Pages

Monday, December 27, 2010

സഹ്യന്റെ മകനും മറ്റ്‌ കൊമ്പന്‌മാരും Story Of A Violent Elephant

സഹ്യന്റെ മകനും മറ്റ്‌ കൊമ്പന്‌മാരും
പ്രശാന്ത്‌ മിത്രന്‍


ആന എന്ന രണ്ടക്ഷരം ഒരു ശരാശരി കേരളീയന്റെ മുന്നില്‍, മനസ്സില്‍ തെളിയുന്നത്‌ നീണ്ട തുമ്പിക്കയ്യും വെളുത്തു വളര്‍ന്ന കൊമ്പും, വിരിഞ്ഞ മസ്‌തകവും, മുറംപോലെയുള്ള ചെവിയും, തടിച്ച ഉദരവും, കാലും വാലും ഒക്കെയായിട്ടായിരിക്കും. വല്ലാത്തൊരു വശ്യതയുണ്ട്‌ ഈ ഭീമാകാരന്‌. എന്തെന്തു കഥകളാണ്‌. ആനകളുമായി ബന്ധപ്പെട്ട്‌ നമ്മുടെ മുന്നിലുള്ളത്‌! പകയുടെ ഊറയിട്ട സ്‌മൃതിയുമായിജീവിച്ച്‌ പകവീട്ടിയ ആനകള്‍, സ്‌നേഹത്തിന്റെ ഗൃഹാതുരതയോടെ സ്വയം സമര്‍പ്പിച്ചവര്‍ ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ആനക്കഥകള്‍. ഇവയിലൂടെയൊക്കെ വെയിലേറ്റ്‌ തെളിവേറ്റ്‌ ഉയര്‍ന്നു വരുന്ന ഒരസാധാരണ മൃഗം. അത്‌ മനുഷ്യനുമായി വല്ലാത്ത ചാര്‍ച്ച സ്ഥാപിച്ചിരിക്കുന്നു.
കവികള്‍ക്കും കഥാകാരന്മാര്‍ക്കും ആനകള്‍ പ്രചോദനമായിട്ടുള്ളത്‌ വിരളമല്ല. അക്കൂട്ടത്തില്‍ ചിന്തിക്കുമ്പോള്‍ വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനാണ്‌ ആദ്യം സ്‌മൃതിയിലെത്തുക. മദപ്പാടോടെ...

ഉത്സവപ്പറമ്പിലെഴുന്നള്ളിക്കപ്പെട്ട കൊമ്പന്റെ മാനസികവിഭ്രാന്തിയും അതുണ്ടാക്കുന്ന ബാഹ്യസംഘര്‍ഷങ്ങളുമാണ്‌ ആ കവിതയുടെ ഇതിവൃത്തം. മദം പൂണ്ട്‌ സര്‍വ്വതും തകര്‍ത്തെറിയുന്ന അവനെ അവസാനം വെടിവെച്ചു കൊല്ലുന്നു. അവന്റെ അന്തിമ വിലാപം, ആസന്ന മരണ ചിന്നംവിളി ദിഗന്തങ്ങള്‍ ഭേദിച്ചുയര്‍ന്നു കവി എഴുതി.
'ദ്യോവിനെ വിറപ്പിക്കുമാവിളികേട്ടോമണി
ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം
എങ്കിലുമതുചെന്നു മാറ്റൊലിക്കൊണ്ടു പൂത്ര
സങ്കടം സഹിയാത്തസഹ്യന്റെ ഹൃദന്തത്തില്‍'
ഇവിടെ വ്യക്തമാക്കുന്നത്‌ സഹ്യന്റെ മാതൃവേദനയാണ്‌. എന്നാല്‍ നമുക്കു മറ്റു ചിലതുണ്ട്‌ ചോദിക്കാന്‍. വനത്തില്‍ സ്വച്ഛശാന്തമായി രമിച്ചു ജീവിക്കുന്ന ആനയെ ചങ്ങലയിട്ടു ബന്ധിക്കാന്‍ മനുഷ്യന്‌ ആര്‌ അവകാശം നല്‌കി. അതിനെക്കൊണ്ട്‌ ഭാരം വലിപ്പിക്കാന്‍ എവിടെനിന്നുകിട്ടി അവകാശം? ഉത്സവപ്പറമ്പില്‍ കെട്ടുകാഴ്‌ചയായി എഴുന്നള്ളിക്കാന്‍ ആരാണ്‌ നമുക്കധികാരം തന്നത്‌? മദം പൊട്ടുന്നകാലത്ത്‌ മയക്കുവെടി വെച്ചു തളയ്‌ക്കാന്‍ ആരുടെ തീട്ടുരമാണു നമുക്കുള്ളത്‌ ?


സഹജീവി പ്രണയത്തിന്റെ ഒരുപാടു കഥകള്‍ നമ്മള്‍ പറയുന്നുണ്ട്‌. സുഖ ചികിത്സയുടെയും മൃഷ്‌ടാന്ന ഭക്ഷണത്തിന്റെയും കഥകളും നമ്മള്‍ ഉദ്ധരിക്കുന്നു. പക്ഷേ നമ്മള്‍ പറയാത്ത, പറയാന്‍ കൂട്ടാക്കാത്ത ഒരു സത്യമുണ്ട്‌.
"ബന്ധൂര കാഞ്ചനക്കുട്ടിലാണെങ്കിലും
ബന്ധനം ബന്ധനംതന്നെ പാരില്‍ "
ആ സത്യം നമ്മള്‍ പറയുന്നില്ല. എന്തിനെയും കീഴടക്കി അഭിമാനിക്കുന്ന നമുക്ക്‌ കരയിലെ കാതലായ ഈ കരിവീരനെ കീഴടക്കാതെ വയ്യ. കീഴടക്കിയാലോ കെട്ടുകാഴ്‌ചയായി എഴുന്നള്ളിക്കാതെ വയ്യ. പക്ഷേ നെറ്റിപ്പട്ടവും പട്ടാമ്പരവും ചാര്‍ത്തിച്ചാലും അവന്‍ സ്വപ്‌നം കാണുന്നത്‌ വനവീഥികളിലെ ഈറ്റത്തണ്ടും ഇളം പുല്ലുമായിരിക്കും. സഹജമായ ആവാസ വ്യവസ്ഥകള്‍ പറിച്ചെറിഞ്ഞ്‌ അവനെ ചങ്ങലയ്‌ക്കിടുമ്പോള്‍ നമുക്ക്‌ ചില ധാര്‍മ്മികചുമതലകളുണ്ട്‌. നമുക്കു മുന്നില്‍ വിനീതമായി തലയെടുത്തു നില്‌ക്കുന്ന അവന്‌ അസഹ്യമായ പീഡനകള്‍ക്കിടവരുത്തരുത്‌ എന്ന കടമ. ആനച്ചോറ്‌ കൊലച്ചോറ്‌ എന്നതൊരു പഴഞ്ചൊല്ലാണ്‌. ഏറെ അപകടകരവും എപ്പോഴും മരണ ഭീഷണി നിലനില്‌കുന്നതുമാണ്‌ ആന പരിപാലനം എന്ന സത്യം. പക്ഷേ, അത്‌ ഏകപക്ഷീയമായ ഒരാക്രമണമായി നമ്മള്‍ കരുതിക്കൂട. നിരന്തരമുണ്ടാകുന്ന അവമതിക്കുനേരേ ഗത്യന്തരമില്ലാതെ ഒരു ദിനം അവന്‍ പൊട്ടിത്തെറിക്കുന്നു. അതൊരു കൊച്ചു ഭൂമികുലുക്കമാവുക സ്വാഭാവികം. അതിലേയ്‌ക്കു നയിക്കുന്ന കാരണങ്ങളെ നമുക്കു വിശകലനം ചെയ്യാം.
കരുത്തനെ, കരുത്തിനെ ബഹുമാനിക്കണം എന്നതൊരാപ്‌തവാക്യമാണ്‌. തന്നെക്കാള്‍ പതിമടങ്ങ്‌ കരുത്തനായ ഈ മഹാദന്തിയെ തോട്ടികൊണ്ടു നിയന്ത്രിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കുക; ആ മൃഗത്തിന്റെ നന്മകൊണ്ടാണ്‌ നമുക്കുമുന്നില്‍ ഇങ്ങനെ വിധേയനാകുന്നത്‌ എന്ന്‌. ആ നന്മയെ ഒരു ബലഹീനതയായി കാണാതിരിക്കുക. അങ്ങനെ കണ്ടുപോയാല്‍ നമ്മള്‍ അഹങ്കാരികളാകും. ബലാല്‍ക്കാരികളാകും. അവിടെ അന്തിമ ദര്‍ശനം ചോരക്കളത്തിലാവും. സ്‌നേഹിക്കു, ഈ മൃഗം നിങ്ങള്‍ക്കു സ്‌നേഹം തരും. ദ്രോഹിച്ചാലും ക്ഷമപോലെ സഹിക്കും. പക്ഷേ അതിനുപരിധിയുണ്ട്‌. എല്ലാ പീഡനങ്ങളും സഹിച്ചു ക്ഷമിച്ചു നിസ്സംഗനായിരിക്കാന്‍ ആന ഭൂമിയല്ലല്ലോ? അപ്പോള്‍ അത്‌ മദംതുള്ളലായി, മണ്ണടരുകളില്‍ ചവിട്ടിത്തേയ്‌ക്കലായി, മഹാ അപരാധമായി കലാശിക്കുന്നു.


ഒരു കാരണവുമില്ലാതെ ഒരാന ഒരിക്കലും വിറളി പിടിക്കുന്നില്ല. അതറിഞ്ഞാല്‍ എല്ലാമറിഞ്ഞു. ഒരു പാപ്പന്റെ ശീലക്കേടുകൊണ്ട്‌ ഒരു പാടുപേര്‍ക്ക്‌ ഹാനിസംഭവിക്കുന്നത്‌ സാധാരണമാണ്‌. ഒരു തുടം മദ്യത്തിന്റെ തേട്ടലില്‍ നിന്നാവും ഒരു വലിയ ദുരന്തത്തിന്റെ ആരംഭം.
ആനക്കാരന്മാരേ, ഓര്‍ക്കുക; ഒരു ദുര്‍ബ്ബലനെയല്ല നിങ്ങള്‍ അടക്കി ഭരിക്കുന്നത്‌. ശക്തനെ, ശക്തരില്‍ ശക്തനെ. ആശക്തിയുടെ ഡംഭൂകളെല്ലാംതന്നെ ഉള്ളിലൊതുക്കി നമുക്കു വിധേയനാകുന്ന വിനീതനെ. ആ ആത്മശക്തിയെ മറന്നുള്ള വിനയത്തെ നമ്മള്‍ ബഹുമാനിക്കണം. ആനപ്പുറത്തിരിക്കുമ്പോള്‍ നായയെ പേടിക്കേണ്ട എന്ന ശൈലിക്ക്‌ അര്‍ത്ഥമുണ്ട്‌, സത്യമുണ്ട്‌. പക്ഷേ ആനപ്പുറത്തിരിക്കുമ്പോഴും അല്ലാത്തപ്പോഴും ആനയെ പേടിക്കണം എന്നൊരു ശൈലികൂടി ഉണ്ടാക്കേണ്ടതുണ്ട്‌. ഭയം ഒരനിവാര്യതയാകുന്ന ഘട്ടങ്ങള്‍ ഏറെയാണ്‌. അത്തരം ഒരു ഭയം ആനയുടെ മേലുമുണ്ടായാല്‍ തീര്‍ച്ചയായും പീഡന പര്‍വ്വങ്ങള്‍ അവസാനിക്കും. ആനയെ അളക്കുമ്പോള്‍ നാമൊരിക്കളും അന്ധ ജന്മങ്ങളാകരുത്‌. ആനയെ അതിന്റെ പൂര്‍ണ്ണതയില്‍ ദര്‍ശിക്കുക, സമഗ്രതയില്‍ വിലയിരുത്തുക. എങ്കില്‍ ദുരന്തങ്ങള്‍ ഒഴിവായിക്കിട്ടും. അത്യപൂര്‍വ്വവും അതി വിശിഷ്‌ടവുമായ ഈ ചങ്ങാത്തം, കരയിലെ ഏറ്റവും വലിയ ജീവിയും ഏറ്റവും വലിയ ധിഷണയും തമ്മിലുള്ള ചങ്ങാത്തം അതൊരു ചൂണ്ടുപലകയാണ്‌.

"പരിശ്രമിക്കുകിലെന്തിനേയും കരത്തിലാക്കാമെന്ന "
സൂചന. അപ്പോഴും നാം ഒന്നോര്‍ക്കണം
"ബന്ധൂര കാഞ്ചനക്കുട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍ " അതെ ബന്ധനം, ബന്ധനംതന്നെ അല്ലാതെ മറ്റൊന്നുമല്ല. 

No comments:

Post a Comment