ്ങളുടെ അനന്തര ഫലമാണ്‌ ദു:ഖം എന്ന തിരുത്ത്‌ മണ്ണിനെ വിഷലിപ്‌തമാക്കി കൊയ്‌തുകൂട്ടുമ്പോള്‍ അത്‌ മനുഷ്യനിലും വിഷലേപനം ചെയ്യുന്നു എന്ന സത്യം അവശേഷിക്കുന്നു.
മനസ്സിന്റെ ചൈതന്യം ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ ചിന്തിക്കുക ; ചരാചരങ്ങള്‍ സഹോദരങ്ങളാണെന്ന്‌ വിധിയെഴുതുക. എങ്കില്‍ എല്ലാം ഭംഗിയായി നടക്കും അല്ലെങ്കില്‍ പ്രൊഫസര്‍. ഒ.എന്‍.വി. കുറുപ്പ്‌ എഴുതിയ മട്ടില്‍.
 "സര്‍ഗ്ഗലയതാളങ്ങള്‍ തെറ്റുന്നു ജീവരഥ
   ചക്രങ്ങള്‍ ചാലിലുറയുന്നു"
എന്ന അവസ്ഥയിലാവും കാര്യങ്ങള്‍. അതുണ്ടായിക്കൂട. മണ്ണില്‍ നിന്ന്‌ പൊന്നു വേണ്ട .ഓരോ ജീവിക്കും അന്നന്നത്തെ അന്നത്തിനുള്ള വക, അത്‌ ശുദ്ധമായി വിഷമുക്തമായി ലഭിക്കാനുള്ള ഒരവസ്ഥ. അതാണ്‌ പ്രാര്‍ത്ഥന. ഒപ്പം, ഈ മണ്ണിനെ, ഇവിടെത്തെ വിളവുകളെ ഷൈലോക്കുമാരുടെ ലാഭകണ്ണുക്കൊണ്ടളക്കരുതേ എന്ന്‌ ഒരപേക്ഷയും കൂടി.

No comments:

Post a Comment