Pages

Wednesday, May 11, 2011

പട്ടണത്തിന്റെ ഭൂതം THE PAST IN PATANAM

പട്ടണത്തിന്റെ ഭൂതം   THE PAST IN PATANAM

കണ്‍മുന്നില്‍ ഇരുണ്ടൊടുങ്ങുന്ന ഈ പകലാണ്‌ നാളത്തെ ചരിത്രമെന്നും, താന്‍ കഞ്ഞിമോന്തുന്ന കറിച്ചട്ടിയാണ്‌ നാളത്തെ ചരിത്രോപധാനമെന്നും അറിയാത്ത ഒരാദിമ ജനത എല്ലാ സമൂഹത്തിലുമുണ്ടാകും. അവര്‍ അവശിഷ്‌ടങ്ങളെ സ്‌മാരകങ്ങളാക്കി സൂക്ഷിച്ചു വെയ്‌ക്കുന്നുണ്ടാവില്ല. എങ്കില്‍പോലും അവ മണ്ണിന്റെ ഉള്‍നിലങ്ങളില്‍ നാശമടയാതെ, മണ്ണോടു മണ്ണു ലയിച്ചൊന്നാകാതെ അവശേഷിക്കുന്നുണ്ടാകും. അവ കണ്ടെടുക്കാനുള്ള ഉദ്‌ഘനനങ്ങള്‍ ചരിത്ര നിര്‍മ്മാണത്തിന്റെ ഭാഗം തന്നെയാണ്‌. എല്ലാ പരിഷ്‌കൃത സമൂഹത്തിലും അത്തരം ഉദ്‌ഘനനങ്ങള്‍ നടന്നു വരുന്നുണ്ട്‌. നമുക്കും അതില്‍ നിന്ന്‌ പിന്മാറി നില്‌ക്കുക സാധ്യമല്ല.

കേരളത്തിന്‌ അതിദീപ്‌തമായ ഒരു ഭൂതകാലമുണ്ടായിരുന്നു എന്നു തെളിയിക്കുന്ന നിരവധി ചരിത്ര പരാമര്‍ശങ്ങള്‍ ലോകത്താകമാനമുള്ള പ്രാചീന മധ്യകാല സഞ്ചാരികളുടെ കുറിപ്പുകളില്‍ നിന്ന്‌ നമ്മള്‍ മനസ്സിലാക്കുന്നു. മറ്റു ചില സാഹചര്യത്തെളിവുകള്‍ ആ അറിവുകളെ കൂടുതല്‍ ദൃഢപ്പെടുത്തുന്നുമുണ്ട്‌. നമ്മുടെ മണ്ണില്‍ നിന്ന്‌ അത്തരത്തിലുള്ള അതിപൂരാതന ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലുകള്‍ നിരവധി വീണുകിട്ടുന്നുമുണ്ട്‌. അങ്ങനെ ലഭിക്കുന്ന അറിവുകള്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്ക്‌ ......
ഗവേഷകരെ പ്രേരിപ്പിക്കുന്നുമുണ്ട്‌. അത്തരം ഒരു സൂക്ഷ്‌മാന്വേഷണത്തിന്റെ വിജയകഥയാണ്‌ പട്ടണത്തു നടന്ന ഉദ്‌ഘാടനങ്ങള്‍ക്കു പറയാനുള്ളത്‌.
പ്രാചീന കേരള ചരിത്രത്തില്‍ കൊടുങ്ങല്ലൂരില്‍ അതിവിശിഷ്‌ടമായ സ്ഥാനമുണ്ട്‌. ഒരു തുറമുഖം വിവിധ സംസ്‌കാരങ്ങളുടെ സംഗമ ഭൂമി എന്ന നിലയിലും കൊടുങ്ങല്ലൂരിന്റെ ചരിത്ര പ്രാധാന്യം അപ്രമാദിതമാണ്‌. മുസിരിസ്‌ എന്ന പേരില്‍ പ്രഖ്യാതമായ ഈ കൊടുങ്ങല്ലൂരില്‍ നിന്ന്‌ എട്ടു കിലോമീറ്റര്‍ തെക്കു മാറിയാണ്‌ പട്ടണത്തിന്റെ സ്ഥാനം. പ്രാചീന ചരിത്ര രേഖകളില്‍ പരാമര്‍ഷിക്കപ്പെടുന്ന മാലിയങ്കരയാണ്‌ ഇന്നത്തെ പട്ടണം എന്ന ഒരഭിപ്രായം നിലവിലുണ്ട്‌. ക്രിസ്‌തുവര്‍ഷം 52-ല്‍ കേരളത്തില്‍ വന്ന സെന്റ്‌തോമസ്‌ മാലിയങ്കരയിലാണ്‌ വന്നിറങ്ങിയതെന്ന്‌ കരുതപ്പെടുന്നു. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട ചരിത്ര പരാമര്‍ശങ്ങള്‍ക്കപ്പുറം മൂവായിരത്താണ്ടിന്റെ സാംസ്‌കാരിക ചരിത്രം പട്ടണത്തിനു പറയാനുണ്ട്‌ എന്നതാണ്‌ സമകാലിക ഗവേഷണ ഫലങ്ങള്‍ ചുണ്ടിക്കാട്ടുന്നത്‌. ഇത്തരം അടിസ്ഥാന വസ്‌തുതകള്‍ മുന്‍നിര്‍ത്തിയാണ്‌ കേരള സംസ്ഥാന ഗവണ്‍മെന്റ്‌ 2007- ല്‍ മുസിരിസ്‌ ഹെറിറ്റേജ്‌ പ്രോജക്‌ടിന്‌ രൂപം നല്‌കുന്നത്‌. ഈ പ്രദേശത്തിന്റെ പ്രാചീന പൈതൃകം കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായിരുന്നു ഈ പദ്ധതി ലക്ഷ്യമിട്ടത്‌. 
അതിന്റെ ഭാഗമായി കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ മേല്‍ നോട്ടത്തില്‍ കൊടുങ്ങല്ലൂര്‍- നോര്‍ത്തു പറവൂര്‍ മേഖലയില്‍ ഉപരിതല സര്‍വ്വേകള്‍ ഉദ്‌ഘാടനങ്ങള്‍ തുടങ്ങുകയും ചെയ്‌തു.
കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ ഈ പരിപാടിയില്‍ പങ്കാളികളായി . അവരുടെ സഹായത്തോടെ പെരിയാര്‍ പുളിനത്തിലെ ഓരോ പറമ്പും പരിശോധിച്ച്‌ സ്ഥിതി വിവരങ്ങള്‍ രേഖപ്പെടുത്തി. ഈ സര്‍വ്വേകളിലെ പ്രധാന കണ്ടെത്തലുകള്‍ മധ്യകാലളും ചില അമ്പലകെട്ടുകളുടെ അവശിഷ്‌ടങ്ങളും അതാനും മുതുമക്കത്താഴികളുമായിരുന്നു. ഈ പ്രദേശത്തെ കുറിച്ചുള്ള ലിഖിത രേഖകള്‍ക്കു വേണ്ടിയും ഈ സമയത്ത്‌ അന്വേഷണങ്ങള്‍ നടന്നു. ഈ അന്വേഷണം വഴി ലഭിച്ച രേഖകളില്‍ പട്ടണത്തെക്കുറിച്ചു പരാമര്‍ശമുള്ള ഏറ്റവും പഴയ രേഖ ബിഷപ്പ്‌ ഫ്രാന്‍സിസികോ റോസിന്റേതായി 1603 - 04 കാലത്ത്‌ രചിക്കപ്പെട്ട പോര്‍ട്ടുഗീസ്‌ രേഖയാണ്‌.
ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാരംഭിച്ച പട്ടണം ഉദ്‌ഘാടനങ്ങളില്‍ ആര്‍ക്കിയോളജി വകുപ്പ്‌, ജിയോളജി, പാല്‍കോ- ബോട്ടണി, ആര്‍ക്കിയോസുവോളജി, ഫിസിക്കല്‍ ആന്ത്രപ്പോളജി, കെമിക്കല്‍ ഓഷ്യാനോഗ്രഫി, മെറ്റലര്‍ജി, എപ്പിഗ്രാഫി അങ്ങനെ നിരവധി വിഭാഗങ്ങള്‍ സജീനമായിത്തന്നെ സഹകരിച്ചു. ചുരുക്കത്തില്‍ ഒരു പുരിചരിതം വീണ്ടെടുക്കുന്നതിനാവശ്യമായ എല്ലാ മേഖലകളും ഇവിടെ ഒരുമിച്ചു സമ്മേളിച്ചു. ഇങ്ങനെ സുസംഘിടവും സൂസജ്‌ഝവുമായ ഒരു ഉദ്‌ഖനന പദ്ധതി ആസൂത്രണം ചെയ്യുമ്പോല്‍ അതിന്‌ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരിരുന്നു, ഒന്നാമത്‌ ആ പ്രദേശത്തിന്റെ മനസ്സിലാക്കുക. രണ്ട്‌ അവടത്തെ പ്രാചീനമായ സ്ഥല-കാല അവസ്ഥകള്‍ പഠിച്ചറിയുക. അന്നുണ്ടായിരുന്ന സാംസ്‌കാരിക വിനിമയത്തിന്‍ന്റെ ഇഴകള്‍ പിരിച്ചെടുക്കുക, പടിഞ്ഞാറേ സമൂദ്ര തീരങ്ങളുടെ സാമുദ്രിക പാരമ്പര്യം നിര്‍വ്വഹിക്കുക, ഇന്ത്യയുടെ സമദ്ര വ്യാപാര ചരിത്രത്തില്‍ പട്ടണത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുക. ഒപ്പം, പ്രാചീന നഗരമായ പ്രാചീന തുറമുഖമായ മുസിരിസിന്റെ സ്ഥാനം കൃത്യമായ നിര്‍വ്വചിക്കുക. വിഭിന്നങ്ങളായ ഈ ലക്ഷ്യങ്ങളിലൊക്കെയും കാര്യമായ പുരോഗതി കൈവരിക്കാന്‍ മൂന്നുഘട്ടമായി നടന്ന ഉദ്‌ഖനനങ്ങളിലൂടെ സാധിച്ചു എന്നത്‌ ആശാവഹവും ആഹ്ലാദകരവുമായ അവസ്ഥാവിശേഷം തന്നെയാണ്‌.

പട്ടണം ഉദ്‌ഖനനത്തില്‍ നിന്നു ളഭിച്ച ചരിത്രാവശിഷ്‌ടങ്ങളുടെ വിശകലനത്തിന്റെ വെളിച്ചത്തില്‍ ചരിത്രകാരന്മാരും പുരാവസ്‌തു ഗവേഷകരും ചില നിഗമനങ്ങളില്‍ വന്നെത്തിയിട്ടുണ്ട്‌. അതനുസരിച്ച്‌ ഏതാണ്ട്‌ മൂവായിരം വര്‍ഷത്തെ ദീപ്‌ത ചരിത്രമാണ്‌ അവര്‍ ഈ പ്രദേശത്തിന്റേതായി വിഭാവനം ചെയ്യുന്നത്‌. ബി.സി. ആയിരാമാണ്ടു മുതല്‍ 200 -ാം ആണ്ടുവരെ നീളുന്ന അതിപ്രാചീന കാലത്തുതന്നെ റോമാക്കാരും പടിഞ്ഞാറന്‍ ഏഷ്യക്കാരും ഇവിടെ എത്തിയിരുന്നു എന്നു കാണിക്കുന്ന അവശിഷ്‌ടങ്ങള്‍ ലഭ്യമായിട്ടുണ്ട്‌. ചുട്ടെടുത്ത മണ്‍പാത്രങ്ങളും ബ്രാഹ്മിലിപിയിലുള്ള ലിഖിതങ്ങളും ഈ കാലഘട്ടത്തിന്റേതായി ഇവിടെ നിന്നും കണ്ടെടുത്തിരിക്കുന്നു. ഇന്ന്‌ പട്ടണത്തിന്റെ ഭൂതകാലത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കുന്നു.
ഗവേഷകന്‍ നിരീക്ഷിക്കുന്ന രണ്ടാമത്തെ കാലഘട്ടം ബി.സി. ഒന്നാം നൂറ്റാണ്ടു മുതല്‍ ഏ.ഡി. നാലാം നൂറ്റാണ്ടു വരെയാണ്‌. പട്ടണത്തെ സംബന്ധിച്ച്‌ ഏറ്റവും സജീവമായിരുന്ന കാലവും ഇതുതന്നെയാണെന്നാണ്‌ അവരുടെ നിഗമനം. ഇറക്കുമതി ചെയ്‌ത വിവിധങ്ങളായ മണ്‍പാത്രങ്ങള്‍ ഈ കാലഘട്ടത്തിന്റെ അടയാളങ്ങളായി ഇവിടെ നിന്ന്‌ ശേഖരിക്കപ്പെട്ടിട്ടുണ്ട്‌. പ്രാദേശികവും അന്തര്‍ദേശീയവുമായ വാണിജ്യ ശ്രേനിയുടെ മുഖ്യ പ്രാപ്യസ്ഥാനമായി പട്ടണം മാറി എന്ന യാഥാര്‍ത്ഥ്യമാണ്‌ ഈ അവശിഷ്‌ടങ്ങള്‍ നമ്മോടു പങ്കുവെയ്‌ക്കുന്നത്‌.

ഇതിനെ തുടര്‍ന്ന്‌ വരുന്ന കാലഘട്ടം ഏ.ഡി. 5 മുതല്‍ 10 വരെ നൂറ്റാണ്ടുകളാണ്‌. ഈ കാലയളവിലാണ്‌ പ്രമുഖരായ മുസ്ലിം സഞ്ചാരികള്‍ ഇവിടെ എത്തുന്നത്‌. പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാകുന്നതും ഈ കാലഘട്ടത്താണ്‌. ഏ.ഡി. 10 -ാം നൂറ്റാണ്ടിനു
ശേഷമുള്ള ഒരിരുണ്ടകാലം ഇവിടെയും കാണുന്നു. 11 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളുമായി ബന്ധപ്പെടുന്ന ഒരു തെളിവുകളും ഇനിയും ലഭിച്ചിട്ടില്ല. പിന്നെ വരുന്നത്‌ 17 -ാം നൂറ്റാണ്ടു മുതല്‍ ഇതുവരെയുള്ള ചരിത്രമാണ്‌. പോര്‍ച്ചുഗീസുകാരുടെ വരവിനു ശേഷമുള്ള പുനര്‍ നവീകരണമായി ഇതിനെ ചരിത്ര ഗവേഷകര്‍ നിര്‍വ്വചിക്കുന്നു.
ലോകം മുഴുവനും ഈ കേരള ഭൂമി തേടി വന്ന പൂര്‍വ്വ സൗഭാഗ്യത്തിന്റെ സ്‌മൃതിശേഖരങ്ങളാണ്‌. പട്ടണം ഉദ്‌ഖനനത്തിലൂടെ നമ്മള്‍ ഒരിക്കല്‍ കൂടി അനുസ്‌മൃതിക്കുന്നത്‌. സഞ്ചാരികള്‍ മുചിറി എന്നു വിളിച്ചിരുന്ന പ്രാചീന മുസിരിസ്സിനെയും അതിന്റെ ചുറ്റുവട്ടങ്ങളെയും ചുറ്റിപ്പറ്റിയാണ്‌ പട്ടണം ഉദ്‌ഖനനം നടത്തിട്ടുള്ളത്‌. അതുവഴി കണ്ടെത്തിയത്‌ കേരളത്തിന്റെ പെരുമ ഉയര്‍ത്തുന്ന സത്യങ്ങള്‍ തന്നെയാണ്‌. റോമിന്റേയും പടിഞ്ഞാറന്‍ ഏഷ്യയുടെയും അതി പ്രാചീന മുദ്രകള്‍ നമ്മള്‍ ഇവിടെ കണ്ടെത്തി. അതൊക്കെ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ അഭിമാനകരമാണ്‌. അതു കണ്ടെത്തുന്നതിലുള്ള ആ ആഹ്ലാദവും അതി വിശിഷ്‌ടമാണ്‌. അത്തരം വിശിഷ്‌ടാനുഭവങ്ങള്‍ക്ക്‌ വഴി തുറന്നതിന്‌ നമ്മുടെ പുരാവസ്‌തു ഗവേഷകരോടു നന്ദി പറയാം.


ഭൂതകാലം വിഴുപ്പുഭാണ്‌ഡമാണെന്നു പുച്ഛിക്കുന്നവരുണ്ടാകാം. അവര്‍ക്ക്‌ അതിനുള്ള സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ, ആ ഭൂതകാലകളുമായി തട്ടിച്ചു നോക്കുന്നത്‌ ഉചിതമല്ലേ ? ഇടശ്ശേരി എഴുതിയിട്ടുണ്ട്‌;
"എന്തുനേടി ? അറിയില്ലെന്നിളം തലമുറ, പക്ഷേ 
എന്തു നഷ്‌ടപ്പെടാനുണ്ടെന്നറിഞ്ഞേ പറ്റൂ ". 
എന്ന്‌ നേടിയതിനെക്കുറിച്ചൊക്കെ നമ്മളറിയണം. ഒപ്പം, നഷ്‌ടപ്പെട്ടതിനെക്കുറിച്ച്‌, മണ്ണിലടങ്ങിയതിനെക്കുറിച്ച്‌ നമ്മള്‍ ബോധമാര്‍ജ്ജിച്ചിരിക്കണം. ഭൂതകാലമില്ലാത്ത ഒരു സമൂഹമ മണല്‍പ്പരപ്പിലെ, ആധാരമില്ലാത്ത കുടിലുപോലെയാണ്‌. പക്ഷേ നമുക്കഭിമാനിക്കാം; നമ്മുടെ ആധാരം ശക്തമാണ്‌. പാറപ്പുറത്ത്‌ ഉറപ്പുള്ള വീടുപണിതവനെപ്പോലെ നമ്മള്‍ ഭൂതകാലത്തിനുമേല്‍ വര്‍ത്തമാനകാലത്തെ പണിതൊരുക്കുന്നു. ആ ആധാരത്തിന്‌ ഇത്തരം ഉദ്‌ഖനനങ്ങള്‍ കൂടുതല്‍ ഉറപ്പു നല്‌കുന്നു എങ്കില്‍ അതിനുവേണ്ടി ഉദ്യമിക്കുന്നവരെ നമ്മള്‍ എന്തിനു പ്രശംസിക്കാതിരിക്കണം ?

നന്ദി ; മണ്ണട്ടികളില്‍ മറഞ്ഞുപോയ കാലത്തെ മടക്കിയെടുക്കുന്ന ഏവര്‍ക്കും നന്ദി. അവരെ, പൈതൃകം വീണ്ടെടുത്തവരായി കാലം അനുസ്‌മരിക്കും എന്നു മാത്രം പറഞ്ഞു വെയ്‌ക്കട്ടെ.

1 comment:

  1. dear prasanth mithran,
    some of the excavation photos appear to be not connected with pattanam . can you provide the source book

    ReplyDelete